കൂത്തുപറമ്പ് സംഭവം ആശങ്കാജനകം - SKSSF

കണ്ണൂര്‍ : പ്രകോപനമോ വൈകാരിക പ്രശ്‌നങ്ങളോ ഇല്ലാത്ത  കൂത്തുപറമ്പില്‍ വ്യാപകമായി പള്ളികള്‍ ആക്രമിക്കപ്പെട്ട സംഭവം ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കൂത്തുപറമ്പ് പ്രദേശത്ത് മതസ്ഥാപനങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ ഉണ്ടായ സമയത്ത് നിയമപാലകര്‍ കാണിച്ച നിസ്സംഗതയാണ് പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. രണ്ടുദിവസം മുമ്പ് ശംസുല്‍ ഉലമ അക്കാദമിയുടെ പ്രചാരണ കവാടം തകര്‍ത്തതിന്റെ തൊട്ടുപിന്നാലെയാണ് നാലു പള്ളികള്‍ ആക്രമിക്കപ്പെട്ടത്. പ്രദേശത്ത് പള്ളി നിര്‍മാണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തവരെയടക്കം അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.

കൂത്തുപറമ്പില്‍ ആക്രമിക്കപ്പെട്ട പള്ളികള്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ അബ്ദുല്ല ദാരിമി കൊട്ടില, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, അബ്ദുലത്തീഫ് പന്നിയൂര്‍, അബൂബക്കര്‍ ഫൈസി, മുനീര്‍ ദാരിമി തോട്ടിക്കല്‍, സത്താര്‍ കൂടാളി, സലീം മാലിക് എന്നിവര്‍ സന്ദര്‍ശിച്ചു.
- ശജീര്‍ -