ദാറുല്‍ഹുദ വിദ്യാര്‍ഥി രചിച്ച ശിഹാബ് തങ്ങളെ കുറിച്ചുള്ള അറബ് ഗ്രന്ഥം പ്രകാശനം ചെയ്തു

അബുദാബി: ഭാരത സംസ്കൃതിക്ക് മാനവീകതയുടെ സ്നേഹമുഖം സമര്‍പ്പിച്ച മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആര്‍ദ്രസ്മരണ കൊണ്ട് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അങ്കണത്തില്‍ തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ വികാരാധീനരായി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ബിരുദാനന്തര വിദ്യാര്‍ത്ഥി എ.വി കുഞ്ഞിമുഹമ്മദ് രചിച്ച ശിഹാബ് തങ്ങളെ കുറിച്ചുള്ള അറബ് കൃതിയുടെ പ്രകാശനവേളയിലാണ് നനവൂറുന്ന ഹൃദ്യസ്മരണകള്‍ വീണ്ടും ഇരച്ചുവന്നത്. വേര്‍പാടിന്റെ വേദന വര്‍ധിപ്പിക്കുന്ന പ്രിയപ്പെട്ട തങ്ങളുടെ ഓര്‍മകളില്‍ സദസ്സ് ഒരു നിമിഷം മൂകമായി. ശിഹാബ് തങ്ങളുമായി നിറഞ്ഞ സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്ന യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യോപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷ്മി, തങ്ങളുടെ പ്രിയപുത്രന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. അപൂര്‍വമായ ചിത്രങ്ങളടങ്ങിയ 108 പേജുള്ള അറബ് കൃതി അബ്സാന്‍ പബ്ലിക്കേഷന്‍സാണ് പുറത്തിറക്കിയത്. "സയ്യിദ് മുഹമ്മദലി ശിഹാബ്: ശിഹാബുന്‍ യല്‍മഉ ഫീ മത്നിസ്സഹാബ്' എന്ന പേരിലുള്ള ഗ്രന്ഥത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദ് അലി ശിഹാബ് തങ്ങള്‍, ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്'വി,  സി.എച്ച് ബാഖവി എന്നിവരുടെ കുറിപ്പുകളുമുണ്ട്. തങ്ങളുടെ ആത്മമിത്രമായിരുന്ന അബ്ദുറഹീം അബ്ദുല്ല ഹുസൈന്‍ അല്‍ഖൂരിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഗ്രന്ഥം സഹൃദയ സമക്ഷത്തിലെത്തിയത്.