ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; മുംബൈ സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളോ ടനുബന്ധിച്ച്‌ മുംബൈ ഹാദിയ ചാപ്‌റ്റര്‍ സംഘടിപ്പിച്ച മുംബൈ സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി. വൈകീട്ടു 7 മണിക്ക്‌ മുംബൈയിലെ ഡോംഗ്രിയില്‍ നടന്ന സമ്മേളനത്തില്‍ മലയാളികളടക്കം നിരവധി പേര്‍ പങ്കെടുത്തു. 

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തുടനീളം മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സമുഛയങ്ങളും ആവശ്യമാണെന്നും സാമ്പത്തികമായി പിന്നോക്കാം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ വൈജ്ഞാനിക മുന്നേറ്റത്തിനായി സാമൂഹിക പ്രതിബദ്ധതയുള്ള പുതു തലമുറ രംഗത്ത്‌ വരണമെന്നും നദ്‌വി പറഞ്ഞു. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാര്‍ക്ക്‌ ഉന്നത പഠനങ്ങള്‍ സാധ്യമാക്കാന്‍ കൂട്ടായ്‌മകള്‍ തന്നെ രൂപപ്പെടുത്തണം. ഭരണപക്ഷങ്ങളുടെ അവഗണനയും തുല്യതയില്ലാത്ത പീഡനവും ഏറ്റു വാങ്ങുകയാണ്‌ ഇന്ത്യന്‍ മുസ്‌ലിംകളെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സി.എ. അബ്‌ദുല്‍ ഖാദിര്‍ ഹാജി അധ്യക്ഷത വഹിച്ചു. മൗലാനാ മഖ്‌ബൂല്‍ മിസ്‌ബാഹി മുഖ്യാതിഥിയായിരുന്നു. മൗലാനാ അസ്‌ഹര്‍ , മുംബൈ കേരള സുന്നി ജമാഅത്ത്‌ പ്രസിഡന്റ്‌ കെ.പി. ഉമ്മര്‍ ഹുദവി, പി.ബി.എസ്‌ തങ്ങള്‍ ബഗ്‌ദാദി, സി.എച്ച്‌ അബ്‌ദുറഹ്മാന്‍, പി.അബ്‌ദുല്ലത്വീഫ്‌ മൗലവി കൊടക്‌, എസ്‌.വൈ. എസ്‌ പ്രസിഡന്റ്‌ എ.എ.എം ബഷീര്‍ മൗലവി, സെക്രട്ടറി കെ.പി അബൂബക്കര്‍ മൗലവി, സി.എ ഉമര്‍, അമീന്‍ പട്ടേല്‍ എം.എല്‍.എ, അഖ്‌ലാഖ്‌ അന്‍സാരി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. മുംബൈ കേരള സുന്നി ജമാഅത്ത്‌ സെക്രട്ടറി കെ.എം അസീം മൗലവി സ്വാഗതവും കരിപ്പൂര്‍ മുഹമ്മദ്‌ കുട്ടി മൗലവി നന്ദിയും പറഞ്ഞു.

ഫെബ്രുവരി 7 നു ഡല്‍ഹിയില്‍ നടന്ന ദേശീയ തല ഉദ്‌ഘാടനത്തോടെയാണ്‌ മെട്രോ നഗരങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങള്‍ക്ക്‌ തുടക്കമായത്‌. മുംബൈ ഖുവ്വതുല്‍ ഇസ്‌ലാം അറബിക്‌ കോളേജിലെ വിദ്യാര്‍ഥികളുടെ വിവിധയിനം കലാപരിപാടികളും നടന്നു.