കുവൈത്ത് : സ്നേഹിക്കപ്പെടാനുള്ള വിശേഷണങ്ങള്‍ സന്പൂര്‍ണ്ണമായത് മുഹമ്മദ് നബി (സ) മാത്രമാണെന്നും വിശ്വാസം പൂര്‍ണ്ണമാകുന്നതും ഇഹപര വിജയം കൈവരിക്കാനും പ്രവാചകരെ അതിരറ്റ് സ്നേഹിക്കല്‍ അനിവാര്യമാണെന്നും പ്രമാണങ്ങള്‍ ഉദ്ധരിച്ച് സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ പ്രസ്താവിച്ചു. കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ മഹാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ബാസിയ്യ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടന്ന സമ്മേളനം പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ഇന്ത്യന്‍ അന്പാസിഡര്‍ അജയ് മല്‍ഹോത്ര കൗണ്‍സിലിന്‍റെ മൊമെന്‍റൊ ബശീറലി തങ്ങള്‍ക്ക് കൈമാറി.
സിദ്ധീഖ് വലിയകത്ത്, ശറഫുദ്ദീന്‍ കണ്ണേത്ത്, ഇല്‍യാസ് മൗലവി, സയ്യിദ് നിസാര്‍ തങ്ങള്‍, നസീര്‍ ഖാന്‍, അജ്‍മല്‍ ഖാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ശിഫാ അല്‍ ജസീറ എം.ഡി. റബീഉള്ളക്കുള്ള അല്‍ മര്‍ഹബ അക്സലന്‍സി അവാര്‍ഡ് കണ്‍ട്രി മാനേജര്‍ ഇബ്റാഹീം കുട്ടി സ്വീകരിച്ചു. ജുമുഅ നിസ്‍കാരാനന്തരം മൗലിദ് പാരായണത്തോടെ ആരംഭിച്ച പരിപാടി സര്‍ഗ്ഗസംഗമം, ക്വിസ് മത്സരം തുടങ്ങിയവക്ക് ശേഷം പൊതു സമ്മേളനത്തോടെ സമാപിച്ചു. കുഞ്ഞഹമ്മദ് കുട്ടി ഫൈസി സ്വാഗതവും ശംസുദ്ദീന്‍ മൗലവി നന്ദിയും പറഞ്ഞു.
- അബ്ദു കുന്നുംപുറം -