കുവൈത്ത് സിറ്റി : നന്മയും തിന്മയും വേര്‍തിരിച്ചറിയാനാവാതെ ധര്‍മാധര്‍മ്മങ്ങളെ നിര്‍വ്വചിക്കാനാവാതെ ഭൗതികഭ്രമവും പൈശാചിക വിചാരങ്ങളും തീര്‍ത്ത വലക്കണ്ണികളില്‍ ബന്ധനസ്ഥനാണ് നവ മാനുഷ്യന്‍. സദാചാരവും സംസ്‌കാരവും അന്യം നിന്നൊരു സാമൂഹികക്രമത്തെ വിമലീകരിച്ച് ജീവിത വ്യവഹാരങ്ങളില്‍ ധര്‍മ്മവിശുദ്ധിയുള്ള സംസ്‌കൃത സഞ്ചയമായി മാറ്റിയെടുത്ത പ്രാവാചക ദര്‍ശനങ്ങളില്‍ നിന്നും അകന്നത് തന്നെയാണ് മൂല്യ നിരാസത്തിന്റെ മുഖ്യ ഹേതുവെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എട്ടാമത് മുഹബ്ബത്തെ റസൂല്‍ സമാപന മഹാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനുഷികത്തിന് ധര്‍മ്മ ബോധനം നല്‍കേണ്ട ഇസ്‌ലാമിക വൃത്തത്തിന് മതകീയ ജാകരണം സാധ്യമാവാത്തതോടൊപ്പം മത വിരുദ്ധ സമാമ്രാജ്യത്വ കൂട്ടായ്‌മകള്‍ മുസ്‌ലിംകളെ അനര്‍ത്ഥങ്ങളുടെ അവകാശികളായി ചിത്രീകരിക്കുന്നത് ചെറുക്കാനാവാത്തതും നമ്മുടെ നവോത്ഥാന സങ്കല്‍പങ്ങളെ തളര്‍ത്തുന്നുമുണ്ട്. അതിനാല്‍ നഷ്ടപ്പെട്ട നമ്മുടെ മഹിത സംസ്‌കൃതിയും ധര്‍മ്മ പാരമ്പര്യവും വീണ്ടെടുക്കപ്പെടണമെങ്കില്‍ തിരുനബി ദര്‍ശനങ്ങളിലേക്ക് തിരിച്ചു പോക്ക് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി അഡ്വ: ജാബിര്‍ അല്‍ അന്‍സി സുവനീര്‍ പ്രകാശനവും മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊതു പരീക്ഷ അവാര്‍ഡ് ദാനവും നിര്‍വഹിച്ചു. ജാബിര്‍ അല്‍ അന്‍സിക്ക് ഇസ്‌ലാമിക് സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നല്‍കി. കെ.കെ.എം.സി.സി പ്രസിഡണ്ട് ഷറഫുദ്ധീന്‍ കണ്ണേത്ത്, കെ.കെ.എം.എ പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് തയ്യില്‍, പ്രമുഖ ഇസ്‌ലാമിക ചിന്തകന്‍ മുഹമ്മദ് അബ്‌റാര്‍ അല്‍ ഖാസിമി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. 'സദാചാരം,സംസ്‌കാരം; വീണ്ടെടുപ്പിന്റെ നബി ദര്‍ശനം' എന്ന സമ്മേളനപ്രമേയത്തില്‍ മഅ്‌മൂന്‍ ഹുദവി വണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പ് സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.
17ന് വൈകുന്നേരം ഫാമിലികള്‍ക്കായി സംഘടിപ്പിച്ച 'സന്തുഷ്ട കുടുംബം' സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ് കോടൂര്‍ അദ്ധ്യക്ഷത വഹിച്ചു, മഅ് മൂന്‍ ഹുദവി വിഷയം അവതരിപ്പിച്ചു സംസാരിച്ചു, ഇല്‍യാസ് മൗലവി സ്വാഗതവും റസാഖ് ദാരിമി നന്ദിയും പറഞ്ഞു.
18ന് രാവിലെ മദ്‌റസ വിദ്യാര്‍ത്ഥികളുടെ 'കുരുന്നു കൂട്ടം' രായിന്‍ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍ മന്‍സൂര്‍ ഇര്‍ഫാനി ഉദ്‌ഘാടനം ചെയ്‌തു, ഉസ്‌മാന്‍ ദാരിമി അടിവാരം വിഷയം അവതരിപ്പിച്ചു. പണ്ഡിതന്‍മാരും സാദാത്തുക്കളും ഉള്‍പ്പെടെ പ്രമുഖരുടെ നേതൃത്വത്തില്‍ ഉച്ചക്ക് 1 മണിക്ക് നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ നിരവധി ആളുകള്‍ സംബന്ധിച്ചു. വൈകുന്നേരം നടന്ന 'കര്‍മ്മ സാക്ഷി' പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മഅ്‌മൂന്‍ ഹുദവി സംഘടനാ ക്ലാസ്സ് നടത്തി.
രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടികള്‍ക്ക് ഇസ്‌ലാമിക് സെന്റര്‍ നേതാക്കളായ മുസ്ഥഫ ദാരിമി, നാസര്‍ മൗലവി, ഇ.എസ് അബ്ദുറഹിമാന്‍ ഹാജി, ഗഫൂര്‍ ഫൈസി പൊന്‍മള, രായിന്‍ കുട്ടി ഹാജി, അലിക്കുട്ടി ഹാജി, ഇഖ്‌ബാല്‍ മാവിലാടം, അബ്ദുല്‍ ലത്തീഫ് എടയൂര്‍, മൊയ്‌തീന്‍ ഷാ, ശറഫുദ്ധീന്‍, മൂസുരായിന്‍, ശൈഖ് ബാദുഷ, അബ്ദുല്‍ ശുക്കൂര്‍, ഗഫൂര്‍ കാപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- ഗഫൂര്‍ ഫൈസി പൊന്മള -