നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍ - നാളെ പ്രകാശനം ചെയ്യും

മലപ്പുറം : പ്രമുഖ ഈജിപ്‌ഷ്യന്‍ പണ്‌ഡിതനും ഗ്രന്ഥകാരനുമായ ശൈഖ്‌ മുഹമ്മദ്‌ ഖാലിദ്‌ സാബിത്‌ രചിച്ച്‌ കഴിഞ്ഞ മാസം കൈറോയില്‍ പുറത്തിറങ്ങിയ താരീഖുല്‍ ഇഹ്‌തിഫാല്‍ ബി മൗലിദിന്നബിയ്യി വമദാഹിറുഹു ഫില്‍ ആലം എന്ന പ്രൗഢ ഗ്രന്ഥത്തിന്റെ മലയാള പതിപ്പ്‌ നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍ നാളെ പ്രകാശനം ചെയ്യും. 

2011 ജനുവരിയില്‍ ഈജിപ്‌തിലെ ദാറുല്‍ മുഖത്ത്വം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ ഫെബ്രുവരിയാകുമ്പോഴേക്കും അറബിയില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടത്‌. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയാണ്‌ അസാസ്‌ ബുക്‌ സെല്‍ പുറത്തിറക്കുന്ന മുന്നൂറ്‌ പേജുള്ള ഈ കൃതിയുടെ എഡിറ്റര്‍. അറബിയിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ച നദ്‌വി തെളിച്ചം, സന്തുഷ്‌ട കുടുംബം എന്നീ മാസികകളുടെ എഡിറ്റര്‍ കൂടിയാണ്‌. 

കൈറോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശൈഖ്‌ മുഹമ്മദ്‌ ഖാലിദ്‌ പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട്‌ അഫ്‌റാഹുല്‍ മുസ്‌ലിമീന്‍ ബി മൗലിദി ഖാത്തമിന്നബിയ്യീന്‍, സ്വൂറത്തുല്‍ ഹബീബ്‌, മല്‍ഹമത്തുല്‍ ഹുബ്ബില്‍ ഖാലിദ്‌, മദാരിസുല്‍ ഹുബ്ബ്‌, അസ്വ്‌ഹാബു മുഹമ്മദ്‌ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. നൈലിന്റെ നാട്ടിലെ തലയെടുപ്പുള്ള ആത്മീയ നായകരുടെ ജീവചരിത്രം വിശദീകരിക്കുന്ന ഈജിപ്‌ഷ്യന്‍ നഭോ മണ്‌ഡലത്തിലെ പതിനൊന്നു താരകങ്ങള്‍ (അഹദ അശറ കൗകബന്‍ മിന്‍ സമാഇ മിസ്വ്‌ര്‍) എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികളില്‍ പെടുന്നു. 

ശനിയാഴ്‌ച വൈകീട്ട്‌ 4 മണിക്ക്‌ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പ്രകാശനം ചെയ്യും. എം.കെ രാഘവന്‍ എം.പി ചടങ്ങിന്റെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കും. കോഴിക്കോട്‌ ഖാളി സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിക്കും. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പുസ്‌തക പരിചയം നടത്തും.ചന്ദ്രിക എഡിറ്റര്‍ ടി.പി ചെറൂപ്പ, കെ. എം സി. ടി ഗ്രൂപ്പ്‌ സി.ഇ.ഒ. ഡോ. കെ.എം നവാസ്‌, എം.സി. മായീന്‍ ഹാജി, എന്നിവര്‍ പങ്കെടുക്കും.