തിരൂരങ്ങാടി : മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രഖ്യാപനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ബംഗാളിലെ പ്രമുഖ ശാസ്‌ത്രജ്ഞനും തായ്‌വാനിലെ അക്കാഡമിയ്യ സിനിക്ക റിസര്‍ച്ച് പ്രഫസറുമായ മുന്‍ഖിര്‍ ഹുസൈന്‍ പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി ഇന്ററാക്ഷന്‍ നടത്തുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ മുന്നേറ്റത്തിന് അഞ്ഞൂറു കോടിയുടെ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ബുദ്ധദേവ് പറഞ്ഞത്. ഇതിനകം 71000 മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനായി 49 കോടി ചെലവഴിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
മുസ്‌ലിം നവജാഗരണം സാധ്യമാക്കാന്‍ യുവാക്കള്‍ ഖുര്‍ആനിലൂടെ മുന്നേറണമെന്നും മുന്‍ഖിര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. ഖുര്‍ആനിലെ ശാസ്‌ത്രസത്യങ്ങളെ കണ്ടെത്തുന്നതിനും മുസ്‌ലിം പ്രതാപത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പുതുതലമുറ സന്നദ്ധമാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അര്‍ധസത്യങ്ങള്‍ മാത്രം വിളമ്പുന്ന ആധുനിക ശാസ്‌ത്രത്തിന്റെ നിലപാടുകളെ ഖുര്‍ആനുമായി കൂട്ടിക്കുഴക്കുന്നതിനു പകരം ഖുര്‍ആനിലൂടെ പുതിയ ശാസ്‌ത്ര വിപ്ലവത്തിന് നേതൃത്വം നല്‍കുകയാണ് മുസ്‌ലിം അക്കാദമിക ലോകം ചെയ്യേണ്ടത്. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്തെ പൂര്‍വ്വകാല ചരിത്രം അതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദാറുല്‍ ഹുദാ പ്രോ ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എസ്.എം ജിഫ്‌രി തങ്ങള്‍, ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.