മാറാട് പള്ളി തുറന്നുകൊടുക്കണം- സംരക്ഷണസമിതി

കോഴിക്കോട് : ആരാധനയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട് എട്ടു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന മാറാട് കൈതവളപ്പ് ഫാറൂഖ് പള്ളി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് മാറാട് പള്ളി മദ്രസ സംരക്ഷണ സമിതി ചെയര്‍മാന്‍ മുസ്തഫ മുണ്ടുപാറ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2003 മെയ് മാസത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതിനുശേഷം സപ്തംബറിലാണ് പള്ളിയില്‍ പോലീസ് ആരാധന നിഷേധിച്ചത്. സംഭവവുമായി നേരിട്ട് ബന്ധമുള്ള മാറാട് ജുമാഅത്ത് പള്ളിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കിയിട്ടാണെങ്കിലും ആരാധനയ്ക്ക് അനുമതി ഉണ്ട്. ഈ സാഹചര്യത്തില്‍ ഫാറൂഖ് പള്ളി തുറന്നുകിട്ടാന്‍ സംരക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. ആറിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ കണ്‍വെന്‍ഷന്‍ ചേരും. ഭാരവാഹികളായ പി.കെ. മുഹമ്മദ്, പി. മാമുക്കോയ ഹാജി, കൊട്ടേടത്ത് മൊയ്തിന്‍കോയ, കെ. ഹാരിസ്, സത്താര്‍ പന്തലൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.