എരംമഗലം മുഹമ്മദ് മുസ്‌ലിയാര്‍; ആ സൗമ്യഭാവം ഇനി ദീപ്തമായ ഓര്‍മ്മ

കഴിഞ്ഞ മിഅ്‌റാജ് ദിനത്തില്‍ വിട പറഞ്ഞ പ്രമുഖ പണ്ഡിതനും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ മുശാവറ മെമ്പറുമായിരുന്ന എരമംഗലം ടി.എം. അുഹമ്മദ് മുസ്‌ലിയാരുടെ ജനാസ സംസ്‌കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ എരമംഗലം ജുമാമസ്ജിദ് ഖവര്‍സ്ഥാനില്‍ നടന്നു. സമസ്ത വൈസ് പ്രസിഡണ്ട് എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. മരണവാര്‍ത്ത അറിഞ്ഞതു മുതല്‍ ഉസ്താദിന്റെ ശിഷ്യഗണങ്ങളടക്കം നൂറു കണക്കിനാളുകള്‍ എരമംഗലത്തെ വസതിയിലേക്ക് ഒഴുകിയെത്തി. സൗമ്യമായ പെരുമാറ്റവും പാണ്ഡിത്യത്തിന്റെ വിനയവും ഉള്‍ച്ചേര്‍ന്ന പെരുമാറ്റത്തിലൂടെ എല്ലാവരുടേയും സ്‌നേഹം സമ്പാദിച്ച ടി.എം. ഉസ്താദിനെക്കുറിച്ചുള്ള ഓര്‍മകളില്‍ ശിഷ്യന്‍മാരും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും വികാരഭരിതരായി. 

സംഘബോധം കെമുതലാക്കി സ്വന്തം നാട്ടിലെ ദാറുസ്സലാമത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് അടക്കം നിരവധി ദീനീ സംരംഭങ്ങള്‍ തുടങ്ങുന്നതിലും വളര്‍ത്തുന്നതിലും ഉസ്താദ് മുന്നില്‍ നിന്നു. മസ്‌കറ്റിനെ മലയാളി മുസ്‌ലികള്‍ക്കിടയില്‍ ആദ്യകാലത്ത് ദീനീപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച അന്‍സാറുല്‍ മുസലിമീന്‍ സംഘത്തിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖനാണ്. പത്തു വര്‍ഷത്തെ ഒമാനിലെ പ്രവാസജീവിതത്തതിനു ശേഷം നാട്ടിലെത്തിയ ഉസ്താദ് അക്കാലത്ത് കേരളത്തിലെ വലിയ ദര്‍സുകളിലൊന്നായ പട്ടിക്കാടിനടുത്തുള്ള മണ്ണാര്‍മലയിലാണ് ജോലി ഏറ്റെടുത്തത് എന്നത് അദ്ദേഹത്തിന്റെ അറിവിന്റെ ആഴം വ്യക്തമാക്കിത്തരുന്നു. വെന്‍മേനാട്, കക്കൂത്ത്, എടക്കഴിയൂര്‍ ഖാദിരിയ്യ, കൊച്ചന്നൂര്‍, എടപ്പാള്‍, ദേശമംഗലം എന്നിവിടങ്ങളിലെ സേവനങ്ങള്‍ക്കു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ അധ്യാപകനായി എത്തുകയും ശാരീരിക അസ്വസ്ഥതകള്‍ തടസ്സമാകും വരെ ജാമിഅയില്‍ സേവനം തുടരുകയും ചെയ്തു. പരപ്പനങ്ങാടി പനയത്തെപ്പള്ളിയില്‍ ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ ദര്‍സ് നടത്തുന്ന കാലത്തു തന്നെ ടി.എം. ഉസ്താദ് അവിടെ വിദ്യാര്‍ത്ഥിയായി ചേരുകയും ആ ഗുരുശിഷ്യ ബന്ധം ജാമിഅയില്‍ നിന്ന് ബിരുദമെടുക്കുന്നതു വരെ നീണ്ടു. തൃശൂര്‍ ജില്ലയിയെ മുതുവമ്മല്‍ ജുമാമസ്ജിദില്‍ മുപ്പത്തഞ്ച് വര്‍ഷം മുദരിസായിരുന്ന തന്റെ ഭാര്യാപിതാവ് കൂടിയായ താജുല്‍ വാസ്വിലീന്‍ ശൈഖ് കമാലുദ്ദീന്‍ എന്ന സൂഫീ വര്യനില്‍ നിന്നാണ് ടി.എം. ഉസ്താദ് ആത്മീയവഴി സ്വീകരിച്ചത്. ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് എ.വി. അബൂബക്കര്‍ ഖാസിമി, അബ്ദുറസാഖ് മസ്താന്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ഹംസ ഫൈസി നാട്ടുകല്‍ തുടങ്ങിയവര്‍ പ്രധാനശിഷ്യന്‍മാരാണ്. എരമംലത്ത് സമസ്തയുടെ കീഴില്‍ ദാറുസ്സലാമത്ത് എന്ന സ്ഥാപനം തുടങ്ങുന്നതില്‍ ടി.എം. ഉസ്താദ് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് നടത്തിയത്. മരണം വരെ സ്ഥാപനത്തിന്‌ഞെ ജനറല്‍ സെക്രട്ടറിയായിരുന്നു. ചെറിയവരോടും വനിയവരോടും വാല്‍സല്യത്തോടെ പെരുമാറിയ ടി.എം. ഉസ്താദിന്റെ വിയോഗത്തോടെ എല്ലാവരുടേയും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ആ സൗമ്യഭാവമാണ് ഓര്‍മയാകുന്നത്.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, സമസ്ത കേന്ദ്രമുശാവറ മെമ്പര്‍ എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, സമസ്ത ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞാണി മുസ്‌ലിയാര്‍, പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, എം.വി. ശ്രീധരന്‍ മാസ്റ്റര്‍, അശ്‌റഫ് കോക്കൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, പൊന്നാനി മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങള്‍, ഹാജി കെ. മമ്മദ് ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, അബു ഹാജി രാമനാട്ടുകര, പുത്തനഴി മൊയ്തീന്‍ ഫൈസി, ലത്തീഫ് ഫൈസി പാതിരമണ്ണ, പുറങ്ങ് അബ്ദുല്ല മുസ്ലിയാര്‍, പി.വി. മുഹമ്മദ് മൗലവി, യി. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, റഫീഖ് ഫൈസി തെങ്ങില്‍ തുടങ്ങിയവര്‍ വസതിയിലെത്തി. സമസ്ത പൊന്നാനി താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ടി.എം. ഉസ്താദ് അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം 20 ന് ബുധനാഴ്ച നാലു മണിക്ക് എരമംഗലം ജുമാമസ്ജിദില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- abdul razaq ck razaq puthuponnani