കേരളാ തസ്‌കിയത്ത് കോണ്‍ഫറന്‍സ് ആത്മവിചിന്തനത്തിന്റെ ദിനരാത്രങ്ങള്‍

'ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന വാക്കുകള്‍ക്ക് സ്വാധീനശക്തിയുണ്ട്, അതിന് ചിറകില്ലെങ്കിലും പറക്കാനുള്ള ശേഷിയുണ്ട്' എന്നു പറഞ്ഞത് വിഖ്യാതനായ കവി അല്ലാമാ ഇഖ്ബാലാണ്. ഹൃദയം തൊടുന്ന ഉപദേശങ്ങള്‍ കേള്‍ക്കാനും മാതൃകാരീതികളെ ജീവിതത്തോട് ചേര്‍ത്തുവെക്കാനുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചെറുപ്പക്കാരടക്കം ആയിരത്തോളം പേര്‍ തിരൂരില്‍ നടന്ന കേരളാ തസ്‌കിയത്ത് കോണ്‍ഫറന്‍സില്‍ ഒരുമിച്ചുകൂടിയപ്പോള്‍ സമൂഹത്തിനത് സുകൃതങ്ങളുടെ സന്ദേശമായി. മെയ് 8, 9, 10 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ എസ്. കെ. എസ്. എസ്. എഫ്. ദഅ്‌വാവിഭാഗമായ ഇബാദ് സംഘടിപ്പിച്ച കോണ്‍ഫറന്‍സ് വേറിട്ട അനുഭവമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) രചിച്ച പ്രവാചക പ്രകീര്‍ത്തനകാവ്യം മന്‍ഖൂസ് മൗലിദിന്റെ ആലാപനത്തോടെ പരിപാടിക്ക് തുടക്കമായി. കോണ്‍ഫറന്‍സിന്റെ രൂപവും പ്രസക്തിയും ഉള്‍പെടുത്തി ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്ല റഹ്മാനി കാസര്‍കോട് വചനപ്പൊരുള്‍ അനവതരിപ്പിച്ചു. ഓരോ നിസ്‌കാരത്തിനു ശേഷവും പ്രത്യേകം ഖിറാഅത്ത് നിശ്ചയിക്കപ്പെട്ടിരുന്നു. പ്രതിനിധികള്‍ സദാസമയവും വുളൂഇലായിരുന്നു. വാങ്ക് വിളിച്ച ഉടനെ നിസ്‌കാരത്തിന് എല്ലാവരും നിസ്‌കാരത്തിനു തയ്യാറാവുന്നു. വെള്ളിയാഴ്ച രാത്രി സദസ്സ് ഏലംകുളം ബാപ്പു മുസ്‌ലിയാരുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ത്തു. പിന്നെ സ്വലാത്തിന്റെ മെഡിറ്റേഷന്‍. വിശുദ്ധ റസൂല്‍ (സ്വ)യുടെ നായകത്വം ലോകത്തിനു മുഴുവന്‍ ലഭിക്കുന്നതിന്റെ വിവരണങ്ങളിലൂടെ സ്വലാത്ത് മനസിന്റെ മന്ത്രമാകുന്നതെങ്ങനെയെന്ന് ഡോ. അബ്ദുലത്വീഫ് കോഴിക്കോട് പരിശീലിപ്പിച്ചു. 

ശനിയാഴ്ച തഹജ്ജുദിനു ശേഷം പാപമാചന പ്രാര്‍ത്ഥന. സുബ്ഹിനു ശേഷം സ്‌നേഹപ്രപഞ്ചം സെഷനില്‍ മദ്ഹുന്നബിയിലൂടെ അബ്ദുല്‍ ജലീല്‍ റഹ്മാനിയുടെ വചനസഞ്ചാരം. പിന്നെ മജ്‌ലിസുന്നൂര്‍, ആത്മികം, തദ്കിറ, മനാഖിബുശ്ശാഫിഈ എന്നീ സെഷനുകളില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവരുടെ സാന്നിധ്യവും സാരോപദേശങ്ങളും ഹൃദ്യമായി. സമര്‍പണത്തിന്റെ പ്രതീകങ്ങളായ ബദര്‍ ശുഹദാക്കളും ബുദ്ധിയുടെ അത്ഭുതമായ ശാഫിഈ ഇമാമും മനസ്സില്‍ നിറഞ്ഞ സംസാരങ്ങള്‍. ഉച്ചക്കു ശേഷം ദിക്‌റിന്റെ അന്തസാരങ്ങളിലേക്ക് സമസ്ത മുശാവറ അംഗം എ. മരക്കാര്‍ ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, , ഹൈദര്‍ ഫൈസി പനങ്ങാങ്ങര സദസ്സിനെ ക്ഷണിച്ചു. സി. മമ്മുട്ടി എം. എല്‍. എ. ആശീര്‍വാദവുമായെത്തി. അസ്വര്‍ നിസ്‌കാര ശേഷം പൈശാചികതക്കെതിരെ പ്രതിരോധത്തിന്റെ ബോധം നല്‍കുന്ന വിഷയാതവരണവുമായി ഇബാദ് ഡയറക്ടര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ അരങ്ങില്‍ നിറഞ്ഞു. സെഷനുകള്‍ക്കിടയില്‍ വിവിധ പ്രകീര്‍ത്തന കാവ്യങ്ങള്‍ ആലപിക്കപ്പെട്ടു. സദസ്സ് അതെല്ലാം ഏറ്റു ചൊല്ലി. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍ശിയ തവക്കുല്‍ എന്ന സെഷന്‍ ശനിയാഴ്ച രാത്രി ലഭിച്ച സമ്മാനമായിരുന്നു. ലളിതമായ ശൈലിയില്‍ അഷ്ടാഹുവില്‍ 'രമേല്‍പിക്കലിന്റെ നാനാര്‍ത്ഥങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. 

എം. പി. മുസ്തഫല്‍ ഫൈസിയുടെ വിഷയാവതരണത്തോടെയാണ് സമാപന ദിവസത്തെ സെഷനുകള്‍ തുടങ്ങിയത്. പ്രാതലിനു ശേഷം ദഅ്‌വത്ത്, വൈദ്യം, ആദര്‍ശം എന്നീ വിഷയങ്ങളില്‍ നോളജ് കോര്‍ണറുകള്‍ രൂപപ്പെട്ടു. സമാപനസംഗമത്തിലേക്ക് സന്തോഷമായി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ എത്തി. എസ്. കെ. എസ്. എസ്. എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ഡോ. ജാബിര്‍ ഹുദവി എന്നിവരുടെ നിര്‍ദേശങ്ങള്‍. സി. എച്ച്. ത്വയ്യിബ് ഫൈസിയുടെ സമാപന സന്ദേശം ഈറനണിഞ്ഞ കണ്ണുകളോടെയാണ് സദസ്സ് കേട്ടത്. സയ്യിദ് നിയാസലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറഞ്ഞ് പ്രതിനിധികള്‍ എഴുന്നേറ്റ് മുസ്വാഫഹത്ത് ചെയ്ത് പിരിയുമ്പോള്‍ കുറവുകള്‍ പരിഹരിച്ച് കര്‍മ നിരതമായ കെ. കെ. എസ്. തങ്ങളുടേയും പി. എം. റഫീഖ് അഹ്മദിന്റെയും നേതൃത്വത്തിലുള്ള പ്രാദേശിക സ്വാഗതസംഘത്തിനും ചാരിതാര്‍ത്ഥ്യം. ഇബാദ് ഭാരവാഹികള്‍, എസ്. കെ. എസ്. എസ്. എഫ്. നേതാക്കള്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി. 
- അബ്ദുറസാഖ് പൊന്നാനി / abdul razaq ck razaq puthuponnani