കോഴിക്കോട്: എസ് കെ എസ് എസ് എഫ് ഇബാദ് സംഘടിപ്പിക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് ഇന്ന് തിരൂരില്‍ തുടക്കമാകും. തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളിനടുത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വൈകുന്നേരം അഞ്ചിന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച മന്‍ഖൂസ് മൗലിദോടെ ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 പ്രതിനിധികള്‍ പങ്കെടുക്കും. ആത്മസംസ്‌കരണം, വിശ്വാസ ശാക്തീകരണം, സ്രഷ്ടാവിലേക്ക്, സ്‌നേഹപ്രപഞ്ചം, മനാഖിബുശ്ശാഫിഈ, സുല്‍ത്വാനുല്‍ ഹിന്ദിന്റെ അമരസ്മരണകള്‍, തന്‍ബീഹ്, മുറാഖബ, മജ്‌ലിസുന്നൂര്‍ തുടങ്ങിയ സെഷനുകള്‍ക്ക് അംഗീകൃത വിശ്വാസ സരണികള്‍ക്ക് നേതൃത്വം നല്‍കുന്ന സാദാത്തീങ്ങളും സൂഫീ വര്യന്‍മാരും നേതൃത്വം നല്‍കും. നോളജ് കോര്‍ണര്‍, മുസ്വാഫഹ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കും. ഞായറാഴ്ച ഉച്ചക്ക് സമാപിക്കും. തിരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ കെ.കെ.എസ്. തങ്ങള്‍, പി.എം. റഫീഖ് അഹ്മദ്, സി.പി. അബൂബക്കര്‍ ഫൈസി, കെ.പി.അബൂബക്കര്‍ ഫൈസി, എം.പി.നുഅ്മാന്‍ അറിയിച്ചു.
- abdul razaq ck razaq puthuponnani