കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സിന് തിരൂരില്‍ തുടക്കം
കോഴിക്കോട്: വ്യക്തിവിശുദ്ധിയാണ് സമൂഹപുരോഗതിയുടെ അടിസ്ഥാനമെന്നും അതിനായി ആത്മസംസ്‌കരണത്തിലൂന്നിയ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ സംഘടനകള്‍ മുന്നോട്ടുവരണമെന്നും പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ് കെ എസ് എസ് എഫ് ഇബാദ് സംഘടിപ്പിക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് തിരൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. കേവലവിദ്യ കൊണ്ട് സാംസ്‌കാരിക അപചയത്തെ തടയാനാവില്ല. ആത്മജ്ഞാനമാണ് മനുഷ്യനെ നന്‍മയിലേക്ക് നയിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാളിനടുത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വൈകുന്നേരം മൗലിദ് പാരായണത്തോടെ ആരംഭിച്ച കോണ്‍ഫറന്‍സില്‍ വചനപ്പൊരുള്‍, സ്രഷ്ടാവിലേക്ക്, തന്‍ബീഹ്, മുറാഖബ സെഷനുകളില്‍ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, ഡോ. അബ്ദുലത്തീഫ് കോഴിക്കോട്, അബ്ദുല്ല റഹ്മാനി കാസര്‍കോട്, ഡോ. സാലിം ഫൈസി കൊളത്തൂര്‍ ക്ലാസെടുത്തു. സയ്യിദ് ഉമറലി തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍ പുല്ലൂര്‍, പി.എം. റഫീഖ് അഹ്മദ്, വി.കെ.എച്ച്. റശീദ് മാസ്റ്റര്‍, ശഹീര്‍ അന്‍വരി, സി.പി. അബൂബക്കര്‍ ഫൈസി, കെ.പി.റസാഖ് ഫൈസി, എം.പി.നുഅ്മാന്‍, എ.പി. മഅ്‌റൂഫ് ദാരിമി, കെ.എം. ശരീഫ്, ഹസന്‍ ദാരിമി കണ്ണൂര്‍, സി.കെ.എ.റസാഖ്, അബൂബക്കര്‍ പാലോളി പ്രസംഗിച്ചു. ഇന്ന് കാലത്ത് സ്‌നേഹപ്രപഞ്ചം സെഷനോടെ ആരംഭിക്കുന്ന ക്യാമ്പില്‍ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്‍മാരും അതിഥികളായെത്തും. നാളെ ഉച്ചക്ക് സമാപിക്കും.
- ibadkerala