സമസ്ത ഫണ്ട് സമാഹരണം; കാന്തപുരം വിഭാഗത്തിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആഹ്വാനം ചെയ്ത ഫണ്ട് സമാഹരണ പരിപാടി നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കാന്തപുരം സുന്നി വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജി തള്ളി. തൃശൂര്‍ ജില്ലയിലെ കാന്തപുരം സുന്നി വിഭാഗത്തിന്റെ തിരുവത്ര ജുമുഅത്ത് പള്ളിക്കമ്മിറ്റി രക്ഷാധികാരി എന്നപേരില്‍ നടത്തി കുഞ്ഞുമുഹമ്മദ് സമര്‍പ്പിച്ച ഹരജിയാണ് നിലനില്‍ക്കത്തക്കതല്ലെന്ന കാരണത്താല്‍ കോടതി തള്ളിയത്. ഹരജിക്കാരന്‍ കാന്തപുരം സുന്നി വിഭാഗത്തിന്റെ പ്രാദേശിക നേതാവാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രബോധന പ്രവര്‍ത്തനത്തിനുവേണ്ടി മുസ്‌ലിം വീടുകളില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. കൂടാതെ മുസ്‌ലിം സമുദായത്തിലെ ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, തബ്‌ലീഗ്, ഹനഫി, അഹമ്മദിയ്യ, സുന്നി തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്‌റസകളില്‍ ഫണ്ട് പിരിവുകൊണ്ട് കുട്ടികള്‍ക്കിടയില്‍ സൗഹൃദം തകരുമെന്നും ആരോപിക്കുന്നു.

കേരള വഖഫ് ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിക്കൊണ്ട് നല്‍കിയ ഹരജി പ്രഥമവാദത്തില്‍ തന്നെ തള്ളുകയായിരുന്നു. ഇതിനെതുടര്‍ന്ന് കേസ് നിരുപാധികം കാന്തപുരം വിഭാഗം പിന്‍വലിച്ചു.

ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ആണ് ഹരജിയില്‍ വിധി പറഞ്ഞത്.