നാലാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫ്രന്‍സ്; ഡോ. ബഹാഉദ്ദീന്‍ നദ്‌വി പ്രബന്ധമവതരിപ്പിക്കും

തിരൂരങ്ങാടി: ലബ്‌നാനിലെ ബൈറൂത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അറബിക് ലാങ്‌ഗ്വെയ്ജിന്റെ നാലാമത് രാജ്യാന്തര കോണ്‍ഫ്രന്‍സില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രബന്ധമവതരിപ്പിക്കും.
യുനെസ്‌കോ (പാരീസ്), ഫെഡറേഷന്‍ ഓഫ് ദ അറബ് യൂനിവേഴ്‌സിറ്റീസ് (അമ്മാന്‍), ഇസിസ്‌കോ (റബാത്ത്), എജ്യുക്കേഷന്‍ കൗണ്‍സില്‍ ഫോര്‍ ദ ഗള്‍ഫ് പെനിന്‍സുല (റിയാദ്) തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കോണ്‍ഫ്രന്‍സില്‍ ഏഴുപത്തിയാറു രാഷ്ട്രങ്ങളില്‍ നിന്നായി ആയിരത്തി മുന്നൂറോളം പ്രതിനിധികള്‍ സംബന്ധിക്കും.
'അറബി ഭാഷ നേരിടുന്ന വെല്ലുവിളികള്‍' സെഷനില്‍ കേരളത്തിലെ അറബി ഭാഷാ പഠനം എന്ന വിഷയത്തില്‍ ഡോ ബഹാഉദ്ദീന്‍ നദ്‌വി പ്രബന്ധമവതരിപ്പിക്കും. അറബി ഭാഷയുടെ വളര്‍ച്ചയില്‍ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളുടെ പങ്ക്  എന്ന സെഷനില്‍ നദ്‌വി അധ്യക്ഷത വഹിക്കും. അഗോളതലത്തില്‍ അറബിഭാഷയുടെ പ്രചരണവും പുരോഗതിയും പ്രയോഗവത്കരണവും ചര്‍ച്ചചെയ്യുന്ന  കോണ്‍ഫ്രന്‍സില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മന്ത്രിമാരും സാഹിത്യകാരന്മാരും യൂനിവേഴ്‌സിറ്റി വി.സിമാരും വിവിധ അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും സംബന്ധിക്കും. 10 ന് കോണ്‍ഫ്രന്‍സ് സമാപിക്കും.
- Darul Huda Islamic University