തിരൂരങ്ങാടി: ഭൗതികതയും അധാര്‍മികതയും പ്രസരിച്ച സാമൂഹികാന്തരീക്ഷത്തില്‍ വിശ്വാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രതിസന്ധി ആത്മീയ വരള്‍ച്ചയാണെന്നും വിശ്വാസ ദൗര്‍ബല്യത്തിലകപ്പെട്ട പുതിയ കാലത്ത് ലോകത്തെ ഭീതിയിലാഴ്ത്തുന്ന മുഴുവന്‍ പ്രകൃതിദുരന്തങ്ങളെയും വിശ്വാസികള്‍ കരുതിയിരിക്കണമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി കാമ്പസില്‍ സംഘടിപ്പിച്ച മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൗദ്ധിക വികാസം വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയെ തകര്‍ക്കുന്ന തരത്തിലാവരുത്. ആഡംബരഭ്രമവും ഭൗതിക താത്പര്യവും വെടിഞ്ഞ് ആത്മീയതയിലൂന്നിയ ജീവിതം നയിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. നൂറുകണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്ന് നേപ്പാളിലും ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലുമുണ്ടായ ഭൂകമ്പങ്ങളെ നാം കരുതിയിരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സിറിയയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് അമ്മാര്‍ ബിന്‍ സഅദുദ്ദീന്‍ മുറാദ് മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ദിക്‌റ് ദുആക്ക് നേതൃത്വം നല്‍കി. വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണത്തിനും സ്വാലത്ത് മജ്‌ലിസിനും സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കി. ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ മിഅ്‌റാജ് പ്രഭാഷണം നടത്തി.
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ബാപ്പു തങ്ങള്‍ കുന്നുപുറം, കാളാവ് സൈദലവി മുസ്‌ലിയാര്‍, പൂക്കോയ തങ്ങള്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, സൈദാലി ഫൈസി കോറാട്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഹാജി കെ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചേലമ്പ്ര, കെ.ടി ജലീല്‍ ഫൈസി വെളിമുക്ക്, യു.ശാഫി ഹാജി ചെമ്മാട്, സി.കെ മൊയ്തീന്‍ കുട്ടി ഫൈസി തലപ്പാറ, പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
photo : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി കാമ്പസില്‍ നടന്ന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- Darul Huda Islamic University