അന്താരാഷ്ട്ര സ്ത്രീശാക്തീകരണ സമ്മേളനം; ഡോ. ബഹാഉദ്ദീന്‍ നദ്‌വി അഫ്ഗാനിലേക്ക്

തിരൂരങ്ങാടി: കാബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര സ്ത്രീശാക്തീകരണ സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്താന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംപവര്‍മെന്റ് സെന്റര്‍ ഫോര്‍ വിമിന്‍ (ഇ.സി.ഡബ്ല്യു) സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ. നദ്‌വി പങ്കെടുക്കുന്നത്.

'സ്ത്രീയുടെ അവകാശങ്ങള്‍ ഇസ്‌ലാമിക വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ ജൂണ്‍ ഒന്ന്, രണ്ട് തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തില്‍ തുര്‍ക്കി, ഈജിപ്ത്, മലേഷ്യ,  ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, താജികിസ്ഥാന്‍, ഇറാന്‍ തുടങ്ങി  വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിത പ്രമുഖര്‍ പ്രബന്ധാവതരണം നടത്തും. സ്ത്രീ വിദ്യാഭ്യാസം, സ്ത്രീകളും വിധിന്യായങ്ങളും, സ്ത്രീകളും വ്യവസായങ്ങളും, ഇസ്‌ലാമിക ലോകത്തെ സ്ത്രീ സംരക്ഷണം എന്നീ വിഷയങ്ങള്‍ സമ്മേളനം പ്രത്യേകം ചര്‍ച്ച ചെയ്യും. 

തിങ്കളാഴ്ച കാലത്ത് നടക്കുന്ന സെഷനില്‍ സ്ത്രീശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്ന വിഷയത്തിലാണ് ഡോ. നദ്‌വി പ്രബന്ധമവതരിപ്പിക്കുക. മുസ്‌ലിം സ്ത്രീവിദ്യാഭ്യാസരംഗത്തെ ഇന്ത്യന്‍ രീതിശാസ്ത്രവും, സ്ത്രീകളുടെ സമന്വയ വിദ്യാഭ്യാസത്തിന് ദാറുല്‍ ഹുദാ ഇസ്‌ലാമിക സര്‍വകലാശാല ആവിഷ്‌കരിക്കുന്ന പദ്ധതികളും ഡോ. നദ്‌വി അവതരിപ്പിക്കും.

അഫ്ഗാനിലെ പര്യടനത്തിനു ശേഷം കുവൈത്തിലേക്ക് തിരിക്കുന്ന നദ്‌വി കുവൈത്തിലെ വിവിധ ചടങ്ങുകളിലും സംബന്ധിക്കുന്നുണ്ട്. ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും വിവിധ സെക്ഷനുകളിലെ അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും വൈസ്ചാന്‍സലര്‍ക്ക് യാത്രയയപ്പ് നല്‍കി.
- Darul Huda Islamic University