അതിരുവിട്ട എക്‌സിബിനിസം ആഭാസമാണ്

മതം വിശുദ്ധിയും ലാളിത്യവുമാണ് പ്രബോധനം ചെയ്യുന്നത്. മനുഷ്യ നന്‍മയാണതിന്റെ ലക്ഷ്യം. ആഢംബരവും പൊങ്ങച്ചപ്രകടനങ്ങളും അതിന്റെ പരിധിക്കു പുറത്താണ്. അമിതവ്യയം ചെയ്യുന്നവര്‍ പിശാചിന്റെ സഹോദരങ്ങളാണെന്നും പൊങ്ങച്ചത്തിന്റെ വക്താക്കള്‍ നശിച്ചിരിക്കുന്നുവെന്നുമാണ് വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനം. മതപരമായ പരിപാടികള്‍ ഏറെ നടക്കുന്ന നാടാണ് നമ്മുടേത്. പ്രഭാഷണവേദികളും വിവിധ സമ്മേളനങ്ങളുമൊക്കെ നാട്ടിലെ ധാര്‍മികബോധനരംഗം സജീവമാണെന്നതിന്റെ സാക്ഷ്യങ്ങളാണ്. കര്‍മനിരതമായ മതമേഖല കേരള മുസ്‌ലിമിന്റെ സുകൃതമാണ്. ഇത്രത്തോളമിത് പുഷ്‌കലമായതിനു കാരണം പൂര്‍വസൂരികളുടെ ത്യാഗവും അത്മാര്‍ത്ഥതയും വിശ്രമമില്ലാത്ത സേവനവുമാണെന്നതില്‍ തര്‍ക്കമില്ല. അവര്‍ നാടിന്റെ മുക്കുമൂലകളില്‍ നടന്നു ചെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. പരിപാടികള്‍ക്കു ശേഷം അവിടെത്തന്നെ അന്തിയുറങ്ങി. കൂരിരുട്ടില്‍ തെരുവു നായ്ക്കളുടെ ശല്യവും കല്ലും മുള്ളും അതിജീവിച്ച് അവര്‍ ലക്ഷ്യത്തിലേക്ക് സഞ്ചാരം തുടര്‍ന്നു. പ്രഭാഷണങ്ങള്‍ ബഹളമയമില്ലാതെ പാഠശാലകളുടെ ദൗത്യം നിര്‍വഹിച്ചു. സമര്‍പണത്തിന്റെ ഉല്‍പന്നങ്ങളായി മസ്ജിദുകളും മതകലാലയങ്ങളും ഉയര്‍ന്നു വന്നു.

ഇന്ന് മതത്തിന്റെ പേരില്‍ പലതും നടക്കുന്ന കാലം. പ്രചാരണത്തിന്റെ പരില്‍ അതിരുവിട്ട പ്രകടനങ്ങള്‍ പലയിടത്തും നടക്കുന്നു. വര്‍ണാഭമായ ഫോട്ടോകളുമായി ബോര്‍ഡുകളിലും കവാടങ്ങളിലും പോസ്റ്ററുകളിലും നിറയുന്ന നേതാക്കളും പ്രഭാഷകരും തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ പ്രചാരണങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. പറയുന്ന മതവും കാണുന്ന മതവും തമ്മില്‍ യാതൊരു ബന്ധവുമില്ല. സമൂഹം ഏറെ ആദരിക്കുന്നവരുടെ ഫോട്ടോകള്‍ വഹിച്ച ബോര്‍ഡുകള്‍ ചെളി പുരണ്ട് നശിച്ച് അനാദരവിന്റെ ചിത്രങ്ങളായി പരിണമിക്കുന്നു. വ്യക്തികള്‍ മാത്രമല്ല മതചിഹ്നങ്ങളും വചനങ്ങളുമൊക്കെ ഇത്തരത്തില്‍ നിസാരപ്പെടുത്തപ്പെടുന്നുണ്ട്. മതവേദികള്‍ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യബോധത്തിലേക്കാണ് സംഘാടകര്‍ കണ്ണു തുറക്കേണ്ടത്. സംഘാടനത്തിന്റെ മര്യാദകള്‍ തിരിച്ചു കൊണ്ടു വരാന്‍ അവര്‍ തയ്യാറായേ തീരൂ. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി അതിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിച്ച് മതരംഗം തരംതാണ ചര്‍ച്ചകള്‍ക്ക് വേദിയാകുന്നത് ശരിയല്ല. ആധുനികയുഗത്തിലെ സൗകര്യങ്ങളും സാങ്കേതികവിദ്യയുമൊക്കെ ഉപയോഗപ്പെടുത്തുക തന്നെ വേണം. എന്നാലത് അതിരു വിടുമ്പോള്‍ രൂപം കൊള്ളുന്നത് ധാര്‍മികമായ അരക്ഷിതാവസ്ഥയാണ്. മതവേദികള്‍ അമിതമായ എക്‌സിബിനിസത്തിന്റെ കൂത്തരങ്ങായി മാറുന്നത് വളര്‍ച്ചയെയല്ല ആത്മീയരോഗാവസ്ഥയെയാണ് അടയാളപ്പെടുത്തുന്നത്. 

മതം ഹൃദയത്തില്‍ പ്രകാശം പരത്തട്ടെ. പ്രബോധകരിലൂടെ അത് കൂടുതല്‍ വിശുദ്ധിയും ലാളിത്യവും പ്രകടിപ്പിക്കട്ടെ. തന്റെ തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിച്ചയാളുടെ ഭക്ഷണാവശിഷ്ടം എടുത്തു കഴിച്ച പണ്ഡിതനോട് സ്വന്തം മകന്‍ വിഷമം പ്രകടിപ്പിച്ചപ്പോള്‍ നിന്നെപ്പോലുള്ളവര്‍ മതം നടത്തുന്ന കാലമെത്തും മുമ്പ് മരണപ്പെട്ടു പോകുന്നതാണ് നല്ലതെന്നു പറഞ്ഞ വിശുദ്ധാത്മാക്കള്‍ നടന്നു പോയ മണ്ണാണിത്. ഇവിടെ, ഇന്നത്തെ കാലത്ത് തന്റെ വിവിധ പോസുകളിലുള്ള ഫോട്ടോകളിലേക്കു ചൂണ്ടി, ഇതൊന്നും വേണ്ട, നിങ്ങളുടെ മനസ്സുകളില്‍ സ്‌നേഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഇടം മാത്രമേ എനിക്കാവശ്യമുള്ളൂ എന്ന് പറയാന്‍ നേതാവും പ്രഭാഷകനും തയ്യാറാകുന്ന ദിവസത്തിനായി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മെയ് 8, 9, 10 തീയ്യതികളില്‍ തിരൂരില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഇബാദ് കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് അംഗീകരിച്ച പ്രമേയത്തിന്റെ പ്രചോദനവും അതു തന്നെയാണ്.
- അബ്ദുറസാഖ് പൊന്നാനി, വൈസ് ചെയര്‍മാന്‍, ഇബാദ് സംസ്ഥാന സമിതി 9567122298
- ibadkerala