സഹജീവി വിചാരം നമ്മുടെ ബാധ്യത: സാബിഖലി ശിഹാബ് തങ്ങള്‍

കളമശ്ശേരി: കാരുണ്യവും സ്‌നേഹവും നീതിയും ഒരു മനുഷ്യന്റെ ഉത്കൃഷ്ടയെ നിര്‍ണ്ണയിക്കുന്നുവെന്നും സമൂഹത്തിലെ സഹജീവികളെ കുറിച്ചുള്ള വിചാരം നമ്മുടെ ജീവിത ദൗത്യമായി ഏറ്റെടുക്കേണ്ടതുണ്ടെന്നും പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ കങ്ങരപ്പടി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വിചാരം 2015 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ ദുര്‍ബലരായ വിഭാഗത്തിന് ആശ്രയവും സഹായവും നല്‍കാന്‍ വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമാണെന്ന അധ്യാപനം പാലിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാവണമെന്നും ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍ നമുക്കതിന് ഊര്‍ജ്ജം നല്‍കുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ബഹുമുഖ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും സെന്ററിന് വേണ്ട പിന്തുണയും സഹായവും നല്‍കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.

സെന്റര്‍ പ്രസിഡന്റ് പി.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. നിര്‍ദ്ധന രോഗികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ടി.എ. അഹ്മദ് കബീര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പഠനോപകരണം നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. അബൂബക്കര്‍ വിതരണം ചെയ്തു. വിശിഷ്ട അതിഥികളായി മഹ്യദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് എം.എം. അബൂബക്കര്‍ ഫൈസി, സെന്റ് ജോര്‍ജ്ജ് യാക്കോബൈറ്റ് ചര്‍ച്ച് വികാരി ഫാ. സി.പി. വര്‍ഗീസ്, എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനുമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ്. കളമശ്ശേരി മേഖലാ പ്രസിഡന്‌റ് സൈനുദ്ദീന്‍ വാഫി, മുസ്ലിം ലീഗ് ശാഖ ജനറല്‍ സെക്രട്ടറി പി.പി.ശംസു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ഹാസിഫ് അബൂബക്കര്‍, മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് സെക്രട്ടറി പി.ബി. മജീദ്, സെന്റര്‍ രക്ഷാധികാരി പി.എം. ഹസ്സന്‍, ഇസ്ലാമിക് സെന്റര്‍ കണ്‍വീനര്‍ പി.പി. അസീസ്, റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. സദാനന്ദന്‍, എസ്.കെ.എസ്.എസ്.എഫ്. യൂണിറ്റ് പ്രസിഡന്റ് കെ.എച്ച്. നവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി പി.എച്ച്. അജാസ് സ്വാഗതവും ട്രഷറര്‍ പി.എം. നിസാം നന്ദിയും പറഞ്ഞു.
ഫോട്ടോ: ടി.എ. അഹ്മദ് കബീര്‍ എം.എല്‍.എ. വിദ്യാഭ്യാസ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുന്നു
- Faisal PM