ശൈഥില്യം ഉണ്ടാക്കുന്നവരുമായി സഹകരിക്കരുത് -സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: കേരള മുസ്‌ലിംകളുടെ എല്ലാവിധ നവോത്ഥാനങ്ങള്‍ക്കും സൃഷ്ടിപരമായ പശ്ചാത്തലൊരുക്കിയത് മഹല്ല് സംവിധാനങ്ങളാണെന്നും ഇത് കാത്തുസൂക്ഷിക്കാന്‍ മതപ്രതിബദ്ധത ഉള്ളവര്‍ക്കെല്ലാം ബാധ്യത ഉണ്ടെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാരായ ഉമര്‍ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. മുതവല്ലികളും കമ്മിറ്റികളും കാരണവന്മാരും അടങ്ങിയ നേതൃതീരികളും ഖാസി, ഇമാം അടങ്ങിയ ആത്മീയ ശിക്ഷണവും മഹല്ലുകളില്‍ ലഭ്യമാവുന്നു. ഈ വികേന്ദ്രീകൃത മതനേതൃത്വത്തെ നിയന്ത്രിച്ചു നയിച്ചു കേന്ദ്രീകൃതമാക്കുന്നതിന് സംസ്ഥാന തലത്തില്‍ ആധികാരിക പണ്ഡിത സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു.
ചില പ്രദേശങ്ങളിലും ജില്ലകളിലും സംഘടനാ ബന്ധങ്ങളില്ലാതെയും വ്യക്തി കേന്ദ്രീകൃത രീതിയിലും സമാന്തര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് മഹല്ലുകളില്‍ വ്യാപക ശിഥിലീകരണങ്ങള്‍ക്ക് ചിലര്‍ നേതൃത്വം നല്‍കുന്നത് ദുഃഖകരമാണ്.
സംഘടനാ ആഭിമുഖ്യമില്ലെന്ന അവകാശവാദവുമായി വരുന്ന പുത്തന്‍ പണക്കാരും ചില ദേശീയ വൈദേശിക സംഘടനാ ഏജന്‍സികളും മറ്റെന്തൊക്കെയോ ലക്ഷ്യമാക്കി നടത്തുന്ന ക്ലാസുകള്‍, പരിശീലന പരിപാടികള്‍ ഇതൊക്കെ നിലവിലുള്ള ഐക്യം തകര്‍ത്തു മഹല്ലുകളെ അവയുടെ യഥാര്‍ത്ഥ കര്‍മങ്ങളില്‍ നിന്ന് അടര്‍ത്തിയെടുക്കാനെ ഉപകരിക്കുള്ളൂവെന്നതിനാല്‍ മഹല്ല് ജമാഅത്തു ഭാരവാഹികളും ഖത്വീബ് ഇമാമുമാരും സംഘടനാ ബന്ധുക്കളും ജാഗ്രത കാണിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.