ദുബൈ: മതപഠന സമ്പ്രദായം പരിഷ്കരിക്കുന്നതിന്റെ പേരില്‍ പരമ്പരാഗതമായ വിജ്ഞാ ന സമ്പാദനരീതി തകരാന്‍ അനുവദിക്കരുതെന്ന് പട്ടിക്കാട് ജാമിഅ: നൂരിയ സെക്രട്ടരി സയ്യിദ് സദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി യു.എ.ഇ ഓസ്ഫോജ്ന സംഘടിപ്പിച്ച പ്രചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ അനന്തരാവകാശികളായ പണ്ഡിതസമൂഹം ഇസ്ലാമിക വിജ്ഞാനത്തെ എത്ര ത്യാഗം സഹിക്കേണ്ടി വന്നാലും തലമുറകളിലേക്ക് കൈമാറുന്ന കാര്യത്തില്‍ ബദ്ധശ്രദ്ധരാകണം. മഹാന്‍മാരായ പൂര്‍വിക പണ്ഡിതരുടെ നിഴല്‍പാടുകള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നതെന്നും അവര്‍ കാണിച്ച പാത നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടുപോകാന്‍ പുതിയ തലമുറ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൗതികമായ താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമായി ആത്മീയ ജ്ഞാനത്തെ ഉപയുക്തമാക്കരുതെന്ന് അദ്ദേഹം ഉണര്‍ത്തി. പഴയകാലത്തെ ജ്ഞാനസമ്പാദനം കടുത്ത വിശപ്പും ദാരിദ്യ്രവും സഹിച്ചുകൊണ്ടായിരുന്നു. അറിവിനെ കൂടുതല്‍ സമ്പന്നമാക്കിയത് ദൈന്യത നിറഞ്ഞ അന്നത്തെ അനുഭവങ്ങളായിരുന്നുവെന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി.