മുസ്‌ലിങ്ങള്‍ അവിഹിതമായി നേടിയിട്ടുണ്ടെങ്കില്‍ തിരിച്ചുനല്‍കാന്‍ തയ്യാര്‍ - സമസ്ത

മലപ്പുറം: കേരളത്തില്‍ മുസ്‌ലിം സമൂഹം അവിഹിതമായി എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ന്യൂനപക്ഷാവകാശ ധ്വംസനത്തിനെതിരെ സമസ്ത മലപ്പുറത്ത് നടത്തിയ പ്രക്ഷോഭ പ്രഖ്യാപന സമ്മേളനത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. പകരം മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തുന്നവര്‍ അനര്‍ഹമായി നേടിയത് തിരിച്ചു നല്‍കാന്‍ തയ്യാറാകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രക്ഷോഭ പ്രമേയം അവതരിപ്പിച്ചു. മുസ്‌ലിം സമുദായത്തിന് ലഭ്യമായ അവകാശങ്ങള്‍ തടയാനുള്ള ആസൂത്രിത നീക്കമാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍. പുതുതായി എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ ആലോചനയിലിരിക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി അതില്ലാതാക്കാനാണ് ചിലരുടെ ശ്രമം. അവിഹിതമായി നേടിയത് മുസ്‌ലിം സമൂഹമല്ല. മറിച്ച് എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയുമാണ്. കേരളത്തിന്റെ പൊതുഖജനാവ് കൊള്ളയടിച്ചത് ന്യൂനപക്ഷമല്ലെന്നും പ്രമേയമവതരിപ്പിച്ച അബ്ദുസമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.
അതിന്റെ കണക്കുകള്‍ കാട്ടാനും തെളിവുകള്‍ നല്‍കാനും തയ്യാറാണ്. കണക്കുകള്‍ താരതമ്യംചെയ്യുമ്പോള്‍ ഇപ്പോള്‍ വിവാദമുണ്ടാക്കിയവര്‍ കാട്ടിക്കൂട്ടിയത് ശരിയല്ലെന്ന് മനസ്സിലാകും. മതന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയതാണ് ഏരിയാ ഇന്റന്‍സീവ് സ്‌കൂളുകള്‍. രാജ്യത്ത് 40 ജില്ലകളില്‍ അനുവദിച്ച ഈ സ്‌കൂളുകള്‍ മലബാറില്‍ കണ്ണൂരൊഴികെയുള്ള ജില്ലകളിലുണ്ട്. എയ്ഡഡ് പദവിയും കെ.ഇ.ആര്‍ മാനദണ്ഡവും മറ്റ് ചുരുക്കം ചില സാങ്കേതിക നടപടിക്രമങ്ങളുമൊഴികെ എയ്ഡഡ് സ്‌കൂളുകളെപ്പോലെ പ്രവര്‍ത്തിക്കുന്നതാണിവ. മലപ്പുറം ജില്ലയിലെ ഈ 35 സ്‌കൂളുകളെ എയ്ഡഡ് പദവിയിലാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ തീരുമാനിച്ചതുമാണ്. ഈ മന്ത്രിസഭ അതിനുള്ള തീരുമാനം എടുത്തപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഒരു മന്ത്രിയില്‍ മാത്രമാക്കി മാറ്റി മന്ത്രിയും മന്ത്രിസഭയും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. 
ജനസംഖ്യാടിസ്ഥാനത്തിലും എല്ലാതരത്തിലും നോക്കിയാലും മലബാറിനും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കും കിട്ടേണ്ടത് കിട്ടിയിട്ടില്ല. 40 ലക്ഷത്തോളം ജനങ്ങളുള്ള മലപ്പുറം ജില്ലയില്‍ ആകെ 246 ഹൈസ്‌കൂളുകളുള്ളപ്പോള്‍ 20 ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയത്ത് 248 ഹൈസ്‌കൂളുകളുണ്ട്. ഹയര്‍സെക്കന്‍ഡറിയുടെ കാര്യത്തില്‍ മലപ്പുറം സംസ്ഥാനത്ത് 13 -ാം സ്ഥാനത്താണ്. ക്രിസ്ത്യന്‍ സമുദായം 3010 സ്‌കൂളുകളും ഹിന്ദു സമുദായം 2580 സ്‌കൂളുകളും നടത്തുമ്പോള്‍ 1382 സ്‌കൂളുകളാണ് മുസ്‌ലിം വിഭാഗത്തിനുള്ളത്. കണക്കുകളും വസ്തുതകളും വിസ്മരിച്ച് മുസ്‌ലിം സമുദായം അനധികൃതമായി നേടിയെടുത്തുവെന്ന് പറയരുത്. അര്‍ഹമായത് ഇനിയും കിട്ടിയിട്ടില്ല. എന്നാല്‍ ഞങ്ങളിതുവരെ പരാതി പറഞ്ഞിട്ടില്ല. പക്ഷേ പാരവെപ്പ് തുടര്‍ന്നപ്പോള്‍ പറയാതെ വയ്യാത്ത സ്ഥിതിയിലെത്തിയതാണ്. എന്നാല്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുസ്‌ലിം സമൂഹത്തോട് മാത്രമാണ് പ്രശ്‌നം. അതിന്റെ കാരണം പഴയ ജന്മിത്വ മനോഭാവമാണെന്നും അത് സമ്മതിക്കില്ലെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു.