ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശംസുല്‍ ഉലമ സ്മാരക അവാര്‍ഡ്


കാസര്‍കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാപ്രസിഡണ്ട്, കാസര്‍കോട് സംയുക്ത പ്രസിഡണ്ട് തുടങ്ങിയ സമസ്തയുടെ കീഴ്ഘടകങ്ങളുടെയും മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ വിവിധ സംഘടനകളുടെ പ്രധാന ഭാരവാഹിത്വവും വഹിക്കുന്ന ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശംസുല്‍ ഉലമ സ്മാരക അവാര്‍ഡ് നല്‍കി ആദരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.ജൂലൈ 23,24,25 തിയതികളില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തുള്ള സി.എം. ഉസ്താദ് നഗറില്‍ വെച്ച് നടക്കുന്ന റംസാന്‍ പ്രഭാഷണ പരിപാടിയുടെ 23 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ ചെര്‍ക്കളം അബ്ദുള്ളയ്ക്ക് അവാര്‍ഡ് സമ്മാനിക്കും. രാഷ്ട്രിയ രംഗത്ത് ഉയര്‍ന്നസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതോടപ്പം തുല്ല്യപരിഗണന സമസ്തയ്ക്കും അതിന്റെ കീഴ്ഘടകങ്ങള്‍ക്കും നല്‍കി ആദര്‍ശരംഗത്ത് കളങ്കമില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
സമസ്തയുടെ കീഴ്ഘടകമായ സുന്നി മഹല്ല് ഫെഡറേഷനിലൂടെ ജില്ലയിലെ ഭൂരിഭാഗം മഹല്ലുകളും സമസ്തയുടെ ആദര്‍ശത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ചുറ്റുപാടിലേക്ക് എത്തിക്കാന്‍ എകീകൃത രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കിയതും ഇദ്ദേഹമാണ്. ചെര്‍ക്കളത്തിന്റെ ആദര്‍ശരംഗത്തുള്ള ധീരമായ നിലപാട് കാരണം ജില്ലയിലെ ഭൂരിഭാഗം മഹല്ലുകളിലും ഉമറാകള്‍ക്കിടയിലും സമസ്തയ്ക്ക് വേരോട്ടമുണ്ടാക്കാന്‍ സാധിച്ചു. ഇത്തരത്തിലുള്ള നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, താജുദ്ദീന്‍ ദാരിമി പടന്ന, എം.എ.ഖലീല്‍, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍, സത്താര്‍ ചന്തേര, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എന്‍.ഐ. അബ്ദുല്‍ ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, ശമീര്‍ കുന്നുങ്കൈ, ഹനീഫ് ഹുദവി ദേലമ്പാടി, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, റസാഖ് അര്‍ഷദി കുമ്പടാജ, ശരീഫ് നിസാമി മുഗു, മുഹമ്മദലി കോട്ടപുറം, നാഫിഅ് അസ്ഹദി, ആലികുഞ്ഞി ദാരിമി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.