കോഴിക്കോട്: തലശ്ശേരിയിലും കാപ്പാടും റമദാന്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ റമളാന്‍ നോമ്പ് നാളെ (ശനിയാഴ്ച) ആരംഭിക്കുമെന്ന് ബഹു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ അറിയിച്ചു.
ഒമാനൊഴികെ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം ഇന്നലെ (വെള്ളി) റമളാന്‍ ആരംഭിച്ചിരുന്നു. ആത്‌മസംസ്‌കരണത്തിനും ജീവകാരുണ്യ സേവനപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സുവര്‍ണാവസരം പാഴാക്കാതെ യുവാക്കളും ബഹുജനങ്ങളും ജീവിതംകൊണ്‌ടു റമദാനെ നെഞ്ചേറ്റണമെന്നു നേതാക്കള്‍ റമദാന്‍ സന്ദേശത്തില്‍ ആഹ്വാനംചെയ്‌തു.
ആത്മവിശുദ്ധിയുടെ സന്ദേശവുമായി വിശുദ്ധ റമദാന്‍വന്നെത്തി
ഇനിയുള്ള രാപ്പകലുകള്‍ വ്രതവിശുദ്ധിയുടെ പുണ്യത്തോടെ ദൈവ പ്രീതി പിടിച്ചുപറ്റാനുള്ള ആരാധനകര്‍മങ്ങളിലേക്ക് നടന്നടുക്കുകയായി. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പുണ്യമാസത്തില്‍ പൈശാചികചിന്തകളില്‍ നിന്ന് വിമുക്തരായി ഖുര്‍ആന്‍ പാരായണവും ദാനധര്‍മങ്ങളും ആരാധനാകര്‍മങ്ങളും വര്‍ധിപ്പിച്ചും ശാശ്വതമായ പരലോകത്ത് മോക്ഷം നേടുകയെന്ന ലക്ഷ്യം മുന്‍നിറുത്തിയുള്ള പ്രവര്‍ത്തനങ്ങളിലായിരിക്കും വിശ്വാസികള്‍.
പുലര്‍ച്ചെ മുതല്‍ സായന്തനം വരെയുള്ള നോമ്പനുഷ്ഠാനം, രാത്രിയിലെ തറാവീഹ് നമസ്‌കാരം തുടങ്ങി ആരാധനകള്‍ വര്‍ധിപ്പിച്ച് ഒരു പുണ്യത്തിന് പതിന്മടങ്ങ് ഇരട്ടി പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമദാനിനെ വരവേല്‍ക്കാന്‍ വീടും പള്ളികളുമെല്ലാം പെയിന്റടിച്ചും വൃത്തിയാക്കിയും ദിവസങ്ങള്‍ക്ക് മുന്‍പേ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു.
ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും മഹത്തായ സന്ദേശംകൂടിയാണ് നോമ്പ് ഓരോ വിശ്വസിയെയും പഠിപ്പിക്കുന്നത്. വാക്കിലും പ്രവൃത്തിയിലുമെല്ലാം നോമ്പുകാരനെ തിരിച്ചറിയാന്‍ കഴിയണം. ഭക്ഷണത്തിന്റെ വില, വിശപ്പിന്റെ വേദന, ഭക്ഷണത്തിനായി അലയുന്നവന്റെ നൊമ്പരം തുടങ്ങി സമൂഹത്തില്‍ തിരിച്ചറിവിനും വീണ്ടുവിചാരത്തിനും വ്രതം വഴിയൊരുക്കുന്നു.