മനാമ: എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന അവഗണനയിലും ഗള്‍ഫ് മേഖലയിലെ സര്‍വ്വീസുകള്‍ റദ്ദാക്കുന്നതിലും പ്രതിഷേധിച്ച് എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ച് 'എയര്‍ കേരള' സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന പത്മശ്രീ എം.എ യൂസഫലിയുടെ ധീരമായ തീരുമാനത്തെ ബഹ്റൈന്‍ സമസ്ത നാഷണല്‍ കമ്മറ്റിയും എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ കമ്മറ്റിയും സ്വാഗതം ചെയ്തു. ഇത്തരുണത്തില്‍ മറ്റു അഭിപ്രായ ഭിന്നതകളെല്ലാം മാറ്റിവെച്ച് ബഹ്റൈനിലും മറ്റു ജി.സി.സി. രാഷ്ട്രങ്ങളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രവാസി സംഘടനകളും അഭ്യുദയ കാംക്ഷികളും അനിവാര്യമായ ഈ സദുധ്യമത്തിന് അദ്ദേഹത്തോടൊപ്പം നിന്ന് പ്രചോദനം നല്‍കണമെന്ന് ഇരു സംഘടനകളും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
വിശുദ്ധ റമസാനിലും മറ്റു വിശേഷദിവസങ്ങളിലുമെല്ലാം പതിറ്റാണ്ടുകളായി പ്രവാസി ഇന്ത്യക്കാര്‍ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന യാത്രാപ്രശ്നത്തിന് ഇനിയെങ്കിലും ഒരറുതി ഉണ്ടാകണം. അതിന് യൂസഫലിയെ പോലുള്ളവര്‍ ശ്രമിച്ചാല്‍ വിജയിക്കുമെന്നത് തീര്‍ച്ചയാണ്. ആവശ്യമെങ്കില്‍ ഇതിനു നേതൃത്വം നല്‍കാനും ജി.സി.സി. യിലെ വിവിധ സമസ്ത അനുഭാവ സംഘടനകളെ ഒരുമിപ്പിക്കാനും ഞങ്ങള്‍ തയ്യാറുമാണ്. 2004 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനമെന്ന നിലയിലും കൊച്ചിയില്‍ നടക്കാനിരിക്കുന്ന 'എമര്‍ജിങ് കേരള' നിക്ഷേപക സംഗമം ഇത് ചര്ച്ചചെയ്യുമെന്നതിനാലും 'എയര്‍ കേരള' യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതകള്‍ ഏറെയുണ്ടെന്ന് ഞങ്ങള്‍ വിലയിരുത്തുന്നു.
ഇത്തരുണത്തില്‍ മുഖ്യമന്ത്രിയും കേരള- കേന്ദ്ര മന്ത്രിമാരും നിക്ഷേപകരും മറ്റു വിദേശ പ്രതിനിധികളും അടങ്ങുന്ന പ്രവാസി സ്നേഹികള്‍ മുഴുവനും പ്രവാസികള്‍ക്കൊപ്പം നില്ക്കാന് തയ്യാറാവണമെന്നും ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താനും ബന്ധപ്പെട്ടവരില്‍ സമ്മര്‍ദ്ദം ചെലുത്താനും മുഴുവന്‍ പ്രവാസി സംഘടനകളും രാഷ്ട്രീയ കക്ഷികളും യോജിച്ചു ശക്തമായി രംഗത്തിറങ്ങണമെന്നും ബഹ്റൈന്‍ സമസ്ത നാഷണല്‍ കമ്മറ്റി, എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.
സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി(വൈ.പ്രസി), എസ്.എം. അബ്ദുല്‍ വാഹിദ് (ജന.സെക്രട്ടറി), വി.കെ കുഞ്ഞഹമ്മദ് ഹാജി(ട്രഷറര്‍), ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റിക്ക് വേണ്ടി മുഹമ്മദലി ഫൈസി വയനാട്(പ്രസി), ഉബൈദുല്ല റഹ്മാനി മേലാറ്റൂര്‍(ജന.സെക്രട്ടറി), നൗഷാദ് വാണിമേല്‍(ട്രഷറര്‍), മൌസല്‍ മൂപ്പന് തിരൂര്‍ (ഓര്‍ഗ.സെക്രട്ടറി) എന്നിവരും സംയുക്തവാര്ത്താക്കുറിപ്പില് ഒപ്പുവെച്ചു.