വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ധവളപത്രം ആവശ്യപ്പെട്ട്‌ മുസ്‌ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

മുസ്‌ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്‍കുന്നു 
തിരുവനന്തപുരം: ഭരണ നിര്‍വഹ ണരംഗത്തും ജൂഡീഷറിയിലുമുള്ള സാമുദായിക പ്രാതിനിത്യവും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വിശദമായ കണക്കുകളും അടങ്ങുന്ന ധവളപത്രം പുറത്തിറക്കണ മെന്നാവശ്യപ്പെട്ട്‌മുസ്‌ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്‌ടതായി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പാണക്കാട്‌ സയിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സാമുദായിക സംഘടനകള്‍ക്ക്‌ അന്യായമായി പതിച്ചുനല്‍കിയത്‌ അടിയന്തരമായി തിരിച്ചുപിടിക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. തലസ്ഥാനത്ത്‌ നഗര ഹൃദയത്തിലടക്കം സാമുദായിക സംഘടനകള്‍ക്കു ഭൂമി പതിച്ചുന ല്‍കിയിട്ടുണ്‌ട്‌. ഇങ്ങനെ നല്‍കിയ ഭൂമി ഉടന്‍ തിരിച്ചുപിടിക്കണം. ഈ വസ്‌തുക്കളുടെ പാട്ടക്കുടിശിക എഴുതിത്തള്ളിയ നടപടി പുനഃപരിശോധിക്കണം. 
ഏരിയ ഇന്റന്‍സീവ്‌ പ്രോഗ്രാം അനുസരിച്ചുള്ള 33 സ്‌കൂളുകള്‍ക്ക്‌ പൂര്‍ണമായി എയ്‌ഡഡ്‌ പദവി നല്‍കുക, മലബാര്‍ ആസ്ഥാനമായി സെക്രട്ടേറിയറ്റിന്റെ അനക്‌സ്‌ സ്ഥാപിക്കുക, മലബാറില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കുക, കാസര്‍ഗോഡ്‌, കണ്ണൂര്‍, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകള്‍ക്കായി പ്രത്യേക വികസന പാക്കേജ്‌ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ നിവേദനത്തിലുള്ളത്‌.
ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ ശൈഖുനാ  കോട്ടുമല ടി.എം.ബാപ്പു മുസലിയാര്‍, മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി എം. സി. മായിന്‍ ഹാജി, കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ പ്രസിഡന്റ്‌ ടി.പി. അബ്‌ദുള്ളക്കോയ മദനി, ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ സെക്രട്ടറി ഹുസൈന്‍ മുടവൂര്‍, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, കടയ്ക്കല്‍ അബ്‌ദുല്‍ അസീസ്‌ മൌലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.