ന്യൂനപക്ഷ അവകാശ ധ്വംസത്തിനെതിരെ സമസ്‌ത പ്രക്ഷോഭത്തിനൊരുങ്ങി; കലക്‌ട്രേറ്റ് മാര്‍ച്ച് നാളെ
തേഞ്ഞിപ്പലം: നൂറ്റാണ്ടുകളായി വിദ്യാഭ്യാസ സാമ്പത്തിക വികസന മേഖലകളില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന മലബാറില്‍ വിശിഷ്യ മതന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായതിന്റെ ചെറിയൊരു ഭാഗം നല്‍കാന്‍ ശ്രമിക്കുന്നതിനെ വര്‍ഗീയവല്‍കരിക്കാന്‍ ചിലര്‍ നടത്തിയ നീക്കം ഖേദകരമാണ്. ജനസംഖ്യയിലെ ഇരുപത്തിഏഴ് ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ ഉദ്യോഗ മേഖലകളില്‍ എത്ര ശതമാനം പങ്കാണുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. മാറിമാറി വരുന്ന ഭരണാധികാരികള്‍ നിലപാടു സ്വീകരിക്കാന്‍ തടസ്സം നിന്നവരാണെന്നും സമൂഹത്തിന് ബോധ്യമുണ്ട്. ഏതാനും എയ്ഡഡ് സ്‌കൂളുകള്‍ മലബാറില്‍ അനുവദിക്കാനുള്ള ഫയല്‍ നീക്കം നടക്കുമ്പോഴേക്കും ജാതിഭ്രാന്തും വര്‍ഗീയവിഷയവും പുരട്ടി തടയിടാന്‍ നടത്തുന്ന നീക്കം തിരിച്ചറിയണം. പൊതുസ്വത്തും സ്ഥലവും അന്യായമായും അധികാരമുപയോഗിച്ചും ഭീഷണിപ്പെടുത്തിയും കൈയടിക്കവെച്ച ചില സമുദായങ്ങള്‍ മുസ്‌ലിം ന്യൂനപക്ഷത്തെ കീഴാളവര്‍ഗമായി നിലനിര്‍ത്താനാണ് ഇപ്പോഴും ശ്രമിക്കുന്നത്. സ്വതന്ത്രഭാരതത്തിന്റെ പിറവിയിലും തുടര്‍ന്നും രാജ്യത്തിന് വേണ്ടി കനത്ത സംഭാവനകള്‍ അര്‍പിച്ച മുസ്‌ലിം സമുദായത്തെ എന്നും അവഗണിക്കാനും അവഹേളിക്കാനുമാണ് ചില സര്‍ക്കാര്‍ ലോപികളും അധികാരദല്ലാളന്മാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അനുവദിച്ച എയ്ഡഡ് സ്ഥാപനങ്ങള്‍ തടയുന്നതിന് അണിയറയില്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ നീക്കങ്ങള്‍ ആര്‍ജ്ജവത്തോടെ നേരിടാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്നും നീതിക്ക് വേണ്ടി ഏതറ്റംവരെ പോകാന്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിതരാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.