ഹജ്ജ്‌ സബ്സിഡി; കോടതി വിധി പുനപ്പരിശോധിക്കണം : SYS

കോഴിക്കോട്‌ : ഹജ്ജ്‌ സബ്സിഡി ചിലര്‍ അന്യായമായി ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ നിയമപരമായി തടയേണ്ടതാണെന്നും എന്നാല്‍ സബ്സിഡികള്‍ പൂര്‍ണമായി നിര്‍ത്തലാക്കുന്നത്‌ നീതിയല്ലെന്നും SYS സംസ്ഥാന ജന.സെക്രട്ടറിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ വൈസ്ചെയര്‍മാനുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്‍ലിയാര്‍ പറഞ്ഞു. ലക്ഷക്കണക്കായ പാവങ്ങള്‍ക്ക്‌ അരലക്ഷത്തിലധികം രൂപ വിമാനക്കമ്പനികള്‍ക്ക്‌ അധികം നല്‍കി ഹജ്ജ്‌ കര്‍മം നിര്‍വഹിക്കാനാവില്ല. സബ്സിഡിയിനത്തില്‍ ഇപ്പോള്‍ നല്‍കുന്നത്‌ യഥാര്‍ഥത്തില്‍ വിമാനക്കമ്പനികള്‍ക്കാണ്‌. തീര്‍ഥാടകര്‍ക്ക്‌ മിതമായ നിരക്കില്‍ യാത്രാ സൗകര്യം ഒരുക്കാതെ അധികം വരുന്നത്‌ സര്‍ക്കാര്‍ നല്‍കുന്നത്‌ തടയുന്നത്‌ നീതിയല്ല. യഥാര്‍ഥത്തില്‍ സബ്സിഡി നിലനിര്‍ത്തി ഹജ്ജ്‌ തീര്‍ഥാടകരുടെ യാത്രാ സൗകര്യം ഉറപ്പു വരുത്തുന്നതിന്‌ നിയമ നിര്‍മാണമാണാവശ്യമെന്നും അദ്ദേഹം പറഞ്ഞു.