മരണത്തെ ഓര്‍ക്കുന്ന മനസ്സുകള്‍ക്കുടമയാവുക : അത്തിപ്പറ്റ ഉസ്താദ്

ഷാര്‍ജ : സ്വസ്ഥത നഷ്ടപ്പെട്ട ലൗകിക ജീവിതത്തില്‍ തൊട്ടടുത്ത നിമിഷത്തില്‍ സംഭവിക്കുന്ന മരണത്തെ ഓര്‍ക്കാന്‍ നമ്മുടെ മനസ്സുകളെ പാകപ്പെടുത്തണമെന്നു ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന പ്രാര്‍ത്ഥന സദസ്സില്‍ പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ഉദ്ബോധിപ്പിച്ചു. സര്‍വ്വ വിധ സുഖ സൗകര്യങ്ങളും ഉന്നതി പ്രാപിച്ച സമകാലിക ലോകം നല്‍കുന്നത് അടുത്ത് വരുന്ന അന്ത്യനാളിന്‍റെ സൂചനയാണെന്നും അതുകൊണ്ട് സദാസമയം അല്ലാഹുവിനെ ഓര്‍ക്കുന്ന മനസ്സും ശരീരവും നമുക്കുണ്ടാവണമെന്നും ഉസ്താദ് ഓര്‍മിപ്പിച്ചു. 'സമസ്തയു'ടെ സജീവ പ്രവര്‍ത്തകരായി നന്മകളുടെ സന്ദേശ വാഹകരാവാനും ഉസ്താദ് അഭ്യര്‍ഥിച്ചു. കേരള ഇസ്ലാമിക് ക്ലാസ്സ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, കടവല്ലൂര്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍, അബ്ദുള്ള ചേലേരി, ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍, SKSSF ഭാരവാഹികളും പ്രാര്‍ത്ഥന സദസ്സില്‍ സംബന്ധിച്ചു. നൂറുക്കണക്കിന് പേര്‍ ഉസതാദിനെ കാണാനും പ്രാര്‍ഥനയില്‍ പങ്കെടുത്ത് പുണ്യം നേടാനും എത്തിച്ചേര്‍ന്നിരുന്നു.