മഷിത്തുള്ളികള്‍ പെഴ്‌തിറങ്ങി, സാഹിത്യ ശില്‍പശാലക്ക്‌ പരിസമാപ്‌തി

തിരൂരങ്ങാടി : കളിയും ചിരിയും ഒപ്പം ഒരുപാട്‌ നന്മകളും പകര്‍ന്ന്‌ മാതൃഭാഷയുടെ വളര്‍ച്ചയും സാഹിത്യരംഗത്തെ മലയാള സാന്നിധ്യവും ചര്‍ച്ച ചെയ്‌ത്‌ യുവ സാഹിത്യകാരന്മാര്‍ക്കായി ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ മലയാളിക്കൂട്ടം സംഘടിപ്പിച്ച മഷിതുള്ളി സാഹിത്യ ശില്‍പശാലക്ക്‌ പ്രൗഡോജ്ജ്വല സമാപ്‌തി. ദാറുല്‍ഹുദായിലെയും യു.ജി സ്ഥാപനങ്ങളിലെയും തിരഞ്ഞെടുത്ത അമ്പതോളം പ്രതിനിധികള്‍ക്കായി മഷിത്തുളളി എന്ന തലക്കെട്ടിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. സാഹിത്യ ഭാവനകളെയും ഭാഷാ വര്‍ണ്ണനകളുടെയും നെല്ലുംപതിരും തരംതിരിച്ച്‌ കഥാവേള, കവിതാ വിരുന്ന്‌, വാചക മേള, തുടങ്ങിയ സെഷനുകളിലായി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ്‌ വൈവിധ്യവും ഗഹനവുമായ ചര്‍ച്ചകളാല്‍ ശ്രദ്ദേയമായി.
പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ശില്‍പശാല ഉദ്‌ഘാടനം ചെയ്‌തു. മലപ്പുറം ജില്ലക്കായി സര്‍ക്കാര്‍ അനുവദിച്ച മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതിന്നുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. മാതൃഭാഷ വിസ്‌മരിക്കുകയും മറ്റു ഭാഷകളുടെ വികസനത്തിന്‌ ജീവന്‍മരണ പോരാട്ടം നടത്തുകയും ചെയ്യുന്ന ശൈലിയാണ്‌ മലയാളിയുടേത്‌. മാതൃഭാഷ മൃത്യു വരിക്കാനൊരുങ്ങുമ്പോള്‍ മലയാള സര്‍വകലാശാലയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു.
ശില്‍പശാലയില്‍ പ്രശസ്‌ത സാഹിത്യകാരനും ചന്ദ്രിക പിരിയോഡികല്‍സ്‌ എഡിറ്ററുമായ ശിഹാബുദ്ദീന്‍ പൊയ്‌തുംകടവ്‌, തിരൂരങ്ങാടി പി.എസ്‌.എം.ഒ കോളേജ്‌ മലയാള വിഭാഗം ലക്‌ച്ചര്‍ ശരീഫ്‌ ഹുദവി ചെമ്മാട്‌ തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
യു.ജി സ്ഥാപനങ്ങള്‍ക്കായി വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച മാഗസിന്‍ ഡിസൈനിംഗിന്‍റെ ഫല പ്രഖ്യാപനം ദാറുല്‍ ഹുദാ പി.ജി ഡീന്‍ പ്രൊഫ കെ.സി മുഹമ്മദ്‌ ബാഖവി നിര്‍വഹിച്ചു. മത്സരത്തില്‍ പറപ്പൂര്‍ സബീലുല്‍ ഹിദായയുടെ `ഇങ്ക്വിലാബ്‌' ഒന്നാം സ്ഥാനവും ചെമ്മ്‌ട്‌ ദാറുല്‍ ഹുദായുടെ `സൈന്‍ ചെയ്യാതെ ഇ- ബുക്ക്‌ തുറക്കാം' രണ്ടാം സ്ഥാനവും വല്ലപ്പുഴ ദാറുന്നജാത്ത്‌ അറബിക്‌ കോളേജിന്‍റെ `കിരണം', മാണൂര്‍ ദാറുല്‍ ഹിദായയുടെ `ഡോട്ട്‌.കോം' എന്നിവ മൂന്നാം സ്ഥാനവും നേടി.
ശില്‍പശാലയില്‍ ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഡയറക്‌ടര്‍ ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി അധ്യക്ഷത വഹിച്ചു. ഡി.എസ്‌.യു പ്രസിഡന്‍റ്‌ സസയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ പ്രമേയമവതരിപ്പിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്‌, നാസര്‍ ഹുദവി കൈപ്പുറം, റഫീഖ്‌ ഹുദവി കാട്ടുമുണ്ട തുടങ്ങിവര്‍ സംസാരിച്ചു. നൈസാം തൃത്താല സ്വാഗതവും സൈഫുദ്ദീന്‍ പുതുപ്പള്ളി നന്ദിയും പറഞ്ഞു.