റജബിന്‍റെ പവിത്രത ഉള്‍ക്കൊള്ളുക : ബഹ്‌റൈന്‍ സമസ്ത

മനാമ : നബി തിരുമേനി () തങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ച വിശുദ്ധ റജബ്‌ മാസത്തെ അര്‍ഹിക്കുന്ന ആദരവോടെ വിശ്വാസികള്‍ ഉള്‍ക്കൊള്ളമെന്ന്‌ യുവ പണ്ഡിതനും വാഗ്മിയുമായ ബഹ്‌റൈന്‍ സമസ്ത കോ-ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി ഉദ്‌ബോധിപ്പിച്ചു. റജബ്‌ മാസാരംഭ പാശ്ചാതലത്തില്‍ കഴിഞ്ഞ ദിവസം മനാമ സമസ്‌താലയത്തില്‍ നടന്ന സ്വലാത്ത്‌ മജ്‌ലിസില്‍ ഉദ്‌ബോധന പ്രഭാഷണം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. മിഅറാജ്‌ അല്ലാഹുവിന്‍റെ മാസവും ശഅ്‌ബാന്‍ എന്‍റെ മാസവും റമസാന്‍ വിശ്വാസികളുടെ മാസവുമായിട്ടാണ്‌ നബിതിരുമേനി() പരിചയപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ടു തന്നെ ഇതര മാസങ്ങളില്‍ നിന്നും വ്യത്യസ്‌തമായി പരമാവധി തിന്മയില്‍ നിന്ന് അകന്ന്‌ നന്മയോടടുക്കാനും ഇസ്‌തിഗ്‌ഫാര്‍ (പാപമോചനം) ചെയ്യാനും വിശ്വാസികള്‍ തയ്യാറാകണം. അപ്രകാരം ഈ വിശുദ്ധ മാസങ്ങളെ സ്വീകരിക്കാന്‍ ശ്രമിച്ചാല്‍ പൂര്‍ണ്ണ സംസ്‌കൃത ചിത്തരായി റമസാനിലേക്ക്‌ പ്രവേശിക്കാനും സുകൃതങ്ങള്‍ കരഗതമാക്കാനും നമുക്ക്‌ സാധിക്കും.
വിശുദ്ധ മാസത്തിന്‍റെ മഹത്വവും അനുഷ്‌ഠാനവും വിവരിക്കുന്ന വിവിധ പരിപാടികള്‍ സമസ്‌തക്കു കീഴില്‍ വിവിധ ഏരിയകളിലായി ബഹ്‌റൈനിലുടനീളം സംഘടിപ്പിക്കുന്നുണ്ടന്നും ഹുദവി അറിയിച്ചു.