സമസ്‌ത: ഇസ്‌ലാമിക കലാമേള; മലപ്പുറം ഈസ്റ്റ്‌ ജില്ല മുന്നില്‍






ചങ്ങനാശ്ശേരി : മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാസാഹിത്യ മത്സരമായ `സമസ്‌ത ഇസ്‌ലാമിക കലാമേളക്ക്‌ കോട്ടയം ചങ്ങനാശ്ശേരിയില്‍ തുടക്കം കുറിച്ചു. സമസ്‌തയുടെ 9135 മദ്‌റസകളിലെ പത്ത്‌ ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ വിവിധ മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം കലാപ്രതിഭകളും മുന്നൂറില്‍പരം മദ്‌റസാ അധ്യാപകരുമാണ്‌ സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത്‌ സംസ്ഥാന ഇസ്‌ലാമിക കലാസാഹിത്യ മത്സരമാണിത്‌. സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കലകളെയും അഭിരുചികളെയും വൈയക്തികമായ നന്മക്കും സാമുദായിക പുരോഗതിക്കും ഉപയോഗപ്പെടുത്തുന്ന രീതിയില്‍ പ്രയോജനകരമായ സംരംഭങ്ങള്‍ ഉണ്ടായിത്തീരണമെന്ന്‌ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉണര്‍ത്തി. കലയെയും സാഹിത്യത്തെയും കേവലം പ്രകടനപരമായ ചില ആവശ്യങ്ങള്‍ക്ക്‌ മാത്രം ഉപയോഗപ്പെടുത്തുകയും അതിന്‍റെ നൈതികമായ ലക്ഷ്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നത്‌ ശുഭകരമായ ലക്ഷണമല്ല. പ്രതിഭകളായ വിദ്യാര്‍ത്ഥികളെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രോത്സാഹനം നല്‍കി വളര്‍ത്തിക്കൊണ്ടുവരിക തന്നെ വേണം. ജംയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട്‌ സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്‌, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഹാജി പി.എഛ്‌. അബ്ദുസ്സലാം സാഹിബ്‌, കമാല്‍ മാക്കിയില്‍, .എം. ശരീഫ്‌ ദാരിമി, കൊടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, കെ.സി.അഹ്‌മദ്‌കുട്ടി മൗലവി കോഴിക്കോട്‌, എം.. ചേളാരി, എസ്‌.എം. ഫുആദ്‌, ഷരീഫ്‌ കുട്ടി ഹാജി, സി.എം. റഹ്‌മത്തുല്ല ഹാജി സംസാരിച്ചു.
ശനിയാഴ്‌ച 7 വേദികളിലായി 58 മത്സരങ്ങള്‍ നടന്നു. മദ്‌റസാ വിഭാഗത്തില്‍ മലപ്പുറം ഈസ്റ്റ്‌ ജില്ല 97 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 75 പോയിന്റുമായി കാസര്‍കോഡ്‌ രണ്ടാം സ്ഥാനത്തും 74 പോയിന്റുമായി മലപ്പുറം വെസ്റ്റ്‌ മൂന്നാം സ്ഥാനത്തുമുണ്ട്‌. മുഅല്ലിം വിഭാഗത്തില്‍ 21 പോയിന്റുമായി മലപ്പുറം വെസ്റ്റ്‌ ജില്ല മുന്നിട്ടുനില്‍ക്കുന്നു.
ഞായറാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ നടക്കുന്ന സമാപന സമ്മേളനം സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ ട്രോഫി ദാനം നിര്‍വ്വഹിക്കും.