അഫ്‌സല്‍-ഉല്‍-ഉലമ പ്രവേശനം രണ്ടു ദിവസത്തിനകം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി, അദീബ്-ഇ-ഫാസില്‍ പ്രിലിമിനറി, ഫൈനല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം രണ്ടുദിവസത്തിനകം ആരംഭിക്കും. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലെ കോഴ്‌സുകളിലേക്കുള്ള പ്രവേശനം തുടങ്ങിയതായുള്ള വിജ്ഞാപനത്തില്‍ ഈ കോഴ്‌സുകള്‍ സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തിയിരുന്നില്ല. ബി.എ. പോസ്റ്റ് ഓറിയന്റല്‍ ടൈറ്റില്‍ (ബി.എ.പി.ഒ.ടി) കോഴ്‌സുകളുടെ പ്രവേശനവും ഇതോടൊപ്പം തുടങ്ങും.
അറബി ഭാഷ പഠിക്കുന്നതിനുള്ള രണ്ടുവര്‍ഷത്തെ കോഴ്‌സ് ആണ് അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി. അദീബ്-ഇ-ഫാസില്‍ പ്രിലിമിനറി, ഫൈനല്‍ എന്നിവ ഉറുദു കോഴ്‌സുകളാണ്. എസ്.എസ്.എല്‍.സിയാണ് മൂന്ന് കോഴ്‌സുകളുടെയും പ്രവേശനയോഗ്യത. രാഷ്ട്രഭാഷാ പ്രവീണ്‍, സാഹിത്യാചാര്യ, സാഹിത്യ വിശാരദ്, മഹോപാദ്ധ്യായ, അദീബ്-ഇ-ഫാസില്‍ ഫൈനല്‍, പഴയ സ്‌കീമിലെ അഫ്‌സല്‍ -ഉല്‍-ഉലമ ഫൈനല്‍ തുടങ്ങിയ വിവിധ ഓറിയന്റല്‍ ടൈറ്റില്‍ പരീക്ഷകള്‍ വിജയിച്ചവര്‍ക്ക് ബിരുദയോഗ്യത ലഭിക്കാനുള്ള അവസരമാണ് ബി.എ.പി.ഒ.ടി കോഴ്‌സുകളിലൂടെ ലഭിക്കുക. ബി.എ.പി.ഒ.ടി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബി.എ. പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷമാത്രം വിജയിച്ചാല്‍ മതി.