ഹജ്ജ്: 603 പേര്‍കൂടി യാത്രയായി, 303 l പേര്‍ ലക്ഷദ്വീപില്‍ നിന്ന്

കരിപ്പൂര്‍: ബുധനാഴ്ച പുറപ്പെട്ട രണ്ടു വിമാനങ്ങളിലായി 603 പേര്‍ യാത്ര തിരിച്ചു. രാവിലെ പുറപ്പെട്ട പ്രത്യേക ഹജ്ജ് വിമാനത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള 303 തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ വിമാനത്തില്‍ 300 പേരും യാത്രയായി. 8100 ഓളം തീര്‍ഥാടകരാണ് ഇതുവരെ പുറപ്പെട്ടത്. സംസ്ഥാന ഹജ്ജ് ക്യാമ്പ് മുഖേനയുള്ള തീര്‍ഥാടകരെയും വഹിച്ചുകൊണ്ടുള്ള അവസാന വിമാനം ശനിയാഴ്ച പുറപ്പെടും. രണ്ട് വിമാനങ്ങള്‍ കൂടിയാണ് ഇനി സര്‍വീസ് നടത്താനുള്ളത്. ഇവ വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തും. 333 പേര്‍ വീതമായിരിക്കും ഈ വിമാനങ്ങളില്‍ യാത്രയാവുക.
സര്‍വീസുകള്‍ അവസാനിച്ചാലും 200ലധികം തീര്‍ഥാടകര്‍ അവശേഷിക്കും. അവസാന സമയത്തിന് ഹജ്ജിന് അവസരം ലഭിച്ചവരാണ് ഇവര്‍. ഇവരുടെ പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളു. ഇവര്‍ക്കായി പ്രത്യേക ഹജ്ജ് സര്‍വീസ് നടത്തണമെന്ന് സംസ്ഥാന ഹജ്ജ്കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സപ്തംബര്‍ 25ന് തുടങ്ങിയ ഹജ്ജ് ക്യാമ്പ് ശനിയാഴ്ചയോടെ ഔദ്യോഗികമായി സമാപിച്ചേക്കും. എന്നാല്‍ ശേഷിക്കുന്ന തിര്‍ഥാടകരെക്കൂടി യാത്രയാക്കിയശേഷമേ ഹജ്ജ്‌സെല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കൂ. 30 വിമാന സര്‍വീസുകളാണ് ഹജ്ജിനായി നടത്തിയത്. ഇതില്‍ 27 എണ്ണം മദീനയിലേക്കും മൂന്നെണ്ണം ജിദയിലേക്കുമായിരുന്നു.
നവംബര്‍ 12 മുതലാണ് തീര്‍ഥാടകരുടെ മടക്കയാത്ര തുടങ്ങുക. 30 സര്‍വീസ് തന്നെയാണ് ഇതിലും ഉണ്ടായിരിക്കുക. നവംബര്‍ 30നാണ് അവസാനസര്‍വീസ്. 27 സര്‍വീസുകള്‍ മദീനയില്‍നിന്നും മൂന്ന് സര്‍വീസുകള്‍ ജിദ്ദയില്‍നിന്നുമായിരിക്കും നടക്കുക.