ഹജ്ജ്: 3601 പേരെ എത്തിച്ചു - മന്ത്രി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതുവരെ 1810 സ്ത്രീകളും 1790 പുരുഷന്മാരും ഒരു കുട്ടിയുമടക്കം 3601 ഹാജിമാരെ വിശുദ്ധ നഗരികളില്‍ എത്തിക്കാന്‍ സാധിച്ചതായി ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. 
സപ്തംബര്‍ 25ന് ആരംഭിച്ച ഹജ്ജ് ക്യാമ്പ് എട്ടുദിവസം പിന്നിട്ടു. സൗദി എയര്‍ലൈന്‍സിന്റെ 13 വിമാനങ്ങളാണ് ഇതിനായി സര്‍വീസ് നടത്തിയത്. ഹജ്ജ് കര്‍മത്തിന് ഹാജിമാരെ സഹായിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച 20 വളണ്ടിയര്‍മാരില്‍ ഒന്‍പത് പേര്‍ ഹാജിമാരോടൊത്ത് വ്യത്യസ്ത വിമാനങ്ങളിലായി യാത്ര തിരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഹജ്ജ് ക്വാട്ടയില്‍ 283 സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ അവരുടെ അപേക്ഷകളും പാസ്‌പോര്‍ട്ടും മുംബൈയിലുള്ള ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ചിനുമുമ്പ് എത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.
മലപ്പുറം ജില്ലാമെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അലോപ്പതി, ഹോമിയോ ക്ലിനിക്കുകള്‍ക്കു പുറമെ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിന്റെ ആംബുലന്‍സ് സംവിധാനം അടക്കമുള്ള മുഴുവന്‍ മെഡിക്കല്‍ വിങ്ങും കര്‍മനിരതമാണ്. 
എയര്‍പോര്‍ട്ടില്‍ ഹാജിമാര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.