ദാറുല്‍ഹുദ സില്‍വര്‍ജൂബിലി : ദേശീയതല ഉദ്‌ഘാടനം ഇന്ന്‌ ഡല്‍ഹിയില്‍

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ ദേശീയതല ഉല്‍ഘാടനവും വിദ്യാഭ്യാസ സെമിനാറും ഇന്ന്‌ ഡല്‍ഹിയിലെ ഇന്ത്യ ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. ഉച്ചക്കു രണ്ടുമണിക്കു നടക്കുന്ന ഉദ്‌ഘാടന സമ്മേളനം പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നെയ്യാര്‍ ഉല്‍ഘാടനം ചെയ്യും. ഉല്‍ഘാടന പരിപാടിയോടനുബന്ധിച്ച്‌ ഇന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ പരിഷ്‌കരണ സംരംഭങ്ങളെയും സാധ്യതകളെയും കുറിച്ച്‌ സെമിനാര്‍ നടക്കും. മത സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭര്‍ പങ്കെടുക്കും. ഇന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത്‌ വിപ്ലവകരമായ പരിഷ്‌കരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെമ്മാട്‌ ദാറൂല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയുടെ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി, ഇന്ത്യയിലെ പ്രമുഖ സിറ്റികളില്‍ സംഘടിപ്പിക്കപ്പെടുന്ന അക്കാദമിക്‌ പരിപാടികള്‍ക്കു ഇതോടെ തുടക്കമാകും. 

പാണക്കാട്‌ സയ്യിദ്‌ സ്വദിഖലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തും. ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ആമുഖഭാഷണം നിര്‍വ്വഹിക്കും. ലിബിയന്‍ അംബാസിഡര്‍ ഡോ. ഉസ്‌മാന്‍ ഇബ്‌റാഹീം, ഐ.സി.സി.ആര്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ശാഹിദ്‌ മഹ്‌ദി, കുവൈത്ത്‌ ഔഖാഫ്‌ മന്ത്രാലയത്തിലെ സീനിയര്‍ ഓഫീസര്‍ ഡോ. മന്‍സൂര്‍ ജബാറ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ദാറുല്‍ഹുദാ സെക്രട്ടറിമാരായ ഡോ. യു.വി.കെ. മുഹമ്മദ്‌, ഹാജി യു. മുഹമ്മദ്‌ ശാഫി, മര്‍ഗൂബുര്‍റഹ്മാന്‍ സുബ്‌ഹാനി, ഖുര്‍റം അനീസ്‌ തുടങ്ങിയവര്‍ സംബന്ധിക്കും. 

നാലുമണിക്കു നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ ജാമിയമില്ലിയ്യ സാക്കിര്‍ ഹുസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ഡയറക്‌ടര്‍ പ്രൊഫ. അക്തറുല്‍ വാസീ ആധ്യക്ഷ്യം വഹിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യ്‌ല്‍ സയന്‍സ്‌ (ബാംഗ്ലൂര്‍) അസിസ്റ്റന്റ്‌ പ്രൊഫ. യോഗീന്ദര്‍ സിക്കന്ദ്‌, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ അസോസിയേറ്റ്‌ പ്രൊഫസര്‍ ഡോ. അര്‍ഷദ്‌ ആലം, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി. പ്രൊഫ: ഡോ. ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. നവാസ്‌ നിസാര്‍ (അസി. പ്രൊഫ: ഡല്‍ഹി യൂണിവേഴ്‌സിറ്റി) സെമിനാറിന്റെ ആവശ്യകതയും പശ്ചാത്തലവും വിശദീകരിക്കും. ഉത്തരേന്ത്യന്‍ മദ്‌റസകളും ദക്ഷിണേന്ത്യേന്‍ മദ്‌റസകളും: ഒരു താരതമ്യം, ഉത്തരേന്ത്യന്‍ മുസ്‌ലിം വിദ്യാഭ്യാസത്തിലെ അപാകതകള്‍, മുസ്‌ലിം മത വിദ്യാഭ്യാസത്തിന്റെ കേരളീയ മാതൃക തുടങ്ങിയ വിഷയങ്ങളിലാണ്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാഭ്യാസ അവലോകനവും ദാറുല്‍ഹുദാ മോഡല്‍ വിദ്യാഭ്യാസ രീതി പരിചയപ്പെടുത്തലും അവ പ്രചരിപ്പിക്കുന്നതിന്റെ സാധ്യതകള്‍ കണ്ടെത്തലുമാണ്‌ സെമിനാറിന്റെ ലക്ഷ്യം.

പരിപാടിയില്‍ മത സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുക്കും. അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ജാമിയമില്ലിയ്യ ഇസ്‌ലാമിയ്യ, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദയൂബന്ദ്‌ ദാറുല്‍ ഉലൂം തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിവിധ വകുപ്പുമേധാവികളും പ്രൊഫസര്‍മാരും തെരഞ്ഞെടുത്ത വിദ്യാരര്‍ത്ഥികളും പ്രത്യേകം ക്ഷണിതാക്കളായിരിക്കും.