ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ് സംസ്ഥാന തല ഉദ്ഘാടനം വല്ലപ്പുഴയില്‍

പെരിന്തല്‍മണ്ണ : ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ് മേഖലാ മല്‍സരങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 8, 9 (ശനി, ഞായര്‍) തിയ്യതികളില്‍ വല്ലപ്പുഴ എസ്.കെ.ഡി.ഐ യതീംഖാന കാമ്പസില്‍ നടക്കും. ജാമിഅഃ നൂരിയ്യ അറബിയ്യക്ക് കീഴില്‍ സംസ്ഥാനത്തും പുറത്തുമായി പ്രവര്‍ത്തിച്ചു വരുന്ന അമ്പത് ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് കലാമല്‍സരത്തില്‍ പങ്കെടുക്കുക. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകള്‍ ഉള്‍കൊള്ളുന്ന സൗത്ത് സോണിലെ സ്ഥാപനങ്ങളുടെ മല്‍സരമാണ് വല്ലപ്പുഴയില്‍ നടക്കുക.

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ 55 ഇനങ്ങളില്‍ മാറ്റുരക്കും. 8ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ മല്‍സര പരിപാടികള്‍ക്ക് തുടക്കമാവും. വൈകിട്ട് 6.30ന് ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനം പാലക്കാട് ജില്ലാ കലക്ടര്‍ കെ.രാമ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 9 ന് ഞായര്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സി.പി മുഹമ്മദ് എം.എല്‍.എ സമ്മാന ദാനം നടത്തും. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സി.എം.എ കരീം സാഹിബ്, കെ. മമ്മദ് ഫൈസി, മരക്കാര്‍ മാരായമംഗലം, കെ.അബ്ദുറഹിമാന്‍ പ്രസംഗിക്കും.

നവംബര്‍ 13, 14 തിയ്യതികള്‍ കരുവാരക്കുണ്ട് ദാറുന്നജാത്തില്‍ നടക്കുന്ന ഈസ്റ്റ് സോണ്‍ മല്‍സരം മന്ത്രി എ.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 20, 21 തിയ്യതികളില്‍ തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ വെസ്റ്റ് സോണ്‍ മല്‍സരവും നവംബര്‍ 27, 28 തിയ്യതികളില്‍ പേരാമ്പ്ര ജബലുന്നൂര്‍ ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോളേജില്‍ നോര്‍ത്ത് സോണ്‍ മല്‍സരവും നടക്കും.
- Secretary Jamia Nooriya