മത്വാഫ് വിപുലീകരണം: അബ്ബാസിയ ഖുബ്ബകള്‍ പൊളിച്ചുമാറ്റല്‍ തുടങ്ങി

മക്ക : വിശുദ്ധ മക്കയിലെ മത്വാഫ് വികസനത്തിന്റെ ഭാഗമായി കിഴക്ക് ഭാഗത്തെ ഇടനാഴിയിലെ അബ്ബാസിയ ഖുബ്ബകള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങി. ത്വവാഫ്, സഅ്‌യ് ചെയ്യുന്നവര്‍ക്ക് തടസ്സമുണ്ടാക്കാത്ത വിധത്തില്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചാണ് ഖുബ്ബയുടെ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ പൊട്ടിക്കുന്നത്. അബ്ബാസിയ ഭരണാധികാരികളായ മഹ്ദിയും ഹാദിയുമായിരുന്നു ഈ ഇടനാഴി വിശാലമാക്കിയതും ഖുബ്ബകള്‍ സ്ഥാപിച്ചതും.
വടക്കുഭാഗം വിശാലമാക്കുന്നതിന്റെ ഭാഗമായി മസ്അയുടെ കിഴക്കേ മൂല മുതല്‍ ഹറമിന്റെ വടക്കേ അറ്റത്തുള്ള മക്ബരിയ്യ വരെയുള്ള ഭാഗങ്ങള്‍ ഇപ്പോള്‍ പൊളിച്ചുമാറ്റുന്നവയില്‍ പെടും. ഒന്ന്, രണ്ട് നിലകളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന മേഖലകള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. മത്വാഫ് വികസനം പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് ത്വവാഫ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ ഹറം നിലനിര്‍ത്തിക്കൊണ്ടാണ് വികസനം നടക്കുന്നത്. ഈ ഭാഗത്തെ മത്വാഫിന്റെ നിരപ്പുമായി പഴയ ഹറമിന്റെ ഭാഗം സമമാക്കും.