ജാമിഅ: നൂരിയ്യ: ഗോള്‍ഡന്‍ ജൂബിലി; മഹല്ല് സമ്മേളനങ്ങള്‍ക്ക് പൊന്നാനിയില്‍ തുടക്കമായി

പട്ടിക്കാട് ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി
മഹല്ല് സമ്മേളനങ്ങളുടെ സംസ്ഥാനതല
ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി
ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
പൊന്നാനി: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന മഹല്ല് സമ്മേളനങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ തറവാടായ പൊന്നാനി മഖ്ദൂം നഗറില്‍ തുടക്കമായി. പൊന്നാനി ജുമുഅത്ത് പള്ളി പരിസരത്ത് നടന്ന പ്രൗഢമായ ചടങ്ങില്‍ മഹല്ല് സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ വളരുന്നതിനെപ്പറ്റി പരിതപിച്ചു കൊണ്ടിരിക്കുന്നതിനു പകരം ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ മഹല്ലുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. നാട്ടില്‍ നടക്കുന്ന ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കേണ്ടത് മഹല്ല് കമ്മിറ്റികളുടെ നിര്‍ബന്ധ ബാധ്യതയാണ്. പൊന്നാനി മഖ്ദൂം സയ്യിദ് എം.പി. മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. 
 ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യ
പ്രഭാഷണം നടത്തുന്നു
പൂര്‍വസൂരികളുടെ സംശുദ്ധജീവിതങ്ങള്‍ കേരള മുസ്ലിംകള്‍ക്ക് സന്‍മാര്‍ഗം കാണിച്ച പ്രകാശദീപങ്ങളാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പറഞ്ഞു. കുഞ്ഞാവ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, മഊനത്ത് ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, പി.വി. മുഹമ്മദ്കുട്ടി ഫൈസി, പി.വി. മുഹമ്മദ് മൗലവി, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ടി.എ. റശീദ് ഫൈസി, ശഹീര്‍ അന്‍വരി, റാഫി പെരുമുക്ക്, എ.കെ.കെ. മരക്കാര്‍, എ.പി. ഹസൈനാര്‍ ഫൈസി, റഫീഖ് ഫൈസി തെങ്ങില്‍, എ.വി.അസീസ് മൗലവി പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഖാസിം ഫൈസി പോത്തനൂര്‍ സ്വാഗതവും കെ.വി.എ. മജീദ് ഫൈസി നന്ദിയും പറഞ്ഞു.