മഞ്ചേരി: ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനും പണ്ഡിതനും ഏറനാട് താലൂക്കില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്‍നിരക്കാരനുമായിരുന്ന നെല്ലിക്കുത്ത് ആലിമുസ്‌ലിയാര്‍ക്ക് ജന്മനാട്ടില്‍ മഞ്ചേരി നഗരസഭ നിര്‍മിച്ച സ്മാരകം അവഗണനയില്‍. ഏറെക്കാലത്തെ ആഗ്രഹമെന്ന നിലയ്ക്കാണ് ആലിമുസ്‌ലിയാര്‍ക്ക് ഉചിതമായ സ്മാരകം സ്വദേശമായ നെല്ലിക്കുത്തില്‍ പൂര്‍ത്തിയാക്കിയത്.
![]() |
ആലി മുസ്ല്യാർ |
മഞ്ചേരിക്കാര്‍ ഏറെ ആവേശത്തോടെയാണ് സ്മാരകനിര്‍മാണത്തെ നോക്കിക്കണ്ടത്. വെള്ളുവങ്ങാട് തോട്ടിന്‍കരയില്‍ റവന്യു ഭൂമിയില്‍ 1999-ല്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയാണ് സ്മാരകം ഉദ്ഘാടനംചെയ്തത്.
അന്നത്തെ നഗരസഭാ ചെയര്‍മാനായിരുന്ന അസൈന്‍ കാരാടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, മ്യൂസിയം, വേഷണകേന്ദ്രം എന്നിങ്ങനെ വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തിരുന്നു.
നിര്‍മിച്ച കെട്ടിടം പൂര്‍ണമായും ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ അന്നത്തെ ഭരണസമിതിക്കോ തുടര്‍ന്നുവന്ന നഗരസഭാ സമിതികള്‍ക്കോ കഴിഞ്ഞില്ല.
1921 ആഗസ്ത് 30ന് തിരൂരങ്ങാടി പള്ളി വളഞ്ഞ ബ്രിട്ടീഷുകാര്‍ക്ക് മുമ്പാകെ കീഴടങ്ങിയ ആലിമുസ്‌ലിയാരെ കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റിയത് 1922 ഫിബ്രവരി 17നാണ്. ജീവന്‍വെടിഞ്ഞ് 90 വര്‍ഷം പിന്നിടുമ്പോഴും ജന്മനാട്ടിലെ സ്മാരകത്തോടുള്ള അവഗണന തുടരുകയാണ്.
ആലിമുസ്‌ലിയാരെ അറസ്റ്റുചെയ്തശേഷം ബ്രിട്ടീഷ് പട്ടാളം നെല്ലിക്കുത്ത് എത്തി വീട് അഗ്‌നിക്കിരയാക്കുകയും ഗ്രന്ഥങ്ങള്‍ വലിച്ചെറിഞ്ഞ് ബൂട്ടിട്ട്
ചവിട്ടുകയും ചെയ്ത് പകതീര്‍ക്കുകയായിരുന്നു. അതിക്രമങ്ങളില്‍ ബാക്കിയായ ആലിമുസ്‌ലിയാരുടെ ഗ്രന്ഥശേഖരവും കൈയെഴുത്ത് പ്രതികളും അമൂല്യനിധിപോലെ സൂക്ഷിച്ചിരുന്ന പൗത്രന്‍ മുഹമ്മദലി മുസ്‌ലിയാര്‍ ശരിയാംവണ്ണം സൂക്ഷിക്കുകയാണെങ്കില്‍ സ്മാരകത്തിലെ മ്യൂസിയത്തിലേക്ക് നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തിരുന്നു. അത് ഏറ്റുവാങ്ങി സംരക്ഷിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചില്ല.
ലൈബ്രറിയിലേക്ക് നഗരസഭ മൂന്നുലക്ഷം രൂപയുടെ പുസ്തകങ്ങള്‍ പലപ്പോഴായി വാങ്ങി. ഫര്‍ണിച്ചറുകളും ലഭ്യമാക്കി. പക്ഷേ പ്രവര്‍ത്തിപ്പിക്കാന്‍ ലൈബ്രേറിയനെ വെച്ചില്ല. അനുമതി തേടി തദ്ദേശ ഭരണ വകുപ്പിന് കത്തയച്ചെങ്കിലും 3000 രൂപ മാസവേതനത്തില്‍ ലൈബ്രേറിയനെ നിയമിക്കാനാണ് അനുവദിച്ചത്.
ഗവേഷണകേന്ദ്രം പോകട്ടെ ലൈബ്രറിയും കോണ്‍ഫറന്‍സ് ഹാളും പ്രയോജനപ്പെടുത്താന്‍ വര്‍ഷങ്ങളായിട്ടും സാധിക്കുന്നില്ല.(അവ.മാതൃഭൂമി)