ന്യൂനപക്ഷ ശാക്തീകരണത്തിന് പൗരസമൂഹങ്ങളുടെ പിന്തുണ അനിവാര്യം: പ്രൊഫ. ടി.കെ. ഉമ്മന്‍

ന്യൂഡല്‍ഹി: ന്യൂനപക്ഷ ശാക്തീകരണ പ്രക്രിയ ഇന്ത്യയിലെ അധികാര കേന്ദ്രങ്ങള്‍ക്ക് മാത്രം നിര്‍വഹിക്കാവുന്ന ഒന്നല്ലെന്നും രാഷ്ട്രീയേതര പൗരസമൂഹങ്ങളുടെ പിന്തുണയും സേവനവും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണെന്നും പ്രൊഫ. ടി.കെ ഉമ്മന്‍. മൂന്നാമത് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലക്ചര്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാക്തീകരണ പ്രക്രിയയില്‍ സര്‍ക്കാറിനെ സഹായിക്കാന്‍ ഇത്തരം പൗര സമൂഹങ്ങള്‍ക്കു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ തങ്ങളുടെതായ സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വഖഫ് പോലുള്ള വരുമാന മാര്‍ഗങ്ങള്‍ തന്നെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വലിയ ഉപാധിയാണെന്നും അദ്ദേഹം പറഞ്ഞു.ജനാധിപത്യപരമായി സാമൂഹ്യ ഉള്‍കൊള്ളലുകള്‍ക്ക് വിവിധ ശ്രമങ്ങള്‍ നടക്കുന്നുവെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുസ്‌ലിം പ്രാതിനിധ്യം നാമമാത്രമായി ചരുങ്ങുന്നതിന് പിന്നില്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുവെന്ന് പ്രൊഫ. ടി.കെ. ഉമ്മന്‍ ചൂണ്ടിക്കാട്ടി. യു.പിയിലെയും ബീഹാറിലെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ സംവരണ മണ്ഡലങ്ങളാക്കി ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലായ്മ ചെയ്യാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് ഉദാഹരണ സഹിതം അദ്ദേഹം വ്യക്തമാക്കി.
ലക്ചറിനു മുന്നേടിയായി 'ഡെവലപ്‌മെന്റ്, എംപവര്‍മെന്റ് ആന്റ് സോഷ്യല്‍ ജസ്റ്റിസ്: പേസ്പക്ടീവ്‌സ് ഓണ്‍ മുസ്‌ലിംസ് ഇന്‍ പോസ്റ്റ് കൊളോണിയല്‍ ഇന്ത്യ' എന്ന പ്രമേയത്തില്‍ ദേശീയ സെമിനാര്‍ ജെ.എന്‍.യു സ്‌കൂള്‍ ഓഫ് ലാഗ്വേജസ് കമ്മിറ്റി റൂമില്‍ നടന്നു. വിവിധ സെഷനുകളിലായി പ്രെഫ. എ.കെ. രാമകൃഷ്ണന്‍ (ജെ.എന്‍.യു.), പ്രൊഫ. ദീപക് മേത്ത(ഡി.എസ്.ഇ.), പ്രൊഫ. പയസ് മേലകണ്ടത്തില്‍ (ജെ.എന്‍.യു.), പ്രൊഫ. അക്തര്‍ സിദ്ധീഖി (ജാമിയ), ഡോ. ബിമോല്‍ അകിജാം (ജെ.എന്.യു.), ഡോ. അബ്ദുല്‍ വഹീദ് (അലീഗഢ്) തുടങ്ങിയവര്‍ സംബന്ധിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മൈനോരിറ്റി സ്റ്റഡീസ് ആന്റ് ഇന്‍ക്ലൂസീവ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ലക്ചര്‍ പരമ്പര സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ന്യൂനപക്ഷ രാഷ്ട്രീയ സാമൂഹ്യ വശങ്ങളെ അധികരിച്ചു നടന്ന ലക്ചറുകള്‍ പ്രെഫ. മുശീറുല്‍ ഹസന്‍, പ്രൊഫ. ഇംതിയാസ് അഹമ്മദ് തുടങ്ങിയ പ്രമുഖ അക്കാദമിക വ്യക്തിത്വങ്ങളാണ് നിര്‍വഹിച്ചിരുന്നത്.