ദുല്‍ഹജ്ജിലെ പത്ത്‌ ദിനരാത്രങ്ങള്‍; കര്‍മങ്ങളും ശ്രേഷ്ട്ടതകളും

ല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്‍റെ ദാസന്മാര്‍ക്ക് സല്‍കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനുവേണ്ടി അവന്‍ പ്രത്യേക കാലവും സമയവും നിര്‍ണ്ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത് അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത്‌ ദിനരാത്രങ്ങള്‍. പ്രസ്തുത ദിവസങ്ങള്‍ക്കുള്ള മഹത്തങ്ങളും ശ്രേഷ്ട്ടതകളും വിവരിക്കുന്ന അനേകം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്. 

ഒന്ന്: അല്ലാഹു പറയുന്നു وَالْفَجْرِ وَلَيَالٍ عَشْرٍ “പ്രഭാതം തന്നെയാണ
സത്യം. പത്തു രാത്രികള്‍ തന്നെയാണ സത്യം.” (ഫജ്ര്‍ 1 ,2 )
ഇവിടെ ആയത്തില്‍ പറയുന്ന പത്ത്‌ രാവുകള്‍ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹജ്ജു മാസത്തിലെ പത്ത്‌ രാത്രികളാണെന്നാണ് മഹാനായ ഇബ്നു കസീര്‍ (റ)തന്‍റെ തഫ്സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട്: മറ്റൊരു ഖുര്‍ആന്‍ വചനം കാണുക, അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഹജ്ജ് 28 )
മേല്‍കൊടുത്ത വചനത്തിലെ നിശ്ചിത ദിവസങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്,
ദുല്‍ഹജ്ജിലെ പത്ത്‌ ദിവസങ്ങളാണ് എന്ന് ഇബ്നു അബ്ബാസ് (റ)വില്‍നിന്നും
ഉദ്ധരിക്കപ്പെടുന്നുണ്ട്‌.

മൂന്ന്: നബി (സ്വ)പറഞ്ഞു: “ഈ പത്ത്‌ ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മ്മങ്ങളെക്കാള്‍ ശ്രേഷ്ട്ടമായ മറ്റൊരു കര്‍മ്മവുമില്ല. സ്വഹാബികള്‍ ചോദിച്ചു, അപ്പോള്‍ ജിഹാദോ? നബി(സ്വ)പറഞ്ഞു ഒരാള്‍ തന്‍റെ സമ്പത്തും
ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചു വരാത്തവിധം എല്ലാം
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചാലല്ലാതെ
അതും(ജിഹാദും)ഈ ദിവസങ്ങളിലെ സല്‍കര്‍മ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല” (ബുഖാരി)

നാല്: അബ്ദുല്ലാഹിബ്നു ഉമര്‍(റ)വില്‍ നിന്നും :നബി(സ്വ)പറയുന്നത് ഞാന്‍
കേട്ടു, ഈ ദിവസങ്ങളെ പോലെ അല്ലാഹുവിങ്കല്‍ മഹത്തായ മറൊരുദിവസവുമില്ല ഈ
ദിവസങ്ങളില്‍ നിര്‍വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങളെപ്പോലെ അല്ലാഹുവിനു
ഇഷ്ട്ടമുള്ള മറ്റുകര്‍മ്മങ്ങളുമില്ല. അത് കൊണ്ട്‌ നിങ്ങള്‍
സ്തുതികീര്‍ത്തനങ്ങളും തക്ബീറുകളും തഹ് ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക (ത്വര്മാനി മുഅജമുല്‍ കബീര്‍)

അഞ്ച്: സഈദുബ്നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങള്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കാന്‍
പരിശ്രമിക്കുമായിരുന്നു. (ദാമിരി)

ആറ്: മേല്‍ പറയപ്പെട്ട ദിനരാത്രങ്ങള്‍ക്ക് ഇത്രമാത്രം മഹത്ത്വമുണ്ടാകാനുള്ള
കാരണം ഈ ദിവസങ്ങളിലെതുപോലെ, ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ
നമസ്കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും
ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു. (ഇബ്നു ഹജറുല്‍ അസ്ഖ്വലാനി ഫത്ഹുല്‍ ബാരി )

പ്രത്യേകം ശ്രദ്ധിക്കുക: ദുല്‍ഹജ്ജിലെ ആദ്യ പത്ത്‌ ദിവസങ്ങള്‍ക്ക്
പ്രത്യേകതയുള്ളതിനാല്‍ നാം നിര്‍വ്വഹിക്കുന്ന കര്‍മ്മങ്ങള്‍ കൂടുതല്‍
ശ്രദ്ധയോടെയും പരിപൂര്‍ണ്ണ രൂപത്തിലും നിര്‍വ്വഹിക്കുവാന്‍ നാം പ്രത്യേകം
ശ്രദ്ധിക്കേണ്ടതാണ്. നമസ്കാരം, ഫര്‍ള് നമസ്കാരങ്ങള്‍ സമയമായാല്‍ കഴിവതും ജമാഅതതായി പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കുക. സുന്നത്ത് നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ട്ടിക്കുക എന്നിവയെല്ലാം ഏറ്റവും ശ്രേഷ്ട്ടകരമായ കര്‍മ്മങ്ങള്‍ ആകുന്നു. എന്നാല്‍ ഇവ ദുല്‍ഹജ്ജ് മാസത്തില്‍ മാത്രമായി പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളല്ല; മറിച്ച് എല്ലാ കാലങ്ങളിലും പാലിക്കേണ്ടതാണ്. സൌബാന്‍ (റ)ല്‍ നിന്ന് നബി(സ്വ)പറഞ്ഞു: നിങ്ങള്‍ സുജൂദുകള്‍ അധികരിപ്പിക്കുക ഏതൊരു മനുഷ്യനും അവന്‍ നിര്‍വ്വഹിക്കുന്ന ഓരോ സുജൂദുകള്‍ മുഖേനയും അവന്‍റെ പദവികള്‍ ഉയര്‍ത്തുകയോ പാപങ്ങള്‍ മായ്ക്കുകയോ ചെയ്തുകൊണ്ടല്ലാതെ നിര്‍വഹിക്കുന്നില്ല. (മുസ്ലിം)

നോമ്പ്, 
നബി(സ്വ)ദുല്‍ഹജ്ജ് ഒമ്പത്, മുഹറം പത്ത്‌, എല്ലാമാസത്തിലെയും പൌര്‍ണ്ണമി
ദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ജ് എന്നീ ദിവസങ്ങളില്‍
നോമ്പനുഷ്ട്ടിക്കാറുണ്ടായിരുന്നു. (മുസ്ലിം) ഇമാം നവവി(റ) ദുല്‍ഹജ്ജ് ഒന്നു
മുതല്‍ ഒമ്പത് കൂടിയ ദിവസങ്ങളില്‍ തുടര്‍ച്ചയായി നോമ്പനുഷ്ട്ടിക്കല്‍
നല്ലതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

*അറഫാദിനം*
ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക്
അറഫ ദിവസത്തില്‍ നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്. അത് കഴിഞ്ഞ്‌പോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ പാപങ്ങളെ പൊറുപ്പിക്കാന്‍ പര്യാപ്തമാണ് (മുസ്ലിം)

പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ നരഗത്തില്‍ നിന്നും അല്ലാഹു മോചിപ്പിക്കുക എന്നും അതുപോലെ അല്ലാഹു തന്‍റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനം നടിക്കുകയും ചെയ്യുമെന്നും ഹദീസുകളില്‍ കാണാവുന്നതാണ്.

*തക്ബീറുകള്‍**
ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ത്വര്‍ബാനി ഉദ്ധരിച്ച മുകളില്‍ സൂചിപ്പിച്ച ഹദീസിന്റെ അടിസ്ഥാനത്തില്‍ തക്ബീര്‍, ലാ ഇലാഹ ഇല്ലല്ലാഹ്, അല്‍ഹംദു ലില്ലാ എന്നീ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന കീര്‍ത്തനങ്ങള്‍ പ്രസ്തുത ദിവസങ്ങളില്‍ അധികരിപ്പിക്കെണ്ടാതാണ്.
ഇബ്നു ഉമര്‍, അബു ഹുറൈറ(റ) എന്നിവര്‍ ഈ ദിവസങ്ങളില്‍ അങ്ങാടികളിലിറങ്ങി തക്ബീര്‍ ചൊല്ലുകയും അത് കേട്ടു മറ്റു ജനങ്ങളും തക്ബീര്‍ ചൊല്ലിയിരുന്നു (ബുഖാരി) അതുപോലെ മിനായില്‍ വെച്ചും തക്ബീര്‍ ചൊല്ലുകയും അങ്ങനെ പള്ളികളിലും അങ്ങാടികളില്‍ ഉള്ളവരും തക്ബീര്‍ ചൊല്ലി മിന തക്ബീര്‍കളാല്‍ മുഴങ്ങാരുണ്ടായിരുന്നു എന്നും ഹദീസുകളില്‍ കാണാവുന്നതാണ് 

*ബലിദിനം*
ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതും, എന്നാല്‍ ദുഹജ്ജ്
മാസത്തിലെ വളരെ മഹത്വമുള്ളതുമായ ഒരു ദിവസമാകുന്നു ബാലിദിനം. ദിവസങ്ങളില്‍ ഏറ്റവും മഹത്വമുള്ള ബലി ദിവസം (ദുല്‍ഹജ്ജ് പത്ത്‌)ആകുന്നു. എന്ന് വ്യക്തമാക്കിക്കൊണ്ട് ഇമാം അബൂദാവൂദ് തന്‍റെ സുനനില്‍ ഇപ്രകാരം ഒരു ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത് കാണാം അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ട്ടമായ ദിനം ബാലിദിനവും പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂട്ടുന്ന ദിനവുമാണ്. (അബൂദാവൂദ്) അതുകൊണ്ട് ദുല്‍ഹജ്ജ് പത്ത് ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാതെ ആരാധനകളും പുണ്യകര്‍മ്മങ്ങളും കൂടി നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

*ഉദുഹിയത്തു*
ദുല്‍ഹജ്ജ് പത്ത്‌ ബലിദിനം യൌമുന്നഹര്‍ എന്ന് പ്രവാചകന്‍ (സ്വ)ഹദീസുകളിലൂടെ വ്യക്തമാക്കിയതില്‍ നിന്നു തന്നെ അന്ന്നിര്‍വ്വഹിക്കാനുള്ള പ്രധാന കര്‍മ്മം
ബലികര്‍മ്മം (ഉദുഹിയത്തു )ആണെന്ന് മനസ്സിലാക്കാവുന്നതാണ്. നബി (സ്വ)പറഞ്ഞു: കഴിവുണ്ടായിരുന്നിട്ടും ഉദുഹിയത്തു നിര്‍വ്വഹിക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്കാര സ്ഥലത്തുപോലും അടുക്കെണ്ടതില്ല (അഹ്മദ്, ഇബ്നു മാജ). അത്തരക്കാര്‍ക്കു സ്വന്തം മകനെ അല്ലാഹുവിന്‍റെ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായ ഖലീലുല്ലാഹി ഇബ്രാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രം അയവിറക്കി
പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ല. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ്
നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും
സൗകര്യങ്ങളും നല്‍കി അനുഗ്രഹിച്ച അല്ലാഹു ഇങ്ങിനെയൊരു കാര്യം
ആവശ്യപ്പെടുന്നത്! എന്നിട്ടും അത് അവഗണിച്ച് അതില്‍ നിന്നും തിരിഞ്ഞു
കളയുന്നു.!? ചിന്തിക്കുക പലപ്പോഴും ഐഹിക ജീവിതത്തിനുപോലും യാതൊരു ഉപകാരവുമില്ലാത്ത വിഷയങ്ങളില്‍ ഓരോ വര്‍ഷവും നാം എത്ര പണം അനാവശ്യമായി നശിപ്പിച്ചു കളയുന്നു? അതുകൊണ്ട് ഇപ്പോള്‍ തന്നെ ഒരു തീരുമാനമെടുക്കുക, കൊല്ലത്തില്‍ ആയിരം രൂപ ഉദുഹിയത്തിന്നായി മാറ്റിവെച്ച് തഖ് വയുള്ളവനായി ജീവിച്ച് തനിക്കും തന്നെ ആശ്രയിച്ച്ജീവിക്കുന്ന തന്‍റെ കുടുംബത്തിനും മറ്റു വിശ്വാസികളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുവാനും, ഞാന്‍ മുസ്ലിംകളില്‍ പെട്ടവനാണ് എന്ന പ്രതിജ്ഞ യാഥാര്‍ത്യമാക്കി ജീവിക്കുവാനും തയ്യാറെടുക്കുക.

*പങ്ക് ചേര്‍ന്നും അറക്കാം*
ഒട്ടകം, മാട്, വര്‍ഗ്ഗം എന്നിവയില്‍ ഏഴ് പെര്‍ക്കുവരെ പങ്ക് ചേര്‍ന്ന്
അറുക്കുവാന്‍ ഇസ്‌ലാം സൗകര്യം ചെയ്തു തന്നിരിക്കുന്നു. എന്നിട്ടെങ്കിലും ഈ
പുണ്യ കര്‍മ്മത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നതിനു
വേണ്ടിയത്രെ ഇത്. എന്നാല്‍ ആടില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്ക് ചെരാവതല്ല.
അത് പോലെ ഒരാള്‍ക്ക്‌ ഒരു മൃഗത്തെ തന്നെ, തനിക്കും തന്‍റെ കുടുംബത്തിനും കൂടി അറുക്കാവുന്നതാണ്. അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ)ല്‍ നിന്നും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ്വ)യുടെ കാലത്ത് ഒരാള്‍ തനിക്കും തന്‍റെ വീട്ടുകാര്‍ക്കും കൂടി ഒരാടിനെ ബാലിയറുക്കുകയും അവരതില്‍ നിന്നു ഭക്ഷിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും ചെയ്യുമായിരുന്നു. (ഇബ്നുമാജ ,തിര്‍മുദി )

*മൃഗത്തിന്റെ സ്വഭാവം*
കഴിവതും തടിച്ചു കൊഴുത്തതും ആരോഗ്യമുള്ളതും വൈകല്യങ്ങള്‍ ഇല്ലാത്തതുമായ നല്ലയിനം മൃഗമായിരിക്കണം ഉദുഹിയത്തിനായി തിരഞ്ഞെടുക്കേണ്ടത് എന്ന് ഹദീസുകളില്‍ കാണാവുന്നതാണ്. നബി(സ്വ)പറഞ്ഞു, കണ്ണിനു തകരാറുള്ളത്, രോഗം പ്രകടമായത്, മുടന്ത് കാലുള്ളത്, മെലിഞ്ഞു കൊഴുപ്പൊക്കെ നശിച്ചത് എന്നീ നാലുതരം മൃഗങ്ങള്‍
ബലിയറുക്കാന്‍ അനുവദനീയമല്ല. (അഹ്മദ്)

*അറുക്കേണ്ട സമയം*
പെരുന്നാള്‍ നമസ്കാര ശേഷം മാത്രമേ അറുക്കല്‍ അനുവദനിക്കപ്പെടുന്നുള്ളൂ.
നബി(സ്വ)പറഞ്ഞു: ഈ ദിവസത്തില്‍ ആദ്യമായി നാം നിര്‍വ്വഹിക്കുന്നത് നമസ്കാരമാണ്,
പിന്നെ നാം മടങ്ങുകയും ബാലിയറുക്കുകയും ചെയ്യണം ഇങ്ങിനെ ആരെങ്കിലും
പ്രവര്‍ത്തിച്ചാല്‍ അവന്‍ നമ്മുടെ സുന്നത്ത് പിന്‍പറ്റി. ആരെങ്കിലും
നമസ്കാരത്തിനു മുമ്പ് അറുത്താല്‍ അത് തന്‍റെ വീട്ടുകാര്‍ക്ക് മാംസത്തിനു
വേണ്ടി മാത്രമായിരിക്കും, ഉദുഹിയത്തില്‍ അത് ഉള്‍പ്പെടുന്നതല്ല. (മുസ്ലിം)
ദുല്‍ഹജ്ജ് പത്തിന് യൌമുന്നഹ്ര്‍ ബലിദിനം എന്ന് പേര് നല്‍കപ്പെട്ടതിനാല്‍
പ്രസ്തുത ദിനം തന്നെയാണ് അറവിന്നേറ്റവും ഉത്തമമായത് എന്ന കാര്യത്തില്‍
സംശയമില്ല. എന്നാല്‍ അയ്യാമു ത്തഷ് രീഖ് എന്നറിയപ്പെടുന്ന ദുല്‍ഹജ്ജ്
പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ ദിവസങ്ങളിലും അറുക്കുന്നതിനു
വിരോധമില്ല.

*മാംസവിതരണം*
അവയുടെ (നിങ്ങള്‍ അറുക്കുന്ന മ്രഗത്തിന്റെ) മാംസങ്ങളോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതല്ല എന്നാല്‍ നിങ്ങളുടെ തഖ് വ(ധര്‍മ്മനിഷ്ട്ട)യാണ് അവന്റെയടുത്ത് എത്തുന്നത്. (ഖുര്‍ആന്‍ 22 – 37) മാംസം വിതരണം ചെയ്യുന്നതിന് പ്രത്യേക അനുപാതമോ പരിധിയോ നിശ്ചയിക്കപ്പെട്ടിട്ടില്ല. ബലിയെ സംബന്ധിച്ച് പറയുന്നിടത്ത് വിശുദ്ധഖുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്.

ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍
പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ
വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു. (22 -36)

മറ്റൊരിടത്ത്; അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്
ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (22 – 28) ഇവിടെ നല്കപ്പെടെണ്ടവര്‍
പാവപ്പെട്ടവര്‍ യാചിച്ചുവരുന്നവര്‍ എന്ന് മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ള
നിബന്ധനകള്‍. അപ്രകാരം നിങ്ങള്‍ തിന്നുക, ദാനം ചെയ്യുക, സൂക്ഷികുക.
(തിര്‍മുദി) എന്നുമാത്രമാണ് ഹദീസുകളിലും വന്നിട്ടുള്ളത്. ഇവിടെയെല്ലാം
നിരുപാധികമായ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ അല്പം ഭക്ഷിക്കാന്‍
എടുക്കുകയും ബാക്കി ആവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും വിതരണം ചെയ്യുകയുമാണ്  ചെയ്യേണ്ടത് എന്നാണ് വ്യക്തമാകുന്നത്. 

അറവുകാരന് കൂലി
അറവുകാരന് കൂലി എന്ന നിലക്ക് മാംസമോ മൃഗത്തിന്റെ തോലോ നല്‍കരുതെന്ന് പ്രത്യേകം, ഹദീസുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട് അലി (റ)പറയുന്നു :നബി(സ്വ) തന്‍റെ ഒട്ടകത്തിന്റെ കാര്യം നിര്‍വ്വഹിക്കാനും, അതിന്‍റെ മാംസവും തോലും അതിന്മേലുള്ള വിരിപ്പും ദാനംചെയ്യുവാനും എന്നോട് കല്‍പ്പിച്ചു. ഞങ്ങള്‍ അവര്‍ക്ക് കൂലിയായി വേറെ സ്വന്തമായി നല്‍കുകയാണ് ചെയ്തിരുന്നത്. (ബുഖാരി,മുസ്ലിം) ഇക്കാര്യം നാമും, നമ്മുടെ അറവു സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

*അറുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്*
ഉദ്ഹിയത്തു കര്‍മ്മം ഉദ്ദേശിക്കുന്നവര്‍ ദുഹജ്ജ് മാസം പിറന്നു കഴിഞ്ഞാല്‍
തന്‍റെ ശരീര ഭാഗങ്ങളില്‍ നിന്ന് രോമങ്ങള്‍ നീക്കംചെയ്യുവാനോ നഖം മുറിക്കുവാനോ
പാടുള്ളതല്ല. ഉമ്മുസല്‍മ (റ)യില്‍നിന്നു നബി(സ്വ)പറഞ്ഞു: നിങ്ങളില്‍
ആരെങ്കിലും ഉദ്ഹിയത്തു ഉദ്ദേശിക്കുന്നുവെങ്കില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടു
കഴിഞ്ഞാല്‍ അറവു നടത്തുന്നത് വരെ അവന്‍റെ ശരീരത്തില്‍ നിന്ന് മുടികളും
നഖങ്ങളും നീക്കം ചെയ്യുന്നത് നിര്‍ത്തിവെക്കേണ്ടടതാണ്. (മുസ്ലിം)

കഴിവതും സ്വന്തമായി തന്നെ അറുക്കലാണ് ഏറ്റവും ഉത്തമം അതിനു പ്രയാസമുള്ളവര്‍
അറവു നടക്കുന്നിടത്ത് ഹാജരാകുവാനെങ്കിലും ശ്രദ്ധിച്ചിരിക്കണം. അറവിന്നു സാധാരണ
അറവിന്നുള്ള നിയമങ്ങള്‍ ഇവിടെയും പാലിക്കപ്പെടെണ്ടതാണ്. അറുക്കുമ്പോള്‍
ബിസ്മില്ലാഹി വല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു കൊണ്ടായിരിക്കണം അറുക്കേണ്ടത്.
പ്രവാചകന്‍(സ്വ) അപ്രകാരമായിരുന്നു നിര്‍വ്വഹിച്ചിരുന്നത് എന്ന് ഇമാം മുസ്ലിം
റിപ്പോര്‍ട്ട് ചെയ്തു ഹദീസുകളില്‍ വന്നിട്ടുണ്ട്. കൂടാതെ അറവിന് ശേഷം നബി(സ്വ)
ബലി അറുത്തപ്പോള്‍ അല്ലാഹുമ്മ തകബ്ബല്‍ മിന്‍ മുഹമ്മദിന്‍ (അല്ലാഹുവേ
മുഹമ്മദില്‍ നിന്നും ഇത് നീ സ്വീകരിക്കേണമേ )എന്ന് പ്രാര്‍ഥിചതായി മുസ്ലിമും
അബൂദാവൂദും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ നാമും അല്ലാഹുമ്മ തഖബ്ബല്‍
മിന്നീ (നാഥാ എന്നില്‍ നിന്നും ഇത് നീ സ്വീകരിക്കേണമേ) എന്നോ അല്ലെങ്കില്‍
നമ്മുടെ പേര് പറഞ്ഞോ പ്രാര്‍ഥിക്കുന്നത്‌ ഉത്തമമാണ്.

*നാമും ഒരുങ്ങുക*
സഹോദരങ്ങളെ മേല്‍പറഞ്ഞ നല്ല നാളുകളിലെക്കടുക്കുമ്പോള്‍ പുണ്യം നേടാനുള്ള
ആവേശവും ആത്മാര്‍ത്ഥതയും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ മാത്രമേ
നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുള്ളൂ. അതുകൊണ്ട്
ഒന്നാമതായി നാം നമ്മുടെ മനസ്സ് നന്നാക്കുക, കാരണം തെറ്റുകളില്‍ നിന്നും മുക്തി
നേടി പാപരഹിത മനസ്സുമായിട്ടായിരിക്കണം നാം എപ്പോഴും കഴിയേണ്ടത്. അതാകുന്നു
അല്ലാഹു ഇഷ്ട്ടപ്പെടുന്ന മാര്‍ഗം അല്ലാഹു പറയുന്നു: “നമ്മുടെ മാര്‍ഗത്തില്‍
സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ
ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു. (29 -69) ”
അതിനാല്‍ നമുക്കൊരുങ്ങാം തഖ് വയുള്ളവരായിത്തീരാന്‍ സ്വര്‍ഗ്ഗം
നേടിയെടുക്കാന്‍. “നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും,
ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട്
മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ
അത്‌. (3 -133) ”
വിജയികളെ ഖുര്‍ആന്‍ പരിച യപെടുത്തുന്നത് കാണുക,”അപ്പോള്‍ നാം അദ്ദേഹത്തിന്
ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍ ) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും,
അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്‌) പ്രാപ്തയാക്കുകയും ചെയ്തു.
തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക്
ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട്
പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ
കാണിക്കുന്നവരുമായിരുന്നു. (21 -90) ” -അനീസ്‌ അഹമദ്