ഹജ്ജിന്റെ തിരുകര്‍മങ്ങള്‍ക്കായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങളുടെ തല്‍ബിയത്തുകള്‍ മണ്ണിലും വിണ്ണിലും ആത്മീയ തേജസിന്റെ അലൗകിക ശോഭ ചൊരിഞ്ഞു. ഹസ്രത്ത് ഇബ്രാഹീം നബിയുടെ ത്യാഗോജ്വല ജീവിതത്തിന്റെയും ആത്മസമര്‍പണത്തിന്റെയും മഹനീയ മാതൃകകള്‍ വിശ്വാസികള്‍ക്ക് ജീവിതത്തില്‍ പകര്‍ത്താന്‍ കൈവന്ന കനകാവസരം.
മിനയിലെയും അറഫയിലെയും ക്യാമ്പുകളില്‍ സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തമ്പുകള്‍ക്ക് പുറത്ത് വിശ്രമിക്കുന്നതും അലഞ്ഞുതിരിയുന്നതും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. അറഫയില്‍ ളുഹ്ര്‍, അസര്‍ നിസ്‌കാരങ്ങള്‍ ഒരുമിച്ച് രണ്ടു റക്അത്ത് വീതമാണ് നിസ്‌കരിക്കുക. നിസ്‌കാരത്തിനും ഖുതുബക്കും സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് നേതൃത്വം നല്‍കും. ഉച്ച തിരിഞ്ഞ് സന്ധ്യവരെയാണ് തീര്‍ഥാടകര്‍ അറഫയില്‍ കഴിച്ചുകൂട്ടുക. തുടര്‍ന്ന് മുസ്ദലിഫയിലേക്ക് നീങ്ങും. ഇവിടെയെത്തിയ ശേഷം ഹാജിമാര്‍ മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കും.
