ജാതി സംഘടനകളും മാധ്യമങ്ങളും നീതി കാണിക്കണം എസ്.വൈ.എസ്

കോഴിക്കോട് :ആയിരത്തിലധികം പള്ളികളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്യക്ഷനും, എസ്.വൈ.എസ്. സംസ്ഥാന അദ്യക്ഷനുമായ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങളെ ഇകഴ്ത്താന്‍ ചിലര്‍ നടത്തിയ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സുന്നി യുവജന സംഘം അടിയന്തിര സെക്രട്ടറിയേറ്റ് യോഗം അഭിപ്പായപ്പെട്ടു.കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ അദ്യക്ഷത വഹിച്ചു. സംശുദ്ധ ജീവിതത്തിന്റെ അടയാളമായ ഹൈദര്‍ അലി തങ്ങളെ സാങ്കേതികമായി അദ്യക്ഷനായ ഒരു സംഘടനയുടെ മറവില്‍ ഇകഴ്ത്താന്‍ ചിലര്‍ നടത്തിയ ബോധപൂര്‍വ്വ നീക്കം തിരിച്ചറിയണമെന്ന് യോഗം പ്രബുദ്ധ സമൂഹത്തോടാവശ്യപ്പെട്ടു.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ജാതി സംഘടനകളിലെ ചില നേതാക്കള്‍ കുറച്ച് കാലമായി തുടരുന്ന രീതികള്‍ അവരുടെ സമുദായത്തെ സംബന്ധിച്ച് സമൂഹം വെച്ചു പുലര്‍ത്തുന്ന ധാരണകള്‍ക്കെതിരാണ്. മുസ്‌ലിം സമുദായത്തെ അടക്കി ആക്ഷേപിക്കുക്കുകയാണവര്‍. നേതാക്കളെയും സമുദായത്തെയും ഇകഴ്ത്താന്‍ ആര് മുതിര്‍ന്നാലും അംഗീകരിക്കാനാവില്ലെന്നും, പ്രതിരോധിക്കുമെന്നും എസ്.വൈ.എസ്. മുന്നറിയിപ്പു നല്‍കി. ചില രാഷ്ട്രീയ നേതാക്കള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനാവുമോ എന്ന് നോക്കുകയാണ്. മുസ്‌ലിം സംഘടിത ശക്തിയില്‍ വിള്ളലുണ്ടാക്കി എന്തെങ്കിലുമൊക്കെ വ്യക്തി പരമായി നേടാനാണവര്‍ ശ്രമിക്കുന്നത്. നീതി ബോധമില്ലാത്ത ഇവരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമുദായത്തിന് ശക്തിയും കാര്യബോധവും ഉണ്ടെന്നും പ്രമേയത്തില്‍ മുന്നറിയിപ്പുനല്‍കി.
ജിന്ന്, പിശാച് വിഷയത്തില്‍ മുജാഹിദ് പ്രസ്ഥാനം അകപ്പെട്ട പ്രത്യയശാസ്ത്ര പരിക്കില്‍ നിന്ന് രക്ഷപ്പെടാനാണ് അനൈക്യസംഘത്തെ വീണ്ടും ഐക്യസംഘമായി അവതരിപ്പിച്ച് നവോത്ഥാനം അവകാശപ്പെടുന്നത്. ഭിന്നിപ്പിക്കുന്നത് ഉയര്‍ച്ചയാണെന്ന വാദം തന്നെ നിരര്‍ത്ഥകമാണ്. പാരമ്പര്യ വിശ്വാസത്തിലേക്കും, രീതിയിലേക്കും തിരിച്ചുവരാന്‍ തയാറായാല്‍ കേരളത്തില്‍ മുസ്‌ലിം സമുദായം നേരിട്ട കടുത്ത അനൈക്യം അവസാനിപ്പിക്കാനുവമെന്നും അതാണ് യഥാര്‍ത്ഥ നവോത്ഥാനമെന്നും അതിന് മുജാഹിദ് പ്രസ്ഥാനങ്ങള്‍ തയ്യാറാവണമെന്നും യോഗം അംഗീകരിച്ച മറ്റൊരു പ്രമേയത്തില്‍ പറഞ്ഞു.
പ്രഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ഹാജി കെ മമ്മദ് മഫൈസി, ഉമ്മര്‍ ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.