ബലിപെരുന്നാള്‍ സുദിനത്തിലെ ചിന്തകള്‍



ലിപെരുന്നാള്‍ ദിനത്തില്‍ ഹജ്ജിന്റെ ചിന്തകള്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വാസിയുടെ മനസ്സില്‍ ആദ്യമായും കഅബയാണ് തെളിഞ്ഞുവരിക. ദിവസവും അഞ്ചുനേരം പ്രാര്‍ത്ഥനയില്‍ അഭിമുഖീകരിക്കുന്ന ദൈവഭവനം. ലോകത്തെങ്ങുമുള്ള വിശ്വാസികളുടെ മനസ്സുകളെ കോര്‍ത്തിണക്കുന്ന കേന്ദ്ര ബിന്ദു. പാതിരാവില്‍ നിലാവില്‍ കുളിച്ചുനില്‍ക്കുന്ന കഅബയെ ആദ്യമായി ദര്‍ശിച്ചപ്പോഴുണ്ടായ വികാരത്തള്ളിച്ചയില്‍ കണ്ണുകള്‍ നനഞ്ഞു. ജീവിതം അവസാനിക്കും മുമ്പ് കഅബയെ ത്വവാഫ് ചെയ്യാന്‍ അനുഗ്രഹമേകിയ കരുണാവാരിധിയെ വാഴ്ത്തി.

ഒപ്പം ഇതിന് കഴിയാതെപോയ മാതാപിതാക്കളുടെ ഓര്‍മ്മ മനസ്സില്‍ സൃഷ്ടിച്ച നൊമ്പരം പ്രാര്‍ത്ഥനകൊണ്ട് ശമിപ്പിച്ചു. പിന്നെയും എത്രയോവട്ടം കഅബ ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടും വീണ്ടും വീണ്ടും മനസ്സ് അതിന്റെ സാമീപ്യം തേടുന്നു.
എന്തെല്ലാം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വിശുദ്ധ ഗേഹം – ഒരു കൃഷിയുമില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ വിശുദ്ധ ഭവനത്തിന് സമീപം ഞാന്‍ എന്റെ സന്തതികളെ പാര്‍പ്പിക്കുന്നു നാഥാ എന്ന് പ്രാര്‍ത്ഥിച്ച ഇബ്രാഹീം; നാലായിരം വര്‍ഷം മുമ്പ് അദ്ദേഹം ഹജ്ജ് വിളംബരം ചെയ്തത്; ആനകളടങ്ങിയ സൈന്യത്തെയും കൊണ്ട് കഅബ പൊളിക്കാന്‍ വന്നവരുടെ നേരെ ദൈവം ചൂളക്കല്ലുകളെറിയുന്ന പറവക്കൂട്ടങ്ങളെ അയച്ച് അവരെ ചവച്ചരച്ച വൈക്കോല്‍ പോലെയാക്കി നശിപ്പിച്ചത്; ഗുണവും ദോഷവും ചെയ്യാന്‍ കഴിയാത്ത വെറുമൊരു കല്ല് മാത്രമാണ് നീ എന്ന് പറഞ്ഞ് ഉമര്‍ ഹജറുല്‍ അസ്‌വദ് ചുംബിച്ചത്; താര്‍ത്താരികള്‍ ഹജറുല്‍ അസ്‌വദ് പറിച്ചെടുത്ത് ഇരുപത്തഞ്ച് വര്‍ഷം അവരുടെ നാട്ടില്‍ സൂക്ഷിച്ചത്- ഇങ്ങനെ കഅബയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ചരിത്രത്തില്‍ എത്രയാണ്-ദിവസവും ഇത്രയും ദശലക്ഷങ്ങള്‍ പാനം ചെയ്തിട്ടും വറ്റാത്ത സംസം നീരുറവയുടെ ഭൗതിക രഹസ്യം ഇന്നും അജ്ഞാതമായി തുടരുന്നു.
പെരുന്നാളും ഹജ്ജുമായി ബന്ധപ്പെട്ട ഒട്ടേറെ ചിന്തകള്‍ ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവരുന്നു.
ഹജ്ജില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഓരോ ചടങ്ങിനും ചരിത്രവശമുള്ളത് പോലെ ചില ആന്തരികാര്‍ത്ഥങ്ങളുമുണ്ട്. സഫാ – മര്‍വ കുന്നുകള്‍ക്കിടയില്‍ നടത്തുന്ന ‘സഅ്‌യ്’ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുംപോലെ മരണാനന്തര ജീവിതത്തിലെ സൗഭാഗ്യത്തിന് വേണ്ടി ‘സഅ്‌യ്’ (തീവ്രശ്രമം) നടത്താന്‍ ഓരോ തീര്‍ത്ഥാടകനിലും ബോധമുളവാക്കുന്നു. ‘മനുഷ്യന് അവന്‍ നടത്തിയ സഅ്‌യിന്റെ ഫലം മാത്രമാണ് ലഭിക്കുക’ – ഖുര്‍ആന്‍. കല്ലേറ് ഉള്ളിലുള്ള മാലിന്യങ്ങളെയെല്ലാം തൂത്തെറിയുന്നതിന്റെയും തന്നെ വഴിപിഴപ്പിക്കാന്‍ വരുന്ന പിശാചിനെ എറിഞ്ഞാട്ടുന്നതിന്റെയും പ്രതീകമാണ്. ദശലക്ഷങ്ങള്‍ ഭൗതികമായ എല്ലാ കെട്ടുപാടുകളില്‍ നിന്നും മനസ്സിനെ വിമുക്തമാക്കി അല്ലാഹുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തുന്ന അറഫാ സംഗമത്തിന്റെ പ്രാധാന്യം കാരണമാണ് പിശാചിന് ഏറ്റവും അധികം വിരോധമുള്ളതും അവനെ കൊച്ചാക്കുന്നതുമായ ദിനം എന്ന് റസൂല്‍ അറഫാദിനത്തെ വിശേഷിപ്പിച്ചത്. ഹജ്ജ് തീര്‍ത്ഥാടകരും പെരുന്നാള്‍ ആഘോഷിക്കുന്നവരും നടത്തുന്ന മൃഗബലി ദൈവത്തിന് സ്വയത്തെ അര്‍പ്പിക്കുന്നതിന്റെ പ്രതീകാത്മക കര്‍മ്മമാണ്. ലോകത്തിലെ 198 രാഷ്ട്രങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ പ്രാദേശികവും വര്‍ണ വൈവിധ്യമാര്‍ന്നതുമായ എല്ലാ വസ്ത്രങ്ങളും ഊരിവെച്ച് ധനികനും ദരിദ്രനും രാജാവും പ്രജയും യജമാനനും തൊഴിലാളിയും എല്ലാവരും തൂവെള്ള നിറത്തിലുള്ള മുണ്ടും മേല്‍മുണ്ടും മാത്രം ധരിച്ച് ഇഹ്‌റാമില്‍ കഴിയുമ്പോള്‍ അവിടെ പ്രകടമാകുന്ന സമത്വവും ഐക്യവും ലാളിത്യവും അവര്‍ണനീയം തന്നെ.
ഈദുല്‍ഫിത്വര്‍ ഖുര്‍ആന്‍ അവതരണാരംഭവുമായി ബന്ധപ്പെട്ട ആഘോഷമാണെങ്കില്‍ ഈദുല്‍ അസ്ഹാ അതിന്റെ സമാപനത്തെയാണ് ധ്വനിപ്പിക്കുന്നത്. കാരണം അന്നാണ് മതം പൂര്‍ത്തീകരിച്ചു എന്ന ദൈവിക പ്രഖ്യാപനമുണ്ടായത്. ഖുര്‍ആന്‍ സ്രഷ്ടാവായ ദൈവം മനുഷ്യവര്‍ഗത്തിന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണെന്നും അതിന്റെ നിയമങ്ങളും തത്വങ്ങളും പാലിക്കുന്നതിലൂടെ മാത്രമേ മനുഷ്യന് ഭൗതിക ജീവിതത്തിലും മരണാനന്തരവും സൗഭാഗ്യം ലഭിക്കുകയുമുള്ളൂവെന്ന ബോധം ഈ സുദിനം ഉണര്‍ത്തുന്നു.
ഈ ദിനത്തില്‍ നബി നടത്തിയ മനുഷ്യാവകാശ പ്രഖ്യാപനമെന്നു വിശേഷിപ്പിക്കപ്പെടുന്ന വിടവാങ്ങല്‍ പ്രസംഗത്തില്‍ ആണയിട്ടുപറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ മനുഷ്യനു രക്ഷയുള്ളൂ. മനുഷ്യസ്‌നേഹം, സമത്വം, അക്രമരാഹിത്യം, ജീവനും സ്വത്തിനും രക്തത്തിനും അഭിമാനത്തിനുമുള്ള സുരക്ഷ, സ്ത്രീകളോടുള്ള കടമ, മരണശേഷം ദൈവം വിചാരണ ചെയ്യുമെന്ന ബോധം, സാമ്പത്തിക ഇടപാടുകളിലെ സംശുദ്ധത തുടങ്ങിയവയെല്ലാം അദ്ദേഹം ആ പ്രസംഗത്തില്‍ സൂചിപ്പിച്ചു. പക്ഷെ ഇവയുടെ ലംഘനമാണ് ഇന്ന് സര്‍വത്ര പ്രകടമാകുന്നത്. വ്യക്തികള്‍ക്ക് മനസ്സില്‍ സമാധാനമില്ല. ലോകത്ത് എവിടെയും സമാധാനത്തിന് ഭീഷണി. കുടുംബ ഭദ്രതക്ക് ഭംഗം വന്നിരിക്കുന്നു. സ്ത്രീ പീഡനത്തിന്റെ വാര്‍ത്തകളാണ് നിത്യവും കേള്‍ക്കുന്നത്. നിയമ വിരുദ്ധമായ ഏത് മാര്‍ഗത്തിലൂടെയും ധനം സമ്പാദിക്കാന്‍ മനുഷ്യന്‍ മടിക്കുന്നില്ല.
‘എനിക്ക് ശേഷം നിങ്ങള്‍ പരസ്പരം കഴുത്തറുക്കുന്നവരായി മാറരുത്’ എന്ന് പ്രവാചകന്‍ അന്ന് ഉല്‍ബോധിപ്പിച്ചു. അറബ് വസന്തം, മുല്ലപ്പൂ വിപ്ലവം എന്നീ സുന്ദരനാമങ്ങള്‍കൊണ്ട് വിശേഷിപ്പിക്കപ്പെട്ട പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ട വിശ്വാസികളെത്ര! വധിച്ചവരും വധിക്കപ്പെട്ടവരും എല്ലാം മുസ്‌ലിംകള്‍! മനുഷ്യന്റെ ജീവനും രക്തത്തിനും ഒരു വിലയുമില്ല. മുസ്‌ലിംകള്‍ തമ്മിലടിച്ച് നശിക്കുന്നതിന് മറ്റുള്ളവര്‍ എല്ലാ സഹായവും നല്‍കുന്നു. ജിഹാദ്, ജനാധിപത്യപ്പോരാട്ടം, സ്വേച്ഛാധിപത്യവിരുദ്ധ സമരം, രാജ്യദ്രോഹ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള വിശുദ്ധ നാമങ്ങള്‍ നല്‍കി എല്ലാ അക്രമങ്ങളെയും മതത്തിന്റെ മേല്‍വിലാസത്തില്‍ വെള്ളപൂശുന്ന പ്രവണതയാണ് കാണുന്നത്.
ഈ സുദിനം സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നല്‍കുന്നു. ‘ഓരോ വിശ്വാസിയും മറ്റേ വിശ്വാസിയുടെ സഹോദരനാണ്’- പ്രവാചകന്‍ ഊന്നിപ്പറഞ്ഞു. സംഘടനകള്‍ക്കും വീക്ഷണ വ്യത്യാസങ്ങള്‍ക്കും അതീതമായ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ ഊ സുദിനം പ്രേരിപ്പിക്കേണ്ടതുണ്ട്. മത പ്രബോധനം നടത്തുന്നവര്‍ക്ക് പോലും ഈ രംഗത്ത് മാതൃകയാകാന്‍ കഴിയുന്നില്ല. വളരെ വൃത്തികെട്ട ഒരു വിമര്‍ശന സംസ്‌കാരം ഇന്ന് വ്യാപകമായിരിക്കുന്നു. വിരോധമുള്ളവനെ വീഴ്ത്താന്‍ ഏത് മാര്‍ഗമുപയോഗിക്കുന്നതിനും ഒരു മടിയുമില്ല. വാക്കുകളില്‍ വിദ്വേഷത്തിന്റെ തീജ്വാലകള്‍.
മുസ്‌ലിം സമൂഹത്തിന് എന്തെല്ലാം ന്യൂനതകളും പ്രതിസന്ധികളുമുണ്ടാകട്ടെ, ത്യാഗോജ്ജ്വലമായ ജീവിതം നയിച്ചാല്‍ ശോഭനമായ ഭാവി അവരെ തഴുകിയെത്തുമെന്ന ശുഭപ്രതീക്ഷയാണ് ഈ സുദിനം നല്‍കുന്നത്. ഇസ്‌ലാമിന്റെ സൗന്ദര്യം ലോകം കൂടുതല്‍ കണ്ടെത്തുകയാണ്. 700 കോടി ജനങ്ങളില്‍ മുസ്‌ലിംകള്‍ നാലില്‍ ഒന്നായി ഉയര്‍ന്നിരിക്കുന്നു. പ്രവാചകനെ അപമാനിക്കുന്ന ഫിലിമിനെതിരില്‍ ഉയര്‍ന്നു വന്ന ജനരോഷം അതിര് കടന്നുവെന്ന് ആരോപണമുണ്ടെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇസ്‌ലാമിനെ ആക്രമിക്കുന്ന പ്രവണതക്കെരില്‍ ജനവികാരം ഉണര്‍ത്താന്‍ അതിന് കഴിഞ്ഞു എന്ന് വ്യക്തം. മുസ്‌ലിം സമൂഹത്തെ നോക്കി ഇസ്‌ലാമിനെ പഠിക്കുന്ന ഒരു അന്തരീക്ഷം ഇവിടെ സംജാതമാകേണ്ടതുണ്ട്. ഓരോ പിതാവും ഇബ്‌റാഹീമും, ഓരോ മകനും ഇസ്മാഈലും ഓരോ സ്ത്രീയും ഹാജറയുമാവുകയും ഓരോ കുടുംബവും പൂര്‍ണമായും സല്‍ഗുണങ്ങളുടെ കേന്ദ്രമാവുകയുമാണ് ആദ്യം വേണ്ടത്. വ്യക്തിജീവിതത്തെ സംശുദ്ധമാക്കാനായിരിക്കട്ടെ ഓരോരുത്തരുടെയും ആദ്യത്തെ ത്യാഗം.
‘അല്ലാഹു അക്ബര്‍’ എന്ന മന്ദ്രധ്വനി ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അന്തരീക്ഷത്തിലേക്കുയരട്ടെ. വിശ്വാസികളുടെ ജീവവായുവാണിത്. അല്ലാഹു എന്ന വിചാരം സദാ മനസ്സില്‍കൊണ്ടു നടക്കുന്ന മനുഷ്യന്‍ ഒരിക്കലും തിന്മയിലേക്ക് വഴുതിപ്പോവുകയില്ല. അവന് ജീവിത വിജയം സുനിശ്ചിതം. -പി. മുഹമ്മദ് കുട്ടശ്ശേരി