ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം

മലപ്പുറം: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. ഈദ്ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാള്‍ നമസ്‌ക്കാരം നടന്നു. വിശ്വാസികള്‍ സൗഹൃദവും സ്‌നേഹവും പങ്കുവെച്ച് ഈദ് ആശംസകള്‍ കൈമാറി. വെള്ളിയാഴ്ചയും പെരുന്നാളും ഒരുമിച്ചെത്തിയത് ആഹ്ലാദം വര്‍ധിപ്പിച്ചു. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞും ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിച്ചും വിരുന്നൊരുക്കിയും വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുകൊണ്ടു. ഇബ്രാഹിം നബി തന്റെ ഏകമകനെ അല്ലാഹുവിന് ബലിയര്‍പ്പിക്കാന്‍ ഒരുങ്ങിയതിന്റെ സ്മരണയ്ക്കായി വിശ്വാസികള്‍ പെരുന്നാള്‍ ദിനത്തില്‍ മൃഗബലി നടത്തി
തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ബലിപെരുന്നാള്‍ ആഘോഷിച്ചു. പുതുവസ്ത്രങ്ങള്‍ ധരിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ഗൃഹസന്ദര്‍ശനം നടത്തിയും ആഘോഷത്തിന് തിമിര്‍പ്പേകി.ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ധാരാളംപേര്‍ പങ്കെടുത്തു.
കാസര്‍കോട്: ത്യാഗസ്മരണ പുതുക്കി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. പള്ളികള്‍ തഖ്ബീര്‍ ധ്വനികള്‍കൊണ്ട് മുഖരിതമായി. പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഇമാമുകള്‍ നേതൃത്വം നല്‍കി. വിശ്വാസികള്‍ രാവിലെതന്നെ പെരുന്നാള്‍ നമസ്‌കാരത്തിനെത്തി. പുത്തനുടുപ്പുമായി പരസ്​പരം പുണര്‍ന്നും മധുരം നല്‍കിയും സ്‌നേഹം പങ്കുവെച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെത്തി പെരുന്നാളാശംസകള്‍ നേര്‍ന്നു. കാസര്‍കോട് ടൗണ്‍ മുബാറക് മസ്ജിദ്, കോട്ടിക്കുളം വലിയ ജുമാമസ്ജിദ്, ചെമ്മനാട് ജുമാമസ്ജിദ്, ചെര്‍ക്കള ടൗണ്‍ ബദര്‍ മസ്ജിദ്, ആലംപാടി റഹ്മാനിയ്യ ജുമാമസ്ജിദ്, ബോവിക്കാനം ജുമാമസ്ജിദ്, തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്, തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദ്, കോട്ടപ്പാറ കളിങ്ങോം മസ്ജിദ്, കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പള്ളി, മേല്‍പറമ്പ് ജുമാമസ്ജിദ്, ശ്രീബാഗില്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്, കൊത്തിക്കാല്‍ ജുമാമസ്ജിദ്, തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹിയുദ്ദിന്‍ ജുമാമസ്ജിദ്, ടൗണ്‍ ഹസനത്തുല്‍ ജാരിയ, മുബാറക് മസ്ജിദ് എന്നിവിടങ്ങളിലെല്ലാം പെരുന്നാള്‍ നമസ്‌കാരം നടന്നു.
കല്പറ്റ: പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണ പുതുക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. രാവിലെ ഈദ്ഗാഹുകളിലെത്തി കൂട്ടപ്രാര്‍ഥനയില്‍ മുഴുകിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വിഭവസമൃദ്ധമായ സദ്യയുണ്ടും പെരുന്നാള്‍ആഘോഷം അവിസ്മരണീയമാക്കി.
താമരശ്ശേരി: പ്രവാചകന്‍ ഇബ്രാഹിം നബിയുടെ മഹാത്യാഗത്തിന്റെയും ദൈവിക സമര്‍പ്പണത്തിന്റെയും ഉജ്ജ്വല സ്മരണകളുമായി മുസ്‌ലിങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. രാവിലെ പുതുവസ്ത്രങ്ങളണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമെത്തിയ വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കുകൊണ്ടു. പരസ്​പരം പെരുന്നാള്‍ ആശംസകള്‍ കൈമാറി.