കോഴിക്കോട് : നേരത്തെ അറിയിച്ചതില്‍ നിന്നും വിത്യസ്തമായി കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 26 ന് വെള്ളിയാഴ്ചയായിരിക്കുമെന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒക്ടോബര്‍ 27 ശനിയാഴ്ചയായിരിക്കും ഈദുല്‍ അദ്ഹയെന്നു നേരത്തെ വിവിധ ഖാദിമാരും സംഘടന നേതാക്കളും അറിയിച്ചിരുന്നു. എന്നാല്‍ മാസപ്പിറ കണ്ടവര്‍ ഖാദിമാരെ സമീപിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഒക്ടോബര്‍ 25 വ്യാഴാഴ്ച അറഫ ദിനമായും 26 വെള്ളിയാഴ്ച ബലിപെരുന്നാള്‍ ദിനമായും ഖാദിമാര്‍ മാറ്റിയുറപ്പിച്ചത്.
ഗള്‍ഫിലും ബലി പെരുന്നാള്‍ വെള്ളിയാഴ്ച
മക്ക: ദുല്‍ഖഅ്ദ 29ന് തിങ്കളാഴ്ച രാജ്യത്ത് എവിടെയും മാസം കണ്ടതായി സ്ഥിരപ്പെടാത്തതിനാല്‍ ദുല്‍ഹിജ്ജ ഒന്നാം തിയതി ബുധനാഴ്ചയായിരിക്കുമെന്നും ഈ വര്‍ഷത്തെ അറഫ ദിനം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ബലിപെരുന്നാള്‍ വെള്ളിയാഴ്ചയുമായിരിക്കുമെന്നും സൌദി മതകാര്യ കോടതി അറിയിച്ചു. ഓരോ ചന്ദ്രമാസത്തിന്റെയും പിറവി നിരീക്ഷിക്കാനായി കോടതി പ്രത്യേകം സംഘത്തെ നിശ്ചയിക്കാറുണ്ട്. അത് പ്രകാരമാണ് ഇന്നലെ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാനായി സംഘത്തെ നിയോഗിച്ചത്.എന്നാല്‍ രാജ്യത്ത് എവിടെയും പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന്, ദുല്‍ഖഅ്ദ മാസം 30 ആയും ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായും കോടതി തീരുമാനിക്കുകയായിരുന്നു .സൗദി പ്രഖ്യാപനത്തെ തുടര്‍ന്ന് ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലും 26 ന് വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍.