ജാതി-മത രാഷ്ട്രീയത്തിലൂടെ കേരളത്തിലെ സാമുദായിക ബന്ധത്തിന്റെ ദിശ തെററുമെന്ന വാദം ശരിയല്ല. ദിശ തെറ്റിക്കാനുള്ള നീക്കങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ പേടിക്കേണ്ടതില്ല. കേരളത്തിന്റെ നന്മയും സാമൂഹിക സാഹചര്യവും അതിനു വഴിയൊരുക്കുമെന്ന് വിശ്വസിക്കാനാവുകയില്ല.
സജീവ മത-ജാതി പ്രവര്‍ത്തനങ്ങളുടെ അരങ്ങാണ് കേരളം. അതൊരിക്കലും പരസ്പര യോജിപ്പിനു തടസ്സമായിട്ടില്ല. അതാണു നമ്മുടെ ചരിത്രം. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതോടൊപ്പം സഹവര്‍ത്തിത്വത്തിന്റേതായ വലിയൊരു മേഖല ഇവിടെ യാഥാര്‍ഥ്യമാക്കപ്പെട്ടിട്ടുണ്ട്. വിശ്വസംസ്‌ക്കാരത്തിന്റെ സംഗമഭൂമി എന്നു പറയും പോലെ വൈവിധ്യമാര്‍ന്ന വിശ്വാസകൂട്ടായ്മകള്‍ കേരളത്തെ ശക്തിപ്പെടുത്തുകയും സൗന്ദര്യവത്കരിക്കുകയും ചെയ്തിട്ടുണ്ട്.
ജാതി വ്യവസ്ഥ വളരെയേറെ ആഴത്തില്‍ തന്നെയുണ്ട് കേരളത്തില്‍. പക്ഷെ, അതു നമ്മുടെ ഗതിമാറ്റില്ലെന്നു പറയുന്നതിന് ് കാരണം കേരളത്തിന്റെ ചരിത്രം പരിശോധിക്കുന്നതിനാലാണ്. നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത തന്നെയാണു ഇക്കാര്യത്തില്‍ വലിയ ആത്മവിശ്വാസം പകരുന്നത്.
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ ജാതിചിന്തകളെ മറികടക്കുന്നതാണ് കേരളത്തിന്റെ നാളിതുവരെയുള്ള അനുഭവം. എന്നാല്‍ ജാതി-മത ചിന്തകളെ ചെറുതായി കാണേണ്ട കാര്യവുമില്ല. കാരണം കേരളത്തിന്റെ നാനോന്മുഖമായ വികാസത്തില്‍ ഇവ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. വിദ്യാഭ്യാസ പുരോഗതിയിലും മുന്നേറ്റത്തിലും ക്രിസ്ത്യന്‍ മിഷിനറിമാരും ശ്രീനാരായണ ഗുരുവും കെ.എം സീതിസാഹിബുമൊക്കെ വഹിച്ച പങ്ക് എണ്ണപ്പെട്ടതും അത്ഭുതകരവുമാണ്. ഇവരെല്ലാം ചെയ്തതാണ് ഇവിടുത്തെ പുരോഗതി. എന്നാല്‍ വോട്ടിങ് പാറ്റേണ്‍ ഇക്കാര്യം കൊണ്ടു മാറില്ല. ഇപ്പോള്‍ അനഭിലഷണീയമായ ചില അജണ്ടകള്‍ ഇവിടെ വര്‍ക്കു ചെയ്യുന്നുണ്ട്. അതിനാലാണ് അനവസരകരം എന്ന് തോന്നിയേക്കാവുന്ന ചില ചോദ്യങ്ങള്‍ നമുക്ക് ചോദിക്കേണ്ടി വരുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില ജാതി കാര്‍ഡുകള്‍ ഫലിച്ചിട്ടുണ്ട്. കേരളത്തില്‍ അത്തരത്തിലുള്ളവ ഇന്നേ വരെ വിജയിച്ചിട്ടില്ല. അത്തരമൊരു നീക്കം കേരളത്തില്‍ പരീക്ഷിക്കാന്‍ ചിലര്‍ കിണഞ്ഞു ശ്രമിച്ചു വരികയാണ്.
ഇതിനെ ചെറുതായി കാണാന്‍ പറ്റില്ല. തെറ്റായ ഒരു മുദ്രാവാക്യം ഇവിടെ വളര്‍ന്നു വരുന്നുണ്ട്. മുസ്്‌ലിംകള്‍ എന്തോ വാരിക്കൂട്ടുന്നുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഒന്നും കിട്ടുന്നില്ലെന്നുമുള്ള പ്രചാരണമാണത്. എല്ലാ തരക്കാരുമുള്ള തികഞ്ഞ ബഹുസ്വരതയുള്ള നാടാണ് നമ്മുടേത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം. എല്ലാവര്‍ക്കും നീതി കിട്ടണം. എല്ലാവരും പരസ്പരം ഒന്നിച്ചുപോവണം.
ഓണം ഒന്നിച്ചാഘോഷിക്കുന്നതും സര്‍വ്വമത ഇഫത്താര്‍ പാര്‍ട്ടിയും ക്ഷേത്രവും പള്ളിയും ഒരേ കോമ്പൗണ്ടില്‍ നിലകൊള്ളുന്നതുമൊക്കെ വിഘ്‌ന ലേശമെന്യെ തുടരുകതന്നെ വേണം. ഒരു സത്യവിശ്വാസിക്കും ഒരു മതേതര വിശ്വാസിക്കും ഇതില്‍ തര്‍ക്കമുണ്ടാവില്ല.
ഓണം ഒന്നിച്ചാഘോഷിക്കുന്നതും സര്‍വ്വമത ഇഫത്താര്‍ പാര്‍ട്ടിയും ക്ഷേത്രവും പള്ളിയും ഒരേ കോമ്പൗണ്ടില്‍ നിലകൊള്ളുന്നതുമൊക്കെ വിഘ്‌ന ലേശമെന്യെ തുടരുകതന്നെ വേണം. ഒരു സത്യവിശ്വാസിക്കും ഒരു മതേതര വിശ്വാസിക്കും ഇതില്‍ തര്‍ക്കമുണ്ടാവില്ല.
മുസ്‌ലിംകള്‍ ഭരണമുപയോഗിച്ച്, അധികമായി പലതും നേടിയെടുക്കുന്നു. ഹിന്ദുക്കള്‍ക്ക് ഒന്നും കിട്ടുന്നില്ല. ഈ പ്രചാരണങ്ങളോട് വൈകാരികമായി പ്രതികരിക്കാനാവില്ല. മുസ്‌ലിം ലീഗിന്റെ ഒരു എളിയ പ്രവര്‍ത്തകനെന്ന നിലക്ക്, ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോള്‍ എല്ലാ വിമര്‍ശകരോടും ഒരു ചോദ്യം ചോദിക്കാനുണ്ട്. മറ്റു സമുദായങ്ങള്‍്ക്ക് കിട്ടേണ്ടതില്‍ നിന്നു എന്താണു മുസ്്്‌ലിംകള്‍ വാങ്ങിയതെന്നു വിശദീകരിക്കാന്‍ വിമര്‍ശകര്‍ തയാറാവണം. രണ്ടാമത്തെ കാര്യം, മുസ്ലിം സമുദായം കൂടുതല്‍ വാങ്ങിയെന്നു പറയുന്നവര്‍ അവരുടെ ഭാഗത്തു നിന്നു ഇതിന്റെ ഒരു ധവളപത്രം ഇറക്കാന്‍ തയാറാവണം. ഏതെങ്കിലും മേഖലയില്‍ ഇത്തരം എന്തെങ്കിലും മുസ്്‌ലിംകള്‍ക്കു കൂടുതല്‍ കിട്ടിയോ എന്നു വ്യക്തമാക്കണം.
പുരോഗതിയുടെ തോതില്‍ മുസ്്‌ലിംകള്‍ എന്തെങ്കിലും കൂടുതലായി നേടിയോ എന്ന്് സോഷ്യോ-എക്കണോമിക് സര്‍വ്വേയിലൂടെ ഈ വിമര്‍ശകര്‍ നമുക്കു കാട്ടിത്തരണം. മുസ്ലിംലീഗ് ഭരണകക്ഷിയായതു കൊണ്ട് അതുമായി ബന്ധപ്പെട്ട് കുറെ വിവാദങ്ങള്‍ ഇവിടെ വന്നുകിടക്കുന്നുണ്ട്. അഞ്ചാം മന്ത്രി സ്ഥാനം തന്നെ ഉദാഹരണം. ഒരു രാഷ്ട്രീയപാര്‍ട്ടി അതിന്റെ എം.എല്‍.എമാരുടെ തോതു വെച്ച് ന്യായമായ സ്ഥാനങ്ങള്‍ ചോദിക്കുന്നു. അതിലെന്താണ് തെറ്റ്? മുസ്്‌ലിം ലീഗുകാര്‍ മന്ത്രിയായപ്പോഴൊക്കെ അവര്‍ മുസ്്‌ലിംകള്‍ക്കു വേണ്ടി മാത്രമാണോ കാര്യങ്ങള്‍ ചെയ്തത്്. ഇതാണോ നമ്മുടെ ചരിത്രം; ~ഒരിക്കലുമല്ല.
വിമര്‍ശകരോടൊരു ചോദ്യമുണ്ട്. ഓരോ ജാതിക്കും ഇതുവരെയായി എന്തൊക്കെ, എത്രയൊക്കെ കിട്ടി എന്നതിന്റെ കണക്കുണ്ടോ. ഉണ്ടെങ്കില്‍ അതു പറയൂ. കണക്കു പറയുന്നവര്‍ ഒന്നു മാത്രം പറഞ്ഞാല്‍ പോരല്ലോ. മന്ത്രി സ്്ഥാനം മാത്രം നോക്കിയാല്‍ മതിയോ. എം.എല്‍.എമാര്‍, ബോര്‍ഡ് ചെയര്‍മാന്‍മാര്‍ അങ്ങനെ എല്ലാറ്റിന്റെയും കണക്കു പുറത്തുവിടൂ. അത്തരത്തില്‍ മൊത്തത്തില്‍ നോക്കലല്ലേ ന്യായം. മറ്റു സമുദായങ്ങള്‍ക്ക്ു അര്‍ഹമായതു കൊടുക്കരുതെന്നു മുസ്‌ലിംലീഗൊ മുസ്‌ലിം സമുദായമൊ പറയുന്നില്ല; പറയാന്‍ പാടുമില്ല. കൊടുക്കുക തന്നെ വേണം. പക്ഷെ ഇല്ലാത്ത പുകമറ സൃഷ്ടിക്കരുത്.
1986ലെ ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഫലമായി ഇവിടെ 42 സ്‌കൂളുകള്‍ അനുവദിച്ചിരുന്നു. അതും ഇപ്പോള്‍ വിവാദമായിരിക്കുകയാണല്ലോ. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കമായിപ്പോയ രണ്ടു വിഭാഗങ്ങള്‍ക്കായിരുന്നു ഈ സ്‌കൂളുകള്‍ അനുവദിച്ചിരുന്നത്്. അങ്ങനെ രണ്ടു വിഭാഗങ്ങളേ ഈ രാജ്യത്തുള്ളൂ.മുസ്്്‌ലിംകളും നിയോ ബുദ്ധിസ്റ്റുകളും. ഇടതുപക്ഷത്തിന്റെ കാലത്ത്് അത് വന്നിരുന്നു. ഉച്ചക്കഞ്ഞി കൊടുക്കലും ശമ്പളം കൊടുക്കലും ലീവ് കൊടുക്കലുമായിരുന്നു നിലനിന്നിരുന്നത്. ഇവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമോ പെന്‍ഷനോ ലീവോ ഇല്ലായിരുന്നു. ഇ്ത് ആരും കൊടുത്തില്ല. റിട്ടയര്‍മെന്റ് ആനൂകൂല്യമില്ലാത്ത വല്ല ജോലിയുമുണ്ടോ ഇവിടെ. വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി വന്ന ഒരു പദ്ധതിയിലുണ്ടായ സ്ഥാപനങ്ങള്‍്ക്ക്് നേരത്തേയുള്ളതില്‍ നിന്നു വ്യത്യസ്തമായി ഇതു കൂടി കൊടുക്കുന്നത് എങ്ങനെയാണ് തെറ്റാവുക. ഇതിനെ സമുദായവല്‍കരിക്കേണ്ട കാര്യമെന്താണ്. അംഗവൈകല്യം വന്നവര്‍ക്ക് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി കുറെ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. മുസ്്‌ലിംകള്‍ക്ക്് രണ്ടേരണ്ടെണ്ണമാണു അതിലുളളത്. ബാക്കിയെല്ലാം മറ്റു സമുദായങ്ങള്‍ക്കാണ്. നമ്മളാരും പരാതിയുമായി പോയിട്ടില്ല. കാരണം അത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കേ അതു കൊടുക്കാന്‍ പറ്റൂ. രണ്ടേ നമുക്കര്‍ഹതയുള്ളൂ. അതിലും ഒരു കണക്കു പറയൂ. ഇന്നതാണ് അധികം എന്നു പറയൂ. ഒരു സമുദായത്തെ മാത്രം വര്‍ഗീയമാക്കുന്ന പ്രവണത നിര്‍ത്തൂ.
മറ്റൊരു പ്ര്ശ്‌നം മലപ്പുറം ജില്ലക്കു കൂടുതല്‍ പദ്ധതികള്‍ വരുന്നതാണ്. അലിഗഡ് കാമ്പസില്‍ നിന്നു തുടങ്ങാം. അലിഗഡ് കാമ്പസ് സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ പ്രകാരം വന്നതാണ്. അതു മലപ്പുറത്തല്ലാതെ മറ്റെവിടെയാണു കൊടുക്കുക. ന്യൂനപക്ഷ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുരോഗതിക്കായി അലീഗഢിനെ റിസോഴ്‌സ് സെന്ററാക്കി ന്യൂനപക്ഷ ജില്ലകളില്‍ സഥാപനങ്ങള്‍ തുടങ്ങാനായിരുന്നു ആ പദ്ധതി. മലയാളം സര്‍വ്വകലാശാല ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ചന്റെ പരിലാണ് വരുന്നത്. അത് തുഞ്ചന്‍ പറമ്പില്‍ നിന്നു മാറ്റാന്‍ പറ്റുമോ?. ലോകത്തിന്റെ ആയുര്‍വ്വേദ തലസ്ഥാനമാണു കോട്ടക്കല്‍. ആയുര്‍വ്വേദ സര്‍വ്വകലാശാല അവിടെയല്ലാതെ മറ്റെവിടെയാണു വരിക? ഇങ്ങനെ വയനാട്ടിലും കാസര്‍കോട്ടുമൊക്കെ സ്ഥാപനങ്ങള്‍ വരുന്നുണ്ടല്ലോ. അതാരെങ്കിലും നോക്കുന്നുേണ്ടാ?. ഒരു വിമര്‍ശകന്‍ എന്നോടു ചോദിച്ചു; മോണോ റെയില്‍ നിങ്ങള്‍ സ്വാധീനമുപയോഗിച്ചു കോഴിക്കോട്ടേക്കു കൊണ്ടു പോയില്ലേ എന്ന്. മോണോ റെയില്‍ ഇസ്്‌ലാമിന്റെ വികാസത്തിനു വേണ്ടി കൊണ്ടുവരുന്നതാണെന്നാണു ഇതുകേട്ടാല്‍ തോന്നുക. എമര്‍ജിങ് കേരള ചിലര്‍ ഭൂതക്കണ്ണാടി വെച്ചു പരിശോധിക്കുകയാണ്. എത്ര മില്ലീമീറ്റര്‍ ന്യൂനപക്ഷ ജില്ലകള്‍ക്കു പോയിട്ടുണ്ടെന്ന്്്്. സിഎച്ച് സെന്ററുകളെ സംബന്ധിച്ചും വിവാദമുണ്ടായി. പഞ്ചായത്തുകള്‍ ചെറിയ തുക നല്‍കിയാല്‍ സംസ്ഥാനത്തു നിന്നാകെ കോടികളാണു സിഎച്ചിന്റെ പേരില്‍ പോകുന്നതെന്ന്. ചിന്താപബ്ലിക്കേഷന്‍സിന്റെ ഇഎംഎസിന്റെ ലോകം എന്ന പുസ്്തകം വാങ്ങാന്‍ എല്ലാ പഞ്ചായത്തുകള്‍ക്കും ഇടതുപക്ഷ സര്‍ക്കാര്‍ ഓര്‍ഡര്‍ കൊടുത്തില്ലേ. സിഎച്ചിന്റെ പേരിലുളള സ്ഥാപനത്തിനു മാത്രമെന്താ പ്രശ്്‌നം. തിരുവനന്തപുരത്തും കോഴിക്കോട്ടുമുളള സിഎച്ച്് സെന്ററുകളില്‍ ജാതി- മത ഭേദമെന്യെ എല്ലാവര്‍ക്കും സൗജന്യമായും ഏറ്റവും കുറഞ്ഞ നിരക്കിലും ഡയാലിസിസ്്് ഉള്‍പ്പെടെയുള്ളവയെല്ലാം ചെയ്തുകൊടുക്കുന്നുണ്ട്്്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇക്കാര്യത്തിലും വരുന്നു വിവാദം. മദ്യനിരോധത്തെക്കുറിച്ച പ്രസ്താവനയും സമാനമാണ്. മാധ്യമങ്ങള്‍ പറയുന്നു; വിവാദമുണ്ടെന്ന്. ചെത്തുന്നത് ഈഴവര്‍. നിരോധിക്കണമെന്നു പറയുന്നത്് മുസ്്‌ലിംകള്‍. ചെത്തുതൊഴിലാളിയുടെ ജോലി ഇല്ലാതാക്കാന്‍ മുസ്ലിംകള്‍! ഇതെന്തോ സൂത്രവിദ്യ പോലെയെന്നാണു ചര്‍ച്ച. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും മന്മഥന്‍ സാറും ഗാന്ധിഭക്തന്മാരൊക്കെയും രാജ്യം മുഴുവനും പറയുന്ന കാര്യം മുസ്‌ലിം ലീഗുകാര്‍ പറഞ്ഞാല്‍ അതു ചെത്തു തൊഴിലാളിയുടെ ജോലി നഷ്ടപ്പെടുത്താനായിത്തീരുന്നതെങ്ങനെ? ഞങ്ങള്‍ പറയുന്നത് കേരളത്തിന്റെ നന്മക്കാണ്. പന്ത്രണ്ടാം വയസ്സു മുതല്‍ കേരളത്തിലെ കുട്ടികള്‍ കള്ളുകുടി തുടങ്ങുന്നുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ആകെ ഉല്‍പാദിപ്പിക്കുന്ന കള്ളും വില്‍ക്കുന്ന കള്ളും തമ്മിലുള്ള വ്യത്യാസം രണ്ടു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി മുന്നൂറ്റാറ് ലിറ്റര്‍! ഇത് വിഷം കലര്‍ത്തിയതാണ്. വിഷംകലക്കിയാണു കൊടുക്കുന്നത്. ചിലപ്പോള്‍ ഡോസ് കൂടി കുടിച്ചയാള്‍ അപ്പോള്‍ തന്നെ മരിക്കുന്നു, ചിലര്‍ പിന്നെ മരിക്കുന്നു, അല്ലെങ്കില്‍ അവയവങ്ങള്‍ മരിക്കുന്നു, ഇഞ്ചിഞ്ചായി മരിക്കുന്നു. ഇതിനെതിരെ മുസ്‌ലിംലീഗ് പറഞ്ഞുപോയതാണോ കുഴപ്പം.
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ടെക്സ്റ്റ് ബുക്കുകളിലുള്‍പ്പെടുത്തി പഠിപ്പിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത് ഇപ്പോള്‍ ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാറാണ്. ഈ വിമര്‍ശകര്‍ ആരെങ്കിലും ഒരു നല്ല വാക്കു പറഞ്ഞോ. ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠം കേരളപാഠപുസ്തകത്തിലുള്‍പ്പെടുത്തണമെന്ന് ഉത്തരവിറക്കാന്‍ കേളത്തിന് അബ്ദുര്‍റബ്ബെന്ന ഒരു വി്ദ്യാഭ്യാസമന്ത്രിയെത്തന്നെ കാത്തിരി്‌ക്കേണ്ടി വന്നു.
വിശാലഹിന്ദുമുന്നണിക്കാണ് ഇവിടെ ചിലരുടെ ശ്രമം. വെളളാപ്പള്ളി നടേശനും സുകുമാരന്‍ നായരും ചിന്തിക്കുന്നിടത്ത് കേരളത്തിലെ ഹിന്ദുസമുദായം നില്‍ക്കുമെന്ന് ഉറപ്പുള്ളവര്‍ക്കേ ഇങ്ങനെയൊരു മുന്നണിയെക്കുറിച്ച് പ്രതീക്ഷ വേണ്ടൂ. കേരളത്തിലെ ഹൈന്ദവ സമൂഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിശാലമായ ബോധവും കാഴ്ചപ്പാടുമുണ്ട്. അവര്‍ക്കിങ്ങനെ, ചിലരുടെ താല്‍പര്യങ്ങള്‍ക്കൊത്തൊന്നും നിന്ന് കൊടുക്കാനാവില്ല. നേരത്തെയും ഇങ്ങനെ ചില സഖ്യ നീക്കങ്ങളൊക്കെ നടന്നിരുന്നല്ലൊ. എന്നിട്ടെന്തായി. ഹിന്ദു സമുദായം തന്നെ അത് പൊളിച്ച് കൈയില്‍ കൊടുത്തു. ക്രീമിലയറിന്റെ പരിധി രണ്ടരലക്ഷം എന്നുള്ളത് നാലരലക്ഷം രൂപയാക്കിയതിനെതിരായ കേസ് പിന്‍വലിക്കാമെന്ന് സുകുമാരന്‍ നായര്‍ ഐക്യ്ത്തിനു വേണ്ടി കരാര്‍ ചെയ്തു. വെളളാപ്പളളിയുടെ പ്രത്യുപകാരമോ, യുഡിഎഫ് മുന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണമേര്‍പ്പെടുത്താന്‍ നടത്തിയ വിധിക്കെതിരായ കേസില്‍ നിന്നുളള പിന്മാറലും. രണ്ടു പേരുമെന്തിനാ കേസാക്കിയത്? ഞങ്ങളന്നു പറഞ്ഞത് രണ്ടുപേരും കേസിനു പോവേണ്ടെന്നാണ്. ഹിന്ദു ഐക്യം നല്ലതാണ് , പക്ഷെ അതു മുസ്ലിംകള്‍ എന്തോ അനര്‍ഹമായി നേടിയതിന്റെ പേരിലാണെന്നു പറയുന്നത് ശരിയല്ല. അതു നിരര്‍ത്ഥകമാണ്. മുസ്ലിം സമുദായം വല്ലതും അനര്‍ഹമായി നേടിയിട്ടുണ്ടോ എന്ന വിഷയത്തില്‍ എവിടെ വെച്ചും ഒരു സംവാദത്തിന് മുസ്‌ലിംലീഗ് തയ്യാറാണ്. ഞങ്ങള്‍ ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു സംവരണമേര്‍പ്പെടുത്തിയപ്പോള്‍ ഞങ്ങള്‍ക്കെതിരെ കേസിനു പോയവരാണ് ഇപ്പോള്‍ ഹിന്ദു ഐക്യത്തിനു രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പു മുന്‍നിര്‍ത്തി ഇത്തരം കാര്‍ഡിറക്കരുതെന്നു മാത്രമാണ് ഇത്തരം വിമര്‍ശകരോടു ഉണര്‍ത്താനുള്ളത്.-(കാപ്പാട് ഐനുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി കോഴിക്കോട് സംഘടിപ്പിച്ച മതം-ജാതി-സമുദായികത-കേരളം ദിശ തെറ്റുമോ? എന്നാ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്ന്) .