ഫത്ഹുല്‍മുഈന്‍ രചയിതാവിന്റെ നാട് തേടി ബ്രിട്ടീഷ് പൗരന്‍


കോഴിക്കോട്: പ്രമുഖ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്റെ രചയിതാവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാട് തേടി ബ്രിട്ടിഷ് പൗരന്‍ കേരളത്തില്‍.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ രചനകളും അദ്ദേഹത്തിന്റെ ജീവിത വേരുകളും തേടിയുള്ള അന്വേഷണ യാത്രയുടെ ഭാഗമായി കേരളത്തിലെ കര്‍മശാസ്ത്ര പഠനത്തിന്റെ സാധ്യതകള്‍ നേരിട്ടറിയാനാണ് ലണ്ടന്‍ സ്വദേശിയായ ജമീര്‍ മിയ എന്ന മുപ്പത്തിരണ്ടുകാരന്‍ എത്തിയത്.
സൈനുദ്ദീന്‍ മഖ്ദുമിന്റെ വിജ്ഞനവും രചനാ വൈഭവവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പഠനത്തിനു വിധേയമാക്കിയപ്പോള്‍ മഖ്ദൂമിന്റെ ജന്മനാടും കര്‍മ്മഭൂമികയും കാണാന്‍ ആഗ്രഹമുണ്ടയെന്നും ജമീര്‍ മിയ പറയുന്നു.
കേരളത്തിലെ പാരമ്പര്യ മതപഠന രീതിയായ പളളി ദര്‍സുകളിലെ അന്തരീക്ഷം ലോകത്ത് ഒരിടത്തും ലഭിക്കാത്തതാണെന്നും ഈ പഠന സംവിധാനം തന്നെ വല്ലാതെ ആകര്‍ഷിച്ചതായും ഇദ്ദേഹം പറയുന്നു.
ബംഗ്ലാദേശില്‍ ജനിച്ച ജമീര്‍ മിയ ചെറുപ്രായത്തില്‍ തന്നെ കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് കുടിയേറിപ്പാര്‍ത്തു. ലണ്ടനില്‍ നിന്ന് തന്നെ ബിരുദവും വെബ് ഡിസൈനിംഗില്‍ ബിരദാനന്തര ബിരുദവുംനേടിയ മിയ ഇപ്പോള്‍ അഞ്ച് വര്‍ഷമായി യമനിലെ തരീമിലാണ് ഉന്നത പഠനം നടത്തുന്നത്.
കേരളത്തിലെ മതകീയ അന്തരീക്ഷവും വിദ്യാഭ്യാസ രീതിയും മതാധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഗുരൂ ശിഷ്യബന്ധവും തന്നെ വല്ലാതെ സ്വാധീനിച്ചെന്നും വിദേശ വിദ്യാര്‍ത്ഥികളുടെ മത പഠനത്തിനും ഗവേഷണത്തിനും കേരളത്തില്‍ അവസരമുണ്ടെങ്കില്‍ ഇവിടെ പഠിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച്ചത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ വസതികള്‍ സന്ദര്‍ശിക്കുകയും അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കേരളത്തിലെ മത വിദ്യാഭ്യാസ രീതികള്‍ കണ്ടെത്താന്‍ വിവിധ പള്ളി ദര്‍സുകളും മത വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. പ്രമുഖ സൂഫിവര്യരുടെ മഖ്ബറകളും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശനവും നടത്തുന്നുണ്ട്.

സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഖബറുണ്ടെന്ന കരുതപ്പെടുന്ന വടകര ചോമ്പാലയിലെ കുഞ്ഞിപ്പളളിയും സന്ദര്‍ശിച്ചു. ജമീര്‍ മിയ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവരെ സമീപിക്കുകയും കേരളത്തിലെ മതവിദ്യഭ്യാസത്തിന്റെ പുരോഗതിയും വിദേശികളുടെ വിദ്യാഭ്യാസ സാധ്യതകള്‍ ചോദിച്ചറിയുകയും ചെയ്തു.