അറഫ സംഗമം വ്യാഴാഴ്ച, ബലി പെരുന്നാള്‍ വെള്ളിയാഴ്ച – സൌദി മതകാര്യകോടതി

മക്ക: ദുല്‍ഖഅ്ദ 29ന് തിങ്കളാഴ്ച രാജ്യത്ത് എവിടെയും മാസം കണ്ടതായി സ്ഥിരപ്പെടാത്തതിനാല്‍ ദുല്‍ഹിജ്ജ ഒന്നാം തിയതി ബുധനാഴ്ചയായിരിക്കുമെന്നും ഈ വര്‍ഷത്തെ അറഫ ദിനം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ബലിപെരുന്നാള്‍ വെള്ളിയാഴ്ചയുമായിരിക്കുമെന്നും സൌദി മതകാര്യ ഉന്നതാധികാരകോടതി അറിയിച്ചു. ഓരോ ചന്ദ്രമാസത്തിന്റെയും പിറവി നിരീക്ഷിക്കാനായി കോടതി പ്രത്യേകം സംഘത്തെ നിശ്ചയിക്കാറുണ്ട്. ദുല്‍ഖഅ്ദ ഒന്ന് സപ്തംബര്‍ 17നാണെന്ന് സ്ഥിരപ്പെട്ടതനുസരിച്ച് ഒക്ടോബര്‍ 15 തിങ്കളാഴ്ചയായിരുന്നു ദുല്‍ഖഅ്ദ 29. അത് പ്രകാരമാണ് ഇന്നലെ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാനായി സംഘത്തെ നിയോഗിച്ചത്. പക്ഷെ, എവിടെയും പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന്, ഹദീസുകള്‍ നിര്‍ദ്ദേശിക്കുന്നപോലെ, ദുല്‍ഖഅ്ദ മാസം 30 ആയും ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായും തീരുമാനിക്കുകയായിരുന്നു കോടതി.