നിശ്ചയം മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമഭവനം മക്കയിലുള്ളത് തന്നെയാകുന്നു. ലോകര്‍ക്ക് അനുഗ്രഹവും മാര്‍ഗദര്‍ശനവുമാണത്. അതില്‍ സുവ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. അതിലാകുന്നു മഖാമു ഇബ്റാഹീം. അവിടം പ്രവേശിക്കുന്നവന് നിര്‍ഭയനായി തീരുന്നു. സാധ്യമായവന് അവിടെ വന്ന് ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാകുന്നു. (ആലു ഇംറാന്‍. 96,97)
ഭൂവിതാനത്തിലെ ആദ്യത്തെ പള്ളിയാണ് മക്കയിലെ കഅബ. മലക്കുകളാണ് അതിന്റെ നിര്‍മാണം തുടങ്ങിയത്. പിന്നീട് നബിമാരായ ഹസ്റത്ത് ആദമും ഹസ്റത്ത് ഇബ്രാഹീമും അതിന്റെ നിര്‍മാണം തുടര്‍ന്നു. ആകാശലോകത്ത് മലക്കുകള്‍ക്കായി സ്ഥാപിച്ച ബൈത്തുല്‍ മഅമൂറിന് പകരമായി അല്ലാഹു ഭൂവാസികള്‍ക്ക് വേണ്ടി നിര്‍മിച്ചതാണ് ഈ ഗേഹം. അത് പിന്നെ ത്വവാഫ് ചെയ്യണമെന്നും ഉടയോന്റെ കല്പനയുണ്ടായി.
ആദം നബിയുടെ കാലം. ജീബ്റീല് അറിയിച്ച പ്രകാരം ആദംനബി ഈ ഗേഹത്തിന്റെ പുനര്‍നിര്‍മാണം നടത്തി. പിന്നെ ഇതില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത് ശീസ് നബിയും അനുയായികളുമാണ്.
നൂഹ് നബിയുടെ കാലത്തെ പ്രളയം. അല്ലാഹു കഅബയുടെ വസ്തുവഹകള്‍ ആകാശത്തേക്കൂയര്ത്തി. ഹജറുല്‍ അസവദ് മക്കിയിലെ അബൂഖുബൈസ് പര്‍വതത്തില്‍ സൂക്ഷിച്ചു. അതോടെ കഅബ അസ്തിവാരത്തിലൊതുങ്ങി.
ഇബ്റാഹീം നബിയുടെ കാലം വരെ കഅബ അങ്ങനെ തന്നെ തുടര്‍ന്നു. ഇബ്റാഹീം നബിയും പുത്രനും ചേര്‍ന്ന് പിന്നെ അതിന്റെ പുനര്‍നിര്‍മാണം നടത്തി. അല്ലാഹു അറിയിച്ച കൊടുത്തതനുസരിച്ചാണ് അതിന്റെ മാതൃക രൂപപ്പെടുത്തിയതെന്ന് ഖുര്‍ആന്‍ പറയുന്നു. മേഘങ്ങളില്‍ മാതൃക വരച്ചാണ് ദൈവം ഹസ്റത്ത് ഇബ്രാഹീമിന് രൂപം കാണിച്ചു കൊടുത്തതെന്ന് ചരിത്രഗ്രന്ഥങ്ങള്‍. 9 മുഴം ഉയരവും 30 മുഴം നീളവും 22 മുഴം വീതിയുമുണ്ടായിരുന്നു പണീ പൂര്‍ത്തിയായപ്പോള്‍ അതിന്. ഘാനാകൃതിയില് മേല്‍ക്കൂര ഇല്ലാതെ പണിത ഈ മന്ദിരത്തിന് രണ്ടു വാതിലുകളാണ് ഉണ്ടായിരുന്നത്. ഒന്ന് ഇപ്പോഴുള്ള ഭാഗത്തും മറ്റേത് എതിര്‍ദിശയില്‍ റുക്നുല്‍ യമാനിയയോട് ചേര്‍ന്നും. ഇബ്റാഹീം നബി ഭിത്തികള്‍ പടുക്കുകയും മകന് ഇസ്മാഈല്‍ നബി കല്ലുകളും മറ്റു സാമഗ്രികളും എടുത്തു കൊടുക്കുകയും ചെയ്തു. കാലങ്ങളോളം കേടുപാടുകള്‍ കൂടാതെ ഈ ഗേഹം ഇങ്ങനെ തുടര്‍ന്നു.
ഇബ്റാഹീം നബിയുടെ നിര്‍മാണത്തിന് ശേഷം മക്കയിലെ അമാലിഖ, ജുര്‍ഹൂം വിഭാഗങ്ങള്‍ തങ്ങളുടെ അധികാര കാലങ്ങളില്‍ ഈ വിശുദ്ധ ഗേഹം പുനര്‍നിര്‍മിച്ചതായി കാണാം. അതിന്റെ പക്ഷേ, വിശദവിവരങ്ങള്‍ ലഭ്യമല്ല.
കാലക്രമേണ ഖുറൈശി ഗോത്രത്തിനായി കഅബയുടെ ചുമതല. അവരില്‍ പെട്ട ഖുസ്വയ്യുബ്നു കിലാബും ഇതിന്റെ പുനര്‍നിര്‍മാണം നടത്തുന്നുണ്ട്. കഅബക്ക് പരിസരത്ത് ദാറുന്നദവ സ്ഥാപിച്ചത് ഖുസ്വയ്യാണ്.
മുഹമ്മദ് നബിയുടെ കാലത്ത് ചില കേടുപാടുകള്‍ കാരണം മക്കയിലെ ഖുറൈശികള്‍ ക്രിസ്തബദം 605 ല്‍ ഇത് വീണ്ടും പുനര്‍നിര്‍മിച്ചു. ഒരു തീപിടത്തെ തുടര്‍ന്ന് ദുര്‍ബലമായി പോയിരുന്ന ചുമരുകള്‍ പിന്നീട് മഴവെള്ളപ്പാച്ചിലില്‍ പറ്റെ തകര്‍ന്നു. അതെ തുടര്‍ന്നായിരുന്നു ഈ നിര്‍മാണം. അവര്‍ ഗേഹത്തിന്റെ ഉയരം 18 മുഴമാക്കി ഉയര്‍ത്തി. കഅബക്ക് പാത്തി (മീസാബ്) സ്ഥാപിതമായത് ഈ നിര്‍മാണത്തിലൂടെയാണ്. കല്ലും മറ്റു സാമഗ്രികളും തികയാതെ വന്നതിനാല്‍ നേരത്തെ ഉണ്ടായിരുന്ന കുറച്ച് ഭാഗങ്ങള്‍ വെട്ടിക്കുറച്ചാണ് ഖുറൈശികള്‍ കഅബയുടെ നിര്‍മാണം നടത്തിയത്. ഇബ്റാഹീം നബി പണിത അതേ രൂപത്തില്‍ ഇരുഭാഗത്തും വാതില്‍ സ്ഥാപിച്ച് കഅബ പണിയാന്‍ താന്‍ ഉദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ അതൊരു ആശയക്കുഴപ്പത്തിന് വഴിവെക്കുമോ എന്ന് ഭയന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും നബി പറഞ്ഞതായി ഹസ്റത്ത് ആഇശ പ്രസ്താവിച്ചിട്ടുണ്ട്.
ഹിജ്റ 64 ല്‍ അബ്ദുല്ലാഹിബ്നു സുബൈറാണ് പിന്നെ ഇതിന്റെ പുനര്‍നിര്‍മാണം നടത്തിയത്. യസീദിന്റെ പട്ടാളത്തിന്റെ അക്രമത്തില്‍ കഅബയുടെ ഖില്‍അ കത്തുകയും മേല്ക്കൂരം തകരുകയും ചെയ്തപ്പോഴായിരുന്നു അത്. പ്രസ്തുത നിര്‍മാണത്തില്‍ കഅബയുടെ ഉയരം 27 മുഴമാക്കിയുയര്‍ത്തി.
ഹിജ്റ 74 ല്‍ ഹജ്ജാജ് ബ്നു യൂസുഫാണ് പിന്നെ കഅബയില്‍ കൈവെക്കുന്നത്. ഇബനു സുബൈറിന്റെ ചില നിര്‍മിതികളെ അദ്ദേഹം ഒഴിവാക്കി. പില്ക്കാലത്ത് ഖലീഫ ഹാറൂന്‍ റഷീദ് ഹജ്ജാജിന്റെ നിര്‍മിതികള്‍ മാറ്റി ഇബ്നു സൂബൈറിന്റെ തന്നെ രീതിയില്‍ പുനര്‍നിര്‍മിക്കാനും തീരുമാനിച്ചു. എന്നാല്‍ കഅബയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ നിര്‍മിതികള്‍ ഒഴിവാക്കണമെന്ന് ഇമാം മാലിക് തങ്ങള്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ആ ശ്രമം ഖലീഫ ഉപേക്ഷിച്ചു.
ഈ പരിഷ്കാരത്തിന് ശേഷം കാലങ്ങളോളം കഅബ അതേപടി തുടര്‍ന്നു. ഹി. 960 ല്‍ സുല്‍ത്താന്‍ സുലൈമാന്‍ മേല്‍ക്കൂര മാറ്റിപ്പണിതതും 1021 ല്‍ സുല്‍ത്താന്‍ അഹ്മദ് ഭിത്തികളുടെ കേട്പാടു തീര്‍ത്തതുമാണ് പിന്നെ നടന്ന അറ്റകുറ്റ പണികള്‍.
ഹി. 1039 ന് ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ കഅബക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അതെ തുടര്‍ന്ന് സുല്‍ത്താന്‍ മുറാദ്ഖാന്‍ കഅബയുടെ പുനര്‍നിര്‍മാണം നടത്തി. തുടര്‍ന്ന് 400 വര്‍ഷത്തോളമായി കേടുപാടുകളില്ലാതെ കഅബ നിലനിന്നു പോരുന്നു.
കഅബയുടെ പ്രധാന ഭാഗങ്ങള്‍
1. അര്കാന് (മൂലകള്‍)
നാലു മൂലകളാണ് കഅബക്കുള്ളത്. ഓരോന്നും ഓരോ പേരിലറിയപ്പെടുന്നു. റൂക്നുല് ഹജര്‍, റുക്നുല്‍ ഇറാഖി, റുക്നുശ്ശാമി, റുക്നുല്‍ യമാനി എന്നിവയാണവ.
2. ഹജറുല്‍ അസവദ്
കഅബയുടെ വടക്കു കിഴക്കെ മൂലയില്‍ ഭൂപ്രതലത്തില്‍ നിന്ന് ഒന്നര മീറ്റര്‍ ഉയരത്തിലുള്ള കറുത്ത കല്ലാണിത്. കല്ലിനു ചുറ്റും വെള്ളിയുടെ ഫ്രെയിമാണുള്ളത്. ഹജറുല്‍ അസവദ് ചുംബിച്ചോ സ്പര്‍ശിച്ചോ ആംഗ്യം കാണിക്കുകയുമെങ്കിലോ ചെയ്തു വേണം ത്വവാഫ് തുടങ്ങാന്‍. ത്വവാഫിന്റെ അവസാനവും അതിന്റെ അടുത്തെത്തുമ്പോഴാണ്.
3. വാതില്‍
280 കിലോഗ്രാം സ്വര്ണമുപയോഗിച്ചുണ്ടാക്കിയതാണ് കഅബയുടെ വാതില്‍. സുഊദി ഭരണാധികാരിയ വലീദുബ്നു അബ്ദില്‍ അസീസിന്റെ കാലത്ത് ഘടിപ്പിച്ച സ്വര്ണവാതിലാണ് ഇപ്പോള്‍ നിലവിലുള്ളത്. മൂന്ന് മീറ്റര്‍ ഉയരവും രണ്ടു മീറ്റര്‍ വീതിയും. ഇതില്‍ ഖുര്‍ആന്‍ സൂക്തങ്ങളും അല്ലാഹുവിന്റെ നാമങ്ങളും ഭംഗിയായി കാലിഗ്രഫിയില്‍ എഴുതിവെച്ചിട്ടുണ്ട്.
4. മുല്‍തസം
ഹജറുല്‍ അസവദിനും വാതിലിനുമിടയിലുള്ള സ്ഥലം. ത്വവാഫു ചെയ്യുന്നവര്‍ ഈ ഭാഗം കെട്ടിപ്പിടിച്ചു കരയുന്നതിനാലാണ് ഈ പേര് ലഭിച്ചത്. നബി തങ്ങള്‍ മുല്‍തസമില്‍ മുഖമമര്‍ത്തി കെട്ടിപ്പിടിച്ച് കരഞ്ഞതായും അവിടെ വെച്ച് നടത്തുന്ന പ്രാര്‍ഥന സ്വീകരിക്കപ്പെടുമെന്ന് തങ്ങള്‍ അരുള്‍ ചെയ്തതായും കാണാം.
5. മഖാമു ഇബ്റാഹീം
കഅബുയുടെ പുനര്‍നിര്‍മാണസമയത്ത് പടുക്കാനായി ഇബ്റാഹീം നബി കയറി നിന്ന കല്ലാണ് മഖാമു ഇബ്റാഹീം. നിര്‍മാണം പൂര്‍ത്തിയായ ഉടനെ ലോകജനങ്ങളോട് ഹജ്ജിനായി അദ്ദേഹം വിളംബരം ചെയ്തതും ഈ കല്ലില്‍ കയറി നിന്നായിരുന്നു. കഅബയുടെ കിഴക്ക് വാതിലിന്റെ നേര്‍ക്ക് ചമരില്‍ നിന്ന് പത്ത് മീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ ഇത് ചില്ലുചെയ്തു വെച്ചിരിക്കുന്നത്. മക്ക വിജയത്തിന് ശേഷം മുഹമ്മദ് നബിയാണ് അത് ഇന്നുള്ള സ്ഥാനത്ത് വെച്ചത്, ആദ്യകാലത്ത് കഅബയുടെ ചുമരിനോട് ചാരിയായിരുന്നു.
മഖാമു ഇബ്റാഹീമില്‍ വെച്ചു നിസ്കരിക്കുവാനും പ്രാര്‍ഥിക്കുവാനും വിശ്വാസികളോട് ഖുര്‍ആന്‍ പ്രത്യേകമായി ആവശ്യപ്പെടുന്നുണ്ട്.
6. മീസാബ്
മേല്‍ക്കൂരയില്‍ നിന്ന് വെള്ളം താഴോട്ട് ഒഴുകുന്നതിനായി സ്ഥാപിച്ച പാത്തിയാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. ഇതിന് നിലവില്‍ നാലുമുഴം നീളമുണ്ട്. പടിഞ്ഞാറെ ഭിത്തിക്ക് മുകളില്‍ ഹജ്റ് ഇസ്മാഈലിലേക്ക് വെള്ളം പതിക്കുന്ന രൂപത്തിലാണ് മീസാബുള്ളത്. ഹി. 1276 ല്‍ സുല്‍ത്താന്‍ അബ്ദുല്‍ മജീദാണ് സ്വര്‍ണത്താലുള്ള മീസാബ് പണിതത്.
7. ശാദര്‍വാന്‍
കഅബയുടെ ഭിത്തികള്‍ നിലകൊള്ളുന്ന അടിത്തറയാണ് ശാദര്‍വാന്‍. ഇതും ഹിജര്‍ ഇസ്മാഈലിന്റെ ഭാഗത്തുള്ള തറഭാഗവും കഅബയുടെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്.
8. കിസവ
കഅബയുടെ ഭിത്തികള്‍ പൂര്‍ണമായും മറയ്ക്കുന്ന തരത്തില്‍ അണിയിക്കുന്ന പുടവ. ഖില്‍അ എന്നും ഇതിന് പേരുണ്ട്. വര്ഷാവര്ഷങ്ങളില് അറഫാദിനത്തില് പുതിയ പുടവ കൊണ്ട് കഅബ മാറ്റിപ്പുതപ്പിക്കുന്നു. ഇബ്രാഹീം നബി തന്നെ ഭാഗികമായി ഈ മന്ദിരത്തെ വസ്ത്രമണിയിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ രീതിയിലുള്ള കിസവക്ക് തുടക്കം കുറിച്ചത് യമനിലെ രാജാവായിരുന്ന തുബ്ബഅ് ആണ്. തുടര്‍ന്ന് നബിയുടെ കാലത്ത് ഖുറൈശികളും മക്കാവിജയത്തിന് ശേഷം വിശ്വാസികളും ഈ രീതി തുടര്‍ന്നുപോന്നു.
ഖലീഫയായിരുന്ന മുആവിയയാണ് ചരിത്രത്തിലാദ്യമായി പട്ടുവസ്ത്രം കൊണ്ട് ഖില്ല അണിയിച്ചത്. അബ്ദുല്‍ മലിക് ബ്നു മര്വാന് തന്റെ ഭരണകാലത്ത് വെള്ളപ്പട്ടാണ് കഅബയെ അണിയിച്ചിരുന്നത്. അക്കാലത്തെല്ലാം ഈജിപ്തില്‍ നിന്ന് തയ്യാര്‍ ചെയ്തു കൊണ്ടുവരലായിരുന്നു ഈ പുടവ.
നിലവില്‍ കഅബ പുതപ്പിക്കുന്ന പട്ടും സ്വര്‍ണവും ചേര്‍ത്ത് തയ്യാറാക്കുന്ന ആധുനിക കിസവ സുഊദിയില്‍ തന്നെ നിര്‍മിക്കുന്നതാണ്. 1972 ല്‍ ഭരണാധികാരിയായിരുന്ന ഫൈസല്‍ രാജാവാണ് രാജ്യത്ത് ഇതിനായി പ്രത്യേകം ഫാക്ടറി സ്ഥാപിച്ചത്. ഏകദേശം 25 കോടി ഇന്ത്യന്‍ രൂപ ഇതിന്റെ നിര്‍മാണത്തിനായി സുഊദി ചെലവാക്കുന്നുണ്ട്.
ദുല്‍ഹജ്ജ് ഒമ്പതിനാണ് ഈ പുടവ കഅബയെ പുതപ്പിക്കാറ്. നേരത്തെ പനനീരും സംസവും ഉപയോഗിച്ച് കഅബ കഴുകും. ഓരോ വര്‍ഷവും പുതിയത് പുതപ്പിക്കുമ്പോള്‍ പഴയത് കഷ്ണങ്ങളാക്കി ഉന്നത വ്യക്തിത്വങ്ങള്‍ക്ക് സമ്മാനിക്കാറാണ് പതിവ്.
ഫത്ഹു മക്കയെ തുടര്‍ന്ന് നബിയും അനുചരരും ചേര്‍ന്ന് കഅബ സംസം തെളിച്ച് കഴുകി. ആ ശീലം ഇപ്പോഴും തുടര്‍ന്ന് പോരുന്നു. എല്ലാ വര്‍ഷവും ശഅബാന്‍ ഒന്നിനും ദുല്‍ഹിജ്ജ ഒന്നിനുമായി രണ്ടു തവണ ഈ പുണ്യ ഗേഹം കഴുകാറുണ്ട്.
ഹിജ്റ രണ്ടാം വര്‍ഷം ശഅബാന്‍ മാസത്തില്‍ ഈ മന്ദിരം മുസ്ലിംകളുടെ ഖിബലയാക്കി അല്ലാഹുവിന്റെ തീരുമാനമുണ്ടായി. അതു വരെ മസ്ജിദുല്‍ അഖ്സയിലേക്കായിരുന്നു വിശ്വാസികള്‍ നമസ്കരിക്കുമ്പോള്‍ തിരിഞ്ഞിരുന്നത്.
ഹിജ്റ എട്ടാം വര്‍ഷത്തിലാണ് വിഗ്രഹാരാധാകരായിരുന്ന മക്കക്കാരില്‍ നിന്ന് കഅബ വിമോചിപ്പിക്കപ്പെടുന്നത്. അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി ഭൂമിയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്ന ഈ ഗേഹത്തില്‍ വിമോചിപ്പിക്കുന്ന സമയത്ത് 360 ലേറെ ബിംബങ്ങളുണ്ടായിരുന്നുവെന്നാണ് ചരിത്രം. തുടര്‍ന്ന് വിശ്വാസികള്‍ കഅബയെ അതിന്റെ പവിത്രതയിലേക്ക് തിരിച്ചു നടത്തി.
കഅബയും പരിസരവും ഹറം എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരോധിത, ആദരണീയം എന്നൊക്കെയാണ് അറബിയില്‍ ഈ പദത്തിനര്‍ഥം. അവിടെ സസ്യങ്ങളെ നിശിപ്പിക്കുന്നതും മൃഗങ്ങളെ ഉപദ്രവിക്കുന്നതും അനുവദിനീയമല്ല. -കടപ്പാട്: ഇസ്ലാമിക വിജ്ഞാന കോശം-(www.islamonweb.net)